അണ്ടർ 20 ലോകകപ്പ് ഫുട്ബാളിന് ഇന്ന് അർജന്റീനയിൽ തുടക്കം
text_fieldsബ്വേനസ് എയ്റിസ്: ഭാവിയിലെ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും പിറവിയെടുക്കുന്ന അണ്ടർ 20 ലോകകപ്പ് ഫുട്ബാളിന് ഇന്ന് അർജന്റീനയിൽ തുടക്കം. ആദ്യ മത്സരത്തിൽ ഇന്ത്യൻ സമയം രാത്രി 11.30ന് ഗ്വാട്ടമാലയും ന്യൂസിലൻഡും ഏറ്റുമുട്ടും.
ഇതേസമയത്ത് യു.എസ്.എ എക്വഡോറിനെ നേരിടും. ആതിഥേയരായ അർജന്റീന ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 2.30ന് ഉസ്ബകിസ്താനെ നേരിടും. ഫിജിയും സ്ലോവാക്യയും മറ്റൊരു മത്സരത്തിൽ ഏറ്റുമുട്ടും. നാല് നഗരങ്ങളിലായാണ് ടൂർണമെന്റ്. ജൂൺ 11നാണ് ഫൈനൽ.
2021ൽ ഇന്തോനേഷ്യയിൽ നടക്കേണ്ടിയിരുന്ന 23ാമത് അണ്ടർ 20 ലോകകപ്പ് കോവിഡ് കാരണം ഈ വർഷത്തേക്ക് നീട്ടുകയായിരുന്നു. എന്നാൽ, ഇസ്രായേൽ പങ്കെടുക്കുന്നതിനെതിരെ രാജ്യത്ത് പ്രക്ഷോഭമുയർന്നതോടെ ഇന്തോനേഷ്യ കഴിഞ്ഞ മാർച്ചിൽ പിന്മാറി. തുടർന്നാണ് അർജന്റീനയിൽ പെട്ടെന്ന് ലോകകപ്പ് നടത്താൻ തീരുമാനിച്ചത്.
നിലവിലെ ജേതാക്കളായ യുക്രെയ്ൻ യുദ്ധക്കെടുതിയിലായതിനാൽ പങ്കെടുക്കുന്നില്ല. യൂറോപ്യൻ ജേതാക്കളായ ഇംഗ്ലണ്ട്, ലാറ്റിനമേരിക്കൻ മേഖലയിൽ ജേതാക്കളായ ബ്രസീൽ, ആഫ്രിക്ക കപ്പ് ജയിച്ച സെനഗാൾ എന്നിവരാണ് ഈ ലോകകപ്പിലെ കരുത്തർ. ആറ് തവണ ലോകകപ്പ് നേടിയ അർജന്റീന ഇത്തവണ യോഗ്യത നേടിയിരുന്നില്ല.
അവസാന നിമിഷം ആതിഥേയത്വത്തിന് സമ്മതം മൂളിയതിനാൽ അവസരം ലഭിക്കുകയായിരുന്നു. ഇതിഹാസ താരം യാവിയർ മഷറാനോയാണ് അർജന്റീനയുടെ പരിശീലകൻ. ചെൽസി മിഡ്ഫീൽഡർ കാർനി ചുകുവുമേക്ക ഇംഗ്ലണ്ടിനായി കളിക്കുന്നുണ്ട്. എന്നാൽ, പല ക്ലബുകളും ലോകകപ്പിനായി താരങ്ങളെ വിട്ടുകൊടുത്തിട്ടില്ല. യുറുഗ്വായ് സ്ട്രൈക്കർ അഇവാരോ റോഡ്രിഗ്വസിന് റയൽ മഡ്രിഡ് അനുമതി നൽകിയിട്ടില്ല.
ബ്രസീലിന്റെ വിറ്റോർ റോക്കെയെ അത്ലറ്റികോ പരാനിയൻസും റയലിന്റെ 16കാരൻ എൻഡ്രികും ബ്രസീൽ നിരയിൽ കളിക്കുന്നില്ല. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ അലയാന്ദ്രോ ഗാർനച്ചോയും റയലിന്റെ നികോളസ് പാസുമില്ലാതെയാണ് ആതിഥേയരായ അർജന്റീന ഇറങ്ങുന്നത്.
കിരീടസാധ്യതകളിൽ മുന്നിലുള്ള സെനഗാളിന്റെ വിംഗർ സാംബ ഡിയാലോയാണ് ഈ ലോകകപ്പിന്റെ ശ്രദ്ധിക്കപ്പെടുന്ന താരങ്ങളിൽ മുന്നിലുള്ളത്. ഭാവിയിലെ സാദിയോ മാനേ എന്നാണ് ഈ ഡയനാമോ കീവ് താരം അറിയപ്പെടുന്നത്. എക്വഡോറിന്റെ 16കാരൻ ഫോർവേഡ് കെൻഡരി പയസും ശ്രദ്ധേയ താരമാണ്.
നാല് ടീമുകൾ ആറ് ഗ്രൂപ്പുകളിലായാണ് മത്സരിക്കുന്നത്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരും ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാരും പ്രീക്വാർട്ടർ ഫൈനലിൽ കളിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.