താരങ്ങൾ പറന്നിറങ്ങുന്നു; മെസ്സി 16ന്, നെയ്മർ, ക്രിസ്റ്റ്യാനോ 19ന്
text_fieldsദോഹ: കരുത്തിന്റെ ഉരകല്ലാവുന്ന വിശ്വപോരാട്ടങ്ങൾക്കായി കളിക്കൂട്ടങ്ങൾ ഖത്തറിന്റെ ആകാശത്തുനിന്ന് മണ്ണിലിറങ്ങുന്ന നാളുകളാണിനി. ആവേശം അണപൊട്ടുന്ന അന്തരീക്ഷത്തിൽ ദോഹയുടെ മണൽപരപ്പിലേക്ക് നക്ഷത്രകുമാരന്മാർ കാലുകുത്തുന്നതോടെ ഇവിടം ഫുട്ബാളിന്റെ വർത്തമാനങ്ങളിൽ നിറയും. ലോകം ഉറ്റുനോക്കുന്ന മഹദ് പോരാട്ടങ്ങൾക്കായി പടയണികൾ ഇന്നുമുതൽ പൂർണാർഥത്തിൽ ഖത്തറിലെത്തും. ദ പേളിലെ മാർസാ മലാസ് കെംപിൻസ്കിയിൽ യു.എസ്.എയുടെ താരകങ്ങളാമാണ് ആദ്യമെത്തുന്നത്. അമേരിക്കൻ സംഘം ഇന്ന് ഖത്തറിൽ പറന്നിറങ്ങും.
ജപ്പാന്റെയും അർജന്റീനയുടെയും കോച്ചിങ് സ്റ്റാഫിലെ ചിലർ ഇതിനകം ഖത്തറിലെത്തിയിട്ടുണ്ട്. അർജന്റീനയുടെ സൂപ്പർ കോച്ച് ലയണൽ സ്കലോണി ലോകകപ്പിന് ആദ്യമെത്തിയവരിൽ ഉൾപ്പെടുന്നു. ആധുനിക ഫുട്ബാളിലെ മിന്നുംതാരം ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ടീം ഈ മാസം 16നാണ് ഖത്തറിലെത്തുന്നത്. 14ന് യു.എ.ഇയിൽ സന്നാഹമത്സരം കളിച്ചശേഷമാണ് ടീം ദോഹയിലെത്തുക.
അതസമയം, നെയ്മറുടെ നേതൃത്വത്തിൽ കളത്തിലിറങ്ങുന്ന ബ്രസീലിന്റെ മഞ്ഞപ്പടയാണ് ഏറ്റവും ഒടുവിൽ എത്തുന്ന ടീമുകളിലൊന്ന്. നവംബർ 20ന് തുടക്കംകുറിക്കുന്ന ലോകകപ്പിനായി 19നാണ് ബ്രസീൽ വിമാനമിറങ്ങുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ പടനയിക്കുന്ന പോർചുഗലും 19നാണ് എത്തുക. ഇംഗ്ലണ്ടും നെതർലൻഡ്സും 15ന് എത്തുമ്പോൾ, നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് അർജന്റീനക്കൊപ്പം 16ന് ഖത്തർ മണ്ണിലെത്തും. ജർമനി 17നും സ്പെയിൻ 18നും വിമാനമിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.