ലോകകപ്പ് ഒറ്റക്ക് നടത്താൻ സൗകര്യമുണ്ട്; ആരുമായും പങ്കുവെക്കേണ്ട സാഹചര്യമില്ലെന്ന് സൗദി
text_fields2034ലെ ലോകകപ്പ് നടത്താൻ ആവശ്യമായ നഗരങ്ങളും സ്റ്റേഡിയങ്ങളും തങ്ങൾക്കുണ്ടെന്നും തനിച്ച് ആതിഥേയത്വം വഹിക്കുമെന്നും സൗദി ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് യാസർ അൽ മിസ്ഹൽ. മറ്റുരാജ്യങ്ങളുമായി ആതിഥേയത്വം പങ്കുവെക്കാൻ ഒരു ഉദ്ദേശ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞതായി വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ‘ലോകകപ്പ് സൗദിയിൽ മാത്രമാകും നടക്കുക. ഞങ്ങൾക്ക് ഒരുപാട് നഗരങ്ങളും മികച്ച സ്റ്റേഡിയങ്ങളുമുണ്ട്. ഒറ്റക്ക് ആതിഥേയത്വം വഹിക്കാനാണ് ഞങ്ങൾ ഒരുങ്ങുന്നത്’ -യാസർ അൽ മിസ്ഹൽ പറഞ്ഞു.
സൗദി ഫുട്ബാൾ അസോസിയേഷന്റെ വിശദീകരണത്തോടെ ഇന്ത്യയിലെ ഫുട്ബാൾ ആരാധകരുടെ ലോകകപ്പ് പ്രതീക്ഷക്കും വിരാമമാകുകയാണ്. 2034ൽ സൗദിയിൽ നടക്കുന്ന ഫിഫ ലോകകപ്പിലെ ഏതാനും മത്സരങ്ങൾ ഇന്ത്യയിൽ നടത്താൻ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് താൽപര്യമുണ്ടെന്നും അതിനു വേണ്ടിയുള്ള ചർച്ചകൾ ബന്ധപ്പെട്ടവരുമായി നടത്തുന്നുണ്ടെന്നും ഫെഡറേഷൻ അധികൃതർ അറിയിച്ചത് ഇന്ത്യയിലെ ഫുട്ബാൾ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. ആതിഥേയരായാൽ ഇന്ത്യക്കും ലോകകപ്പ് കളിക്കാൻ അവസരം ലഭിക്കുമായിരുന്നു. 48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിൽ 104 മത്സരങ്ങളാണ് ഉണ്ടാവുക.
ലോകകപ്പ് ആതിഥ്യം ഒന്നിലധികം രാജ്യങ്ങള്‍ക്ക് നല്‍കുന്നതിൽ ഫിഫ ഭരണസമിതിക്ക് അനുകൂല നിലപാടാണുള്ളത്. 2026ലെ ലോകകപ്പ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുമ്പോൾ 2030ല്‍ മൊറോക്കോ, പോര്‍ച്ചുഗല്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളാണ് ആതിഥേയരാവുക. ഫുട്ബാളിന്റെ ജനപ്രീതി വർധിപ്പിക്കാൻ സംയുക്ത ആതിഥ്യം പ്രോത്സാഹിപ്പിക്കുന്ന ഫിഫയുടെ ഈ നയത്തിലായിരുന്നു ഇന്ത്യന്‍ ഫുട്ബാൾ അസോസിയേഷൻ കണ്ണുവെച്ചിരുന്നത്.
2034ലെ ലോകകപ്പ് ആതിഥ്യത്തിനായി സൗദിക്കൊപ്പം മത്സരരംഗത്തുണ്ടായിരുന്ന ആസ്ട്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് നറുക്ക് വീണത്. ഏഷ്യ, ഓഷ്യാനിയ മേഖലയിൽനിന്ന് ടൂർണമെന്റ് നടത്തിപ്പിനുള്ള അപേക്ഷകൾ സ്വീകരിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 ആയി ഫിഫ നിശ്ചയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.