ഗോൾവേട്ടയിൽ ഒരേയൊരു രാജാവ്; 2023ൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി ക്രിസ്റ്റ്യാനോ
text_fields2023ൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന നേട്ടവും സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. റോഷൻ സൗദി ലീഗിൽ കരിം ബെൻസേമയടക്കമുള്ള താരനിരയടങ്ങിയ ടീമിനെതിരെ അൽ നസ്റിനായി പെനാൽറ്റിയിലൂടെ ഇരട്ട ഗോളുകൾ നേടിയാണ് 38കാരൻ ഗോൾവേട്ടക്കാരിൽ മുമ്പിലെത്തിയത്. 53 ഗോളാണ് പോർച്ചുഗീസുകാരന്റെ സമ്പാദ്യം. 52 ഗോൾ വീതം നേടിയ ബയേൺ മ്യൂണിക്കിന്റെ ഇംഗ്ലീഷ് താരം ഹാരി കെയിനിനെയും പി.എസ്.ജിയുടെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെയുമാണ് മറികടന്നത്. 50 ഗോൾ നേടിയ മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേക്കാരൻ എർലിങ് ഹാലണ്ടാണ് ഇവർക്ക് പിന്നിൽ. പട്ടികയിലെ മറ്റുള്ളവർക്ക് ഇനി മത്സരങ്ങളൊന്നും അവശേഷിക്കുന്നില്ലെങ്കിൽ ക്രിസ്റ്റ്യാനോക്ക് ഡിസംബർ 30ന് അൽ തആവുനുമായി ഒരു മത്സരം കൂടിയുണ്ട്. ഇരട്ട ഗോളോടെ കരിയറിലെ ഗോൾനേട്ടം 872ലെത്തിക്കാനും ക്രിസ്റ്റ്യാനോക്കായി.
14ാം മിനിറ്റിൽ അബ്ദുറസാഖ് ഹംദുല്ലയുടെ ഗോളിൽ മുന്നിലെത്തിയ അൽ ഇത്തിഹാദിനെതിരെ 19ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് ക്രിസ്റ്റ്യാനോ ഗോളടി തുടങ്ങിയത്. 38ാം മിനിറ്റിൽ ടലിസ്കയിലൂടെ അൽ നസ്ർ മുന്നിലെത്തി. എന്നാൽ, രണ്ടാം പകുതി തുടങ്ങിയയുടൻ ഹംദുല്ല അൽ ഇത്തിഹാദിനെ ഒപ്പമെത്തിച്ചു. 68ാം മിനിറ്റിൽ ലഭിച്ച രണ്ടാം പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ വീണ്ടും ടീമിനെ മുന്നിലെത്തിച്ചു. തുടർന്ന് സെനഗൽ സൂപ്പർ താരം സാദിയോ മാനെയുടെ ഊഴമായിരുന്നു. 72, 82 മിനിറ്റുകളിൽ മാനെ നേടിയ ഗോളുകളിൽ അൽ നസ്ർ ജയമുറപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.