റെഡ് സിഗ്നൽ കത്തിയിട്ടും വാഹനം മുന്നോട്ടെടുത്തു; അപകടത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് മെസ്സി
text_fieldsന്യൂയോർക്ക്: വാഹനാപകടത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. േഫ്ലാറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ വെള്ളിയാഴ്ചയാണ് സംഭവമെന്ന് സ്പാനിഷ് മാധ്യമമായ മാഴ്സ റിപ്പോർട്ട് ചെയ്തു. ട്രാഫിക്കിൽ റെഡ് സിഗ്നൽ കത്തിയിട്ടും മെസ്സി സഞ്ചരിച്ച കാർ മുന്നോട്ടെടുക്കുകയായിരുന്നു. ഈ സമയം മറ്റു വശങ്ങളിൽനിന്ന് വാഹനങ്ങൾ വന്നെങ്കിലും കൂട്ടിയിടിക്കാതെ രക്ഷപ്പെടുകയായിരുന്നു.
റോഡിലൂടെ കാർ കടന്നുപോകുന്നതിനിടെ ഒരു ആരാധകൻ ഫോട്ടോയെടുക്കാനായി ഓടിയെത്തിയിരുന്നു. ഇതിൽ ശ്രദ്ധ മാറിയതിനാലാണ് സിഗ്നൽ ശ്രദ്ധിക്കാതെ കാർ മുന്നോട്ടെടുത്തതെന്ന് പറയുന്നു. സംഭവത്തിന്റെ വിഡിയോ അർജന്റീന സ്‌പോർട്‌സ് ചാനലായ 'ടൈസി സ്‌പോർട്‌സ്' പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, മെസ്സിയുടെ കാറിന് മുന്നിലും പിന്നിലും പൊലീസിന്റെ എസ്‌കോർട്ട് വാഹനം ഉണ്ടായിരുന്നു. സൈറൻ ഇട്ടിരുന്നതിനാൽ, റെഡ് സിഗ്നൽ കത്തിയാലും കാർ മുന്നോട്ടെടുക്കാൻ മെസ്സിക്ക് അനുമതിയുണ്ടായിരുന്നെന്നും സൈറൺ കേട്ട് എതിരെ വന്ന വാഹനം വേഗത കുറച്ചതിനാലാണ് വൻ ദുരന്തം ഒഴിവായതെന്നും റിപ്പോർട്ടുണ്ട്.
ദിവസങ്ങൾക്ക് മുമ്പാണ് അമേരിക്കൻ ക്ലബായ ഇന്റർ മയാമിയോടൊപ്പം ചേരാൻ 36കാരൻ യു.എസിലെത്തിയത്. കഴിഞ്ഞ ദിവസം യു.എസിലെ സൂപ്പർ മാർക്കറ്റിൽ മെസ്സി ട്രോളിയുമായി പോകുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ജൂലൈ 21ന് ക്രൂസ് അസൂലിനെതിരെയാണ് മയാമി ജഴ്‌സിയിൽ മെസ്സിയുടെ അരങ്ങേറ്റ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.