കല്യാൺ ചൗബെ എത്രവേഗം സ്ഥാനം ഒഴിയുന്നുവോ, ഇന്ത്യൻ ഫുട്ബാളിന് അത്രയും നല്ലത് -സ്റ്റിമാക്
text_fieldsന്യൂഡൽഹി: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനെതിരെ (എ.ഐ.എഫ്.എഫ്) ഗുരുതര ആരോപണങ്ങളുമായി പുറത്താക്കപ്പെട്ട മുൻ ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്. ദേശീയ ടീമിന്റെ പരിശീലകനായുള്ള അഞ്ചു വർഷക്കാലം അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) ഭാഗത്തുനിന്ന് മതിയായ പിന്തുണ ലഭിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബേ എത്രയും പെട്ടെന്ന് സ്ഥാനമൊഴിഞ്ഞാൽ ഇന്ത്യൻ ഫുട്ബാളിന്റെ ഭാവിക്ക് അത്രയും നല്ലതാണെന്ന് ഓൺലൈൻ വാർത്തസമ്മേളനത്തിൽ സ്റ്റിമാക് പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിനാണ് ചൗബേ മുൻഗണന നൽകുന്നത്.
ഇന്ത്യൻ ഫുട്ബാളിന്റെ നന്മയെക്കുറിച്ചല്ല അദ്ദേഹത്തിന്റെ ചിന്ത. പ്രമുഖ താരങ്ങൾക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നതിലാണെന്നും സ്റ്റിമാക് കുറ്റപ്പെടുത്തി. ലോകത്തെ ഏറ്റവും ജനപ്രിയമായ കളിയാണ് ഫുട്ബാൾ. എന്നാൽ, ലോകത്ത് ഫുട്ബാൾ വളരാത്ത ഏക സ്ഥലം ഇന്ത്യയാണ്. ഐ.എം. വിജയൻ മികച്ച കളിക്കാരനായിരുന്നെങ്കിലും ടെക്നിക്കൽ കമ്മിറ്റി ചെയർമാനാകാൻ അനുയോജ്യനല്ല.
എ.ഐ.എഫ്.എഫ് പിന്തുണയില്ലാത്തതിനാൽ പരിശീലകനായി തുടരുക അസാധ്യമായിരുന്നെന്നും സ്റ്റിമാക്ക് അഭിമുഖത്തിൽ വ്യക്തമാക്കി. സമ്മർദം കാരണം ഹൃദയം തകരാറിലായി ശസ്ത്രക്രിയവരെ നടത്തേണ്ടിവന്നെന്നും സ്റ്റിമാക് വെളിപ്പെടുത്തി. ഷാജി പ്രഭാകരൻ സെക്രട്ടറിയായിരുന്ന കാലത്ത് കാര്യങ്ങൾ ഏറെ മെച്ചമായിരുന്നു. തന്റെ സഹപ്രവർത്തകർക്ക് ആവശ്യമായ ഉപകരണങ്ങൾപോലും എ.ഐ.എഫ്.എഫ് നൽകിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബോർഡിന് ചുറ്റും നിക്ഷിപ്ത, സ്വകാര്യ താൽപര്യക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.