മൂന്നു പതിറ്റാണ്ടിനു ശേഷം സ്റ്റഫോഡ് കപ്പ് തിരിച്ചുവരുന്നു; ഗോകുലവും കേരള യുനൈറ്റഡും കളിക്കും
text_fieldsബംഗളൂരു: രാജ്യത്തെ പഴക്കം ചെന്ന ഫുട്ബാൾ ടൂർണമെന്റുകളിലൊന്നായ സ്റ്റഫോഡ് ചലഞ്ച് കപ്പ് വീണ്ടും അണിയറയിലൊരുങ്ങുന്നു. 30 വർഷത്തെ ഇടവേളക്കുശേഷം സ്റ്റഫോഡ് കപ്പ് അരങ്ങേറുമ്പോൾ ഐ.എസ്.എല്ലിലെയും ഐ ലീഗിലെയും ടീമുകളുടെ റിസർവ് നിര അണിനിരക്കും.
കേരളത്തിൽനിന്ന് ഗോകുലം കേരള എഫ്.സിയും കേരള യുനൈറ്റഡും പങ്കെടുക്കും. ബംഗളൂരു എഫ്.സി, ചെന്നൈയിൻ എഫ്.സി, ഡെംപോ എഫ്.സി, ശ്രീനിധി എഫ്.സി എന്നിവയടക്കം 16 ടീമുകൾ പങ്കാളിത്തം ഉറപ്പുവരുത്തിയതായി സംഘാടകരായ കർണാടക ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) വൈസ് പ്രസിഡന്റായ എൻ.എ. ഹാരിസിന്റെ ഉദ്യമഫലമായാണ് ഏറെ പാരമ്പര്യമുള്ള ടൂർണമെന്റിന് വീണ്ടും ബംഗളൂരു വേദിയാകുന്നത്.
അടുത്ത വർഷം മുതൽ എ.ഐ.എഫ്.എഫിന്റെ കലണ്ടറിൽ ടൂർണമെന്റ് ഇടംപിടിക്കും. ഭാവിയിൽ അന്താരാഷ്ട്ര ക്ലബുകളെ ക്ഷണിതാക്കളായി പങ്കെടുപ്പിക്കും. ദശകങ്ങളായി ഇന്ത്യൻ ഫുട്ബാൾ ചരിത്രത്തിന്റെ ഭാഗമായിരുന്നു സ്റ്റഫോഡ് ചലഞ്ച് കപ്പ്. സ്റ്റഫോഡ് ഷെയർ റെജിമെന്റ് 1938ൽ അവതരിപ്പിച്ച വെള്ളിക്കപ്പിൽ വിൽഷെയർ റെജിമെന്റായിരുന്നു ആദ്യ രണ്ടു തവണയും മുത്തമിട്ടത്. 1941ൽ ബ്രിട്ടീഷ് ആധിപത്യത്തെ തകർത്ത് ബാംഗ്ലൂർ മുസ്‍ലിംസ് ക്ലബ് കിരീടം ചൂടി.
1993ൽ അവസാനം നടന്ന ടൂർണമെന്റിൽ ഐ.ടി.ഐ ബാംഗ്ലൂരും ചാമ്പ്യന്മാരായി. 1980ൽ ഇറാഖി യൂത്ത് ക്ലബും 82ൽ ഇറാഖ് എയർഫോഴ്സും 1990കളിൽ ഇറാഖി ഒളിമ്പിക്സ് ടീമും ജേതാക്കളായിരുന്നു. ഫെബ്രുവരി 23 മുതൽ ബാംഗ്ലൂർ ഫുട്ബാൾ സ്റ്റേഡിയത്തിലെ ടർഫ് മൈതാനത്ത് അരങ്ങേറുന്ന ടൂർണമെന്റിന്റെ ഫിക്സ്ചർ വൈകാതെ പ്രഖ്യാപിക്കും.
16 ടീമുകൾ നാല് ഗ്രൂപ്പുകളിലായി മത്സരിക്കും. ഗ്രൂപ് ജേതാക്കൾ സെമിയിലേക്ക് മുന്നേറും. വിജയികൾക്ക് രണ്ടര ലക്ഷം രൂപയും റണ്ണേഴ്സ് അപ്പിന് ഒന്നര ലക്ഷം രൂപയും സെമി ഫൈനലിസ്റ്റുകൾക്ക് അര ലക്ഷം രൂപ വീതവും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.