സീസണുണരുന്നു; ഡ്യൂറൻഡ് കപ്പിനൊരുക്കം
text_fieldsബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ പോരാട്ടങ്ങളിലേക്ക് കടക്കുംമുമ്പ് ടീമുകൾക്ക് ഡ്യൂറൻഡ് കപ്പ് പരീക്ഷണം. ഏഷ്യയിലെ ഏറ്റവും പഴക്കംചെന്ന ടൂർണമെന്റായ ഡ്യൂറൻഡ് കപ്പിന്റെ 132ാം പതിപ്പ് ആഗസ്റ്റ് മൂന്നു മുതൽ സെപ്റ്റംബർ മൂന്നു വരെ കൊൽക്കത്തയിലെ യുവഭാരതി ക്രിരംഗൻ സ്റ്റേഡിയം, ഗുവാഹതിയിലെ ഇന്ദിര ഗാന്ധി സ്റ്റേഡിയം, കൊക്രജറിലെ സായി സെന്റർ മൈതാനം എന്നിവിടങ്ങളിലായി അരങ്ങേറും. നേരത്തേ ഇംഫാലാണ് വേദിയായി കണ്ടിരുന്നതെങ്കിലും കലാപം തുടരുന്ന മണിപ്പൂരിൽനിന്ന് വേദി മാറ്റുകയായിരുന്നു.
24 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ ഫിക്സ്ചർ പ്രഖ്യാപിച്ചു. 27 വർഷത്തിനുശേഷം വിദേശ ടീമുകൾ മടങ്ങിയെത്തുന്നു എന്നതാണ് സവിശേഷത.
നേപ്പാൾ സർവിസ് ടീമായ ത്രിഭുവൻ ആർമിയും ബംഗ്ലാദേശ് സർവിസ് ടീമായ ബംഗ്ലാദേശ് ആർമി ടീമും ഇത്തവണ മാറ്റുരക്കും. ഗ്രൂപ് സിയിലാണ് കേരള ബ്ലാസ്റ്റേഴ്സ്, ഗോകുലം കേരള, ബംഗളൂരു എഫ്.സി ടീമുകൾ ഉൾപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഐ.എസ്.എൽ പ്ലേഓഫിൽ ബംഗളൂരുവിനായി സുനിൽ ഛേത്രിയുടെ ഗോളും ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന് ലഭിച്ച സസ്പെൻഷനുമടക്കമുള്ള വിവാദത്തിന്റെ വൈരം എരിവേറ്റുന്ന മറ്റൊരു മത്സരത്തിന് ഡ്യൂറൻഡ് കപ്പ് സാക്ഷിയാകും.
കഴിഞ്ഞ സൂപ്പർ കപ്പിൽ കോഴിക്കോടുവെച്ച് ബംഗളൂരുവിനോട് വീണ്ടും ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയിരുന്നു. നിലവിലെ ജേതാക്കളാണ് ബംഗളൂരു. ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയുമായുള്ള മറ്റൊരു നാട്ടങ്കവും ഇതേ ഗ്രൂപ്പിൽ അരങ്ങേറും. 2019ലെ ഡ്യൂറൻഡ് കപ്പ് ചാമ്പ്യന്മാരാണ് ഗോകുലം കേരള. ഗ്രൂപ് എ ഈ സീസണിലെ ആദ്യ കൊൽക്കത്തൻ ഡർബിക്കും സാക്ഷിയാകും.
മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഈ ഗ്രൂപ്പിലാണുള്ളത്. ആറു ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരങ്ങളിൽ ഗ്രൂപ് ചാമ്പ്യന്മാർക്കു പുറമെ, രണ്ടു മികച്ച രണ്ടാം സ്ഥാനക്കാരും നോക്കൗട്ടിലേക്കു കടക്കും.
കേരള ബ്ലാസ്റ്റേഴ്സിനും ബംഗളൂരുവിനും പുറമെ, മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്, ഈസ്റ്റ് ബംഗാൾ എഫ്.സി, ചെന്നൈയിൻ എഫ്.സി, എഫ്.സി. ഗോവ, ഹൈദരാബാദ് എഫ്.സി, ജാംഷഡ്പുർ എഫ്.സി, മുംബൈ സിറ്റി എഫ്.സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, ഒഡിഷ എഫ്.സി എന്നിവയും ഈ വർഷം സ്ഥാനക്കയറ്റം ലഭിച്ച റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്.സിയും ഐ.എസ്.എൽ ടീമുകളായി ടൂർണമെന്റിലുണ്ട്.
ഐ ലീഗിലെ ഡൽഹി എഫ്.സി, ഗോകുലം കേരള, മുഹമ്മദൻ സ്പോർട്ടിങ്, രാജസ്ഥാൻ യുനൈറ്റഡ്, ഷില്ലോങ് ലജോങ് എഫ്.സി എന്നിവയും സർവിസ് ടീമുകളായ ഇന്ത്യൻ എയർഫോഴ്സ്, ഇന്ത്യൻ നേവി, ഇന്ത്യൻ ആർമി ടീമുകളും അണിനിരക്കും. ബോഡോ ലാൻഡ് ടീമും ഇത്തവണ പങ്കെടുക്കുന്നുണ്ട്. ഗ്രൂപ് ഡിയിലെ ഒരു ടീമിനെ പിന്നീട് തീരുമാനിക്കും. ഭൂട്ടാൻ ആർമി ടീം പങ്കെടുക്കുമെന്നും വിവരമുണ്ട്. ഐ.എസ്.എല്ലിന് മുന്നോടിയായി ടീം സെറ്റാവാനുള്ള മികച്ച അവസരമെന്ന നിലയിലാണ് ടീമുകൾ ഡ്യൂറൻഡ് കപ്പിനൊരുങ്ങുന്നത്.
ട്രോഫി ഇന്ന് കൊച്ചിയിൽ; ഏഴിമല നാവിക അക്കാദമിയിൽ പ്രദർശിപ്പിച്ചു
ജൂൺ 30ന് ഡൽഹിയിൽ തുടക്കമിട്ട ഡ്യൂറൻഡ് കപ്പ് ട്രോഫി പര്യടനം കേരളത്തിലെത്തി. കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ പ്രദർശിപ്പിച്ച ട്രോഫി വെള്ളിയാഴ്ച രാവിലെ 11ന് കൊച്ചിയിൽ ഇന്ത്യന്‍ നേവിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പ്രമുഖ ഫുട്ബാള്‍ താരങ്ങളുടെയും സാന്നിധ്യത്തില്‍ ഐ.എന്‍.എസ് വിക്രാന്ത് കപ്പലില്‍ അനാച്ഛാദനം ചെയ്യും. തുടർന്ന് ബംഗളൂരു, ഹൈദരാബാദ്, ഗുവാഹതി, കൊക്രജർ, ഷില്ലോങ്, ഐസോൾ വഴി ആഗസ്റ്റ് ഒന്നിന് കൊൽക്കത്തയിലെത്തിക്കും. ഡെറാഡൂൺ, ഉദ്ദംപുർ, പുണെ, മുംബൈ, ജയ്പുർ, കാർവാർ എന്നിവിടങ്ങളിലെ പ്രദർശനത്തിനുശേഷമാണ് കേരളത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.