‘സൂപ്പർ’ പോരാട്ടങ്ങൾക്ക് നാളെ തുടക്കം
text_fieldsമഞ്ചേരി: കാൽപന്തുകളിയുടെ ഹൃദയഭൂമിയിലേക്ക് മറ്റൊരു സൂപ്പർ പോരാട്ടം കൂടി. കേരളം ആദ്യമായി ആതിഥേയത്വം വഹിക്കുന്ന സൂപ്പർ കപ്പ് യോഗ്യത മത്സരങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും. രാജസ്ഥാൻ എഫ്.സിയും നെരോക്കാ എഫ്.സിയും തമ്മിലാണ് ആദ്യ പോരാട്ടം. ഒമ്പതിന് പയ്യനാട് സ്റ്റേഡിയത്തിലെ പ്രധാന മത്സരങ്ങളും ആരംഭിക്കും. ഒരു ദിവസം രണ്ട് മത്സരങ്ങൾ വീതമാണ് നടക്കുക. മത്സരത്തെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
എത്തുന്നത് ഐ.എസ്.എല്ലിലെ വമ്പന്മാർ
ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പന്മാരാണ് പയ്യനാടിന്റെ മണ്ണിലേക്ക് എത്തുന്നത്. മുൻ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സിയും മുംബൈ സിറ്റി എഫ്.സിയുമാണ് ഗ്ലാമർ ടീമുകൾ. ഒഗ്ബച്ചെയാണ് ഹൈദരാബാദിന്റെ കുന്തമുന. ഗ്രെഗ് സ്റ്റുവർട്ട് നയിക്കുന്ന മുംബൈ സിറ്റിയും മിന്നും പ്രകടനങ്ങൾ നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഇവർക്ക് പുറമെ ചെന്നൈയിൻ എഫ്.സി, ഈസ്റ്റ് ബംഗാൾ എഫ്.സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, ഒഡിഷ എഫ്.സി എന്നിവരും രണ്ട് ഗ്രൂപ്പുകളിലായി കളിക്കാനിറങ്ങും.ഇന്ത്യൻ സൂപ്പർ ലീഗിലെ 11 ടീമുകളും ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബും നേരിട്ട് യോഗ്യത നേടി. യോഗ്യത മത്സരങ്ങൾ ജയിച്ചെത്തുന്ന അഞ്ച് ടീമുകളും അടക്കം 16 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും.
സീസൺ ടിക്കറ്റിന് 1499
സൂപ്പർ കപ്പ് മത്സരങ്ങൾക്കുള്ള സീസൺ ടിക്കറ്റ് നിരക്കും പ്രഖ്യാപിച്ചു. 1499 രൂപയാണ് വില. മഞ്ചേരി കച്ചേരിപ്പടിയിലെ ഓർഗനൈസിങ് ഓഫിസിൽ ടിക്കറ്റുകൾ ലഭ്യമാകും. 250 രൂപയാണ് സാധാരണ ടിക്കറ്റ് നിരക്ക്. രണ്ട് കളികൾ കാണാനും സാധിക്കും. അവധിക്കാലമായതിനാൽ കുട്ടികൾക്ക് പ്രത്യേക ടിക്കറ്റ് നിരക്ക് നൽകുന്നത് ആലോചനയിലുണ്ടെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. മത്സരദിവസം ഉച്ചക്ക് രണ്ടുമുതൽ സ്റ്റേഡിയത്തിലെ കൗണ്ടർ വഴിയും ടിക്കറ്റ് ലഭിക്കും. ബുക്ക് മൈ ഷോ എന്ന ഓൺലൈൻ പ്ലാറ്റ് ഫോം വഴിയും ലഭ്യമാണ്.
സൂപ്പർ കപ്പ് ഫൈനലും മഞ്ചേരിയിലേക്ക്?
സൂപ്പർ കപ്പ് ഫൈനൽ മത്സരങ്ങൾ മഞ്ചേരിയിലേക്ക് മാറ്റാനുള്ള സാധ്യത ചർച്ചയിലുണ്ട്. കാണികളുടെ പിന്തുണ കൂടുതൽ മഞ്ചേരിയിൽ ഉണ്ടാകുമെന്ന വിലയിരുത്തലാണ് തീരുമാനത്തിന് പിറകിൽ. എന്നാൽ, സ്റ്റേഡിയത്തിലെ ശേഷി കോഴിക്കോടിനെ അപേക്ഷിച്ച് കുറവായത് സംഘാടകരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.
സന്തോഷ് ട്രോഫിയിലെ കാണികളുടെ പങ്കാളിത്തമാണ് മലപ്പുറം ജില്ലയിലേക്ക് രാജ്യത്തെ പ്രധാന ടൂർണമെന്റും കൂടി എത്തുന്നതിന് കാരണം. നിലവിൽ യോഗ്യത മത്സരങ്ങൾ അടക്കം 18 മത്സരങ്ങളാണ് പയ്യനാട് നടക്കുന്നത്. ഇതിൽ ഒരു സെമി ഫൈനലും ഉൾപ്പെടും. നിലവിൽ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി 25,000 ആണ്. എന്നാൽ, പ്രഫഷനൽ മത്സരമായതിനാൽ 15,000 ടിക്കറ്റുകൾ മാത്രമാണ് വിൽപന നടത്തുകയെന്നാണ് വിവരം.
വരുന്നു കെ.എസ്.എൽ?
ഇന്ത്യൻ സൂപ്പർ ലീഗ് മാതൃകയിൽ കേരള സൂപ്പർ ലീഗ് നടത്താൻ കേരള ഫുട്ബാൾ അസോസിയേഷൻ ആലോചനയിൽ. നിലവിൽ കേരള പ്രീമിയർ ലീഗ് നടക്കുന്നുണ്ടെങ്കിലും വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല. ഇത് മറികടക്കാനാണ് പുതിയ ടൂർണമെന്റ് സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.