മധുരക്കോപ്പയുമായി അവരെത്തി, പിറന്ന മണ്ണിന്റെ ആവേശത്തള്ളിച്ചയിലേക്ക്...VIDEO
text_fieldsബ്വേനസ് എയ്റിസ്: ഇരുളിലേക്കുയർന്ന് വർണം വിതറിയ വെടിക്കെട്ട്. നീലയും വെള്ളയും നിറത്തിൽ വർണക്കടലാസു കഷണങ്ങൾ അവർക്കുമേൽ വർഷിച്ചുകൊണ്ടിരുന്നു. അവർ നടന്നുനീങ്ങുന്ന വഴിയുടെ ഒരറ്റത്ത് ആ വലിയ ‘കോപ്പ’യിലേക്കും കടലാസുകഷണങ്ങൾ പറന്നിറങ്ങുന്നു. ആ കപ്പിനെ സാക്ഷിയാക്കി, ജനസഹസ്രങ്ങളുടെ ആവേശം പരകോടിയിലെത്തിച്ച് അവർ ജന്മനാടിന്റെ ആദരങ്ങളിലേക്ക് വിമാനമിറങ്ങി. കോപ്പ അമേരിക്കയിൽ കിരീടനേട്ടങ്ങളിൽ റെക്കോർഡിട്ട് നാട്ടിൽ തിരിച്ചെത്തിയ ലയണൽ മെസ്സിക്കും സംഘത്തിനും അർജന്റീന നൽകുന്നത് വീരോചിത വരവേൽപ്.
കോപ അമേരിക്കയിൽ 16 തവണ കപ്പിൽ മുത്തമിട്ട അർജന്റീന ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടനേട്ടങ്ങളെന്ന റെക്കോർഡ് സ്വന്തമാക്കി. 15 കിരീടനേട്ടങ്ങളുമായി ഉറുഗ്വെയാണ് രണ്ടാം സ്ഥാനത്ത്. മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് അർജന്റീന കിരീടം നിലനിർത്തിയത്.
അധികസമയത്തേക്ക് നീണ്ട കലാശക്കളിയുടെ 112-ാം മിനിറ്റിൽ ലൗതാരോ മാർട്ടിനെസിന്റെ ബൂട്ടിൽനിന്നായിരുന്നു വിജയചരിത്രം കുറിച്ച ഗോൾ. ഈ കളിയോടെ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഏയ്ഞ്ചൽ ഡി മരിയക്ക് സ്വപ്ന സമാനമായ വിടവാങ്ങലാണ് അർജന്റീന നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.