ബാലൺ ദ്യോർ നേടിയിരുന്നെങ്കിൽ വിനീഷ്യസിന് റയൽ നൽകേണ്ടിയിരുന്ന ബോണസ് തുക അറിയണോ?
text_fieldsപാരിസ്: കഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്ബാളർക്കുള്ള ബാലൺ ദ്യോർ പുരസ്കാരം ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രിയാണ് സ്വന്തമാക്കിയത്. ബ്രസീൽ വിങ്ങർ വിനീഷ്യസ് ജൂനിയറിനെ തഴഞ്ഞതിൽ പ്രതിഷേധിച്ച് റയൽ താരങ്ങളും ക്ലബ് അധികൃതരും ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.
കഴിഞ്ഞ സീസണിൽ ക്ലബിന് ചാമ്പ്യൻസ് ലീഗും ലാ ലിഗയും നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച വിനീഷ്യസിന് പുരസ്കാരം നൽകാത്തതാണ് റയൽ അധികൃതരെ ചൊടിപ്പിച്ചത്. ഇതോടെ വിവിധ പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ലഭിച്ചവർ ഉൾപ്പെടെ റയൽ മഡ്രിഡിന്റെ ആളുകൾ കൂട്ടത്തോടെ ചടങ്ങ് ബഹിഷ്കരിച്ചു. ഇത്തവണ പുരസ്കാരത്തിന് ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത് വിനീഷ്യസായിരുന്നു. എന്നാൽ,
താരത്തെ വോട്ടെടുപ്പിൽ പിന്തള്ളിയാണ് ഇരുപത്തിയെട്ടുകാരൻ റോഡ്രി ജേതാവായത്. പുരസ്കാരത്തിന്റെ വിവരങ്ങൾ സംഘാടകരുടെ പക്കൽനിന്ന് ചോർന്നതോടെ, ഇത്തവണ റോഡ്രിയാകും ജേതാവെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
ബാലൺ ദ്യോർ പുരസ്കാരത്തിൽ മൂന്നാം സ്ഥാനത്തെത്തിയ റയലിന്റെ ഇംഗ്ലീഷ് സ്ട്രൈക്കർ ജൂഡ് ബെലിങ്ഹാമും മികച്ച പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ട റയൽ പരിശീലകൻ കാർലോ ആഞ്ചലോട്ടിയും ചടങ്ങിനെത്തിയില്ല. കൂടാതെ, മികച്ച സ്ട്രൈക്കർക്കുള്ള പുരസ്കാരം ഹാരി കെയ്നുമായി പങ്കിട്ട കിലിയൻ എംബാപെയും വിട്ടുനിന്നു. പുരുഷ വിഭാഗത്തിൽ മികച്ച ക്ലബായി തെരഞ്ഞെടുക്കപ്പെട്ടതും റയൽ മഡ്രിഡായിരുന്നു. അതേസമയം, ബാലൺ ദ്യോർ പുരസ്കാര ജേതാവിന് സംഘാടകരായ ഫ്രഞ്ച് മാഗസിൻ ‘ഫ്രാൻസ് ഫുട്ബാൾ’ ക്യാഷ് അവാർഡ് നൽകുന്നില്ല. 18 കാരറ്റ് സ്വർണം കൊണ്ട് പൊതിഞ്ഞ ഫുട്ബാൾ ആകൃതിയിലുള്ളതാണ് പുരസ്കാരം.
എന്നാൽ, പല കബ്ലുകളും താരങ്ങളുമായി കരാറിലെത്തുമ്പോൾ ബാലൺ ദ്യോർ പുരസ്കാരത്തിന് പ്രത്യേക ക്ലോസ് ഉൾപ്പെടുത്താറുണ്ട്. ജേതാവാകുകയാണെങ്കിൽ താരത്തിന് ഇത്ര തുകയുടെ ബോണസ് നൽകുമെന്നതാണ് ക്ലോസ്. ബാലൺ ദ്യോർ നേടിയാൽ ഒമ്പത് കോടി രൂപ ബോണസായി നൽകുമെന്നാണ് റയൽ അധികൃതർ 24കാരനായ വിനീഷ്യയുമായി കഴിഞ്ഞ തവണ കരാർ പുതുക്കുമ്പോൾ പുതുതായി ഉൾപ്പെടുത്തിയത്. അവസാനമായി റയലിൽനിന്ന് ലോക ഫുട്ബാളിലെ നിറപ്പകിട്ടാർന്ന പുരസ്കാരം നേടിയത് മുൻ ഫ്രഞ്ച് താരം കരീം ബെൻസേമയാണ്. താരത്തിനും പ്രത്യേക ബോണസിനുള്ള ക്ലോസ് ഉൾപ്പെടുത്തിയിരുന്നു.
കൂടാതെ, പുരസ്കാര ജേതാവിന്‍റെ വിപണി മൂല്യം സ്വഭാവികമായും വർധിക്കും. ഇതുവഴി താരത്തിന്‍റെ പരസ്യവരുമാനത്തിലും മറ്റും വലിയ വർധയുണ്ടാകുമായിരുന്നു. ലോക ഫുട്ബാളിലെ ഏറ്റവും വലിയ വ്യക്തിഗത പുരസ്കാരം നേടിയതിലൂടെ വരുംദിവസങ്ങളിൽ റോഡ്രിയുടെ വിപണിമൂല്യം കുത്തനെ ഉയരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.