ടീമുകളെത്തി; ഖത്തറിന് ഫുട്ബാൾ ഫീവർ
text_fieldsദോഹ: ജനുവരി മാസത്തിൽ ഉൾക്കിടിലം കൊള്ളിക്കുന്ന തണുപ്പിനൊപ്പം, ഖത്തറിന്റെ മണ്ണിൽ വീണ്ടും ഫുട്ബാൾ ഫീവർ പടരുന്നു. ഒരുവർഷം മുമ്പ് ലയണൽ മെസ്സിയുടെ കിരീടനേട്ടത്തോടെ ഒഴിഞ്ഞുപോയ കളിക്കാലത്തെ ഏഷ്യൻകപ്പ് ഫുട്ബാളിലൂടെ വീണ്ടും വരവേൽക്കുകയാണ് കളിമൈതാനങ്ങൾ. കിക്കോഫ് വിസിൽ മുഴങ്ങാൻ രണ്ടുദിവസം മാത്രം ശേഷിക്കെ, ടീമുകളെല്ലാം ദോഹയിലെത്തിക്കഴിഞ്ഞു.
ലോകകപ്പ് വേളയിൽ ദശലക്ഷം ആരാധകരുടെ സഞ്ചാരപഥമായ ദോഹ മെട്രോയും ആഘോഷ വേദിയായ ലുസൈൽ ബൊളെവാഡും സന്ദർശകരുടെ ഇടമായ സൂഖ് വാഖിഫും വീണ്ടും കളിയുത്സവത്തിരക്കിലേക്ക് നീങ്ങുന്നു. എങ്ങും, ഏഷ്യൻ കപ്പിനെ വരവേറ്റുകൊണ്ട് ഭാഗ്യമുദ്രകളുടെയും ഭാഗ്യചിഹ്നങ്ങളുടെയും മാതൃകയിൽ അലങ്കരിച്ചിരിക്കുന്നു. നഗരത്തിലെങ്ങും ഹോർഡിങ്ങുകളും ടീമുകളെ വരേവറ്റുകൊണ്ടുള്ള സന്ദേശങ്ങളുമായി തണുപ്പിനെ വെല്ലുന്ന കളിച്ചൂടിലമരുകയാണ് നാട്.
വിവിധ രാജ്യങ്ങളിലായി നടന്ന സന്നാഹ മത്സരങ്ങളും കഴിഞ്ഞ് അവസാന തയാറെടുപ്പുകളും പൂർത്തിയാക്കി കരുത്തരായ ആസ്ത്രേലിയയും ജപ്പാനും ദക്ഷിണ കൊറിയയും ഇറാനും ഉൾപ്പെടെ വമ്പൻ ടീമുകൾ കഴിഞ്ഞ ദിവസങ്ങളിലായി പോരാട്ടമണ്ണിലിറങ്ങി. ഡിസംബർ 30ന് ഇന്ത്യൻ ടീമിന്റെ വരവോടെ തുടങ്ങിയ ടീം വരവേൽപിൽ അവസാന സംഘമായി അയൽക്കാരായ യു.എ.ഇയും ചൊവ്വാഴ്ചയോടെ ദോഹയിലെത്തി.
വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം ഏഴിന് (ഇന്ത്യൻ സമയം 9.30) ആതിഥേയരും നിലവിലെ ജേതാക്കളുമായ ഖത്തറും ലെബനാനും തമ്മിലെ മത്സരത്തോടെ വൻകരയുടെ ഫുട്ബാൾ മാമാങ്കത്തിന് കിക്കോഫ് കുറിക്കുകയായി. സന്നാഹ മത്സരങ്ങളുടെ തിരക്കുകൾക്കൊടുവിലാണ് ടീമുകളെല്ലാം ബൂട്ടുകെട്ടുന്നത്.
ഇന്ത്യ ഒഴികെ 23 ടീമുകളും ഇതിനകം ഒന്നോ അതിലധികമോ സന്നാഹങ്ങൾ കഴിച്ചുകഴിഞ്ഞു. അതേസമയം, ആദ്യം ദോഹയിലെത്തിയ ടീമെന്ന നിലയിൽ പരിശീലനവും വർക്കൗട്ട് സെഷനുകളുമായാണ് ഇഗോർ സ്റ്റിമാകും സംഘവും ഏഷ്യൻകപ്പിനൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.