കള്ളൻ കൊണ്ടുപോയ കപ്പ്
text_fieldsഎട്ടാം ലോകകപ്പിന് പന്തുരുളുംമുമ്പായിരുന്നു ഫിഫയെയും ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷനെയും നാണക്കേടിലാക്കിയ മറ്റൊരു വിവാദം. ലോകകപ്പിനുള്ള ഒരുക്കങ്ങൾക്കിടെ ചാമ്പ്യന്മാരുടെ ട്രോഫി മോഷണം പോയിരിക്കുന്നു. ജൂലൈയിലാണ് കളി തുടങ്ങുന്നതെങ്കിൽ മാർച്ച് 20നായിരുന്നു ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ ഹാളിൽ സ്റ്റാമ്പെക്സ് എക്സിബിഷനിൽ പ്രദർശനത്തിനുവെച്ച ട്രോഫി കളവ് പോവുന്നത്.
ലോകചാമ്പ്യന്മാരായ ബ്രസീലിൽനിന്ന് സ്വീകരിച്ച തനിത്തങ്കത്തിൽ തീർത്ത യുൾറിമേ കപ്പ് സംഘാടകർ ലോക്കറിൽ സൂക്ഷിക്കാതെ ഒരു പരസ്യക്കമ്പനിക്ക് ലോകകപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രദർശനത്തിന് വെക്കാൻ നൽകിയപ്പോഴായിരുന്നു സംഭവം. മുഴുസമയം സുരക്ഷ ഒരുക്കണമെന്ന നിർദേശത്തിനിടെയായിരുന്നു മോഷ്ടാവ് കാവൽക്കാരുടെ കണ്ണുവെട്ടിച്ച് കപ്പ് അടിച്ചുമാറ്റിയത്. സെക്യൂരിറ്റി ഷിഫ്റ്റ് മാറ്റം കഴിഞ്ഞ് പരിശോധിക്കുമ്പോഴാണ് ഏറ്റവും ആകർഷകമായ ട്രോഫി കാണാതായ കാര്യം അറിയുന്നത്. വാർത്തയായി, ലോകം മുഴുവൻ അറിഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ അന്വേഷണം സജീവമായി. ഇതിനിടയിൽ, ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്‍റ് ജോ മിയേഴ്സിനെ തേടി നിരവധി അജ്ഞാത വിളികളുമെത്തി.
ഒടുവിൽ മാർച്ച് 27ന് യജമാനനൊപ്പം പാർക്കിൽ നടക്കാനിറങ്ങിയ പിക്ക്ൾസ് എന്ന വളർത്തുനായാണ് ട്രോഫി വീണ്ടെടുത്തത്. പേപ്പറിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പൊതിക്കുള്ളിലായിരുന്നു ട്രോഫി. അങ്ങനെ, ഏറെ ദിവസത്തെ നാണക്കേടിൽനിന്ന് ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷനെ പിക്ക്ൾസ് രക്ഷിച്ചു. പൊലീസ് അന്വേഷണം ഊർജിതമായപ്പോൾ വിൽക്കാനുള്ള ശ്രമം പാളിയ മോഷ്ടാവ് ട്രോഫി പാർക്കിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പിന്നീട് പൊലീസ് സ്ഥിരീകരിച്ചത്. അങ്ങനെ പിക്ക്ൾസ് ഫുട്ബാൾ ചരിത്രത്തിലെ മറ്റൊരു താരമായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.