"ക്രിസ്റ്റ്യാനോ റൊണാൾഡോയെ കളിപ്പിക്കരുത്, എങ്കിൽ പോർച്ചുഗലിന് ഇത്തവണ യൂറോ കപ്പ് നേടാം"
text_fieldsപാരീസ്: ലൂയിസ് ഫിഗോ വിരമിച്ചതിന് ശേഷം 2006-ൽ പോർച്ചുഗീസ് ഫുട്‌ബാളിന്റെ അമരക്കാരനായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ലോകത്തെ ഒന്നാം നമ്പർ കളിക്കാരിൽ ഒരാളാണ്. ക്യാപ്റ്റന്റെ കുപ്പായമണിഞ്ഞ് ചരിത്രത്തിലാദ്യമായി പോർച്ചുഗലിനെ 2016 ൽ കിരീടത്തിലേക്ക് നയിച്ചതും ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ഈ വർഷം ജൂണിൽ ജർമനിയിൽ നടക്കുന്ന യൂറോകപ്പും ഏറെ പ്രതീക്ഷയോടെയാണ് സൂപ്പർതാരം നോക്കിക്കാണുന്നത്.
എന്നാൽ, കരിയറിന്റെ അവസാനത്തിലേക്ക് കടക്കുന്ന താരം ദേശീയ ടീമിന് ബാധ്യതയാണെന്ന ആക്ഷേപമാണ് ലോകത്തിെന്റ വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. റൊണോയുടെ സാന്നിധ്യം പ്രതിഭകളേറെയുള്ള പോർച്ചുഗലിന് തലവേദനയാണെന്ന അടക്കം പറച്ചിലുകൾ കഴിഞ്ഞ ലോകകപ്പിന് മുൻപേ ഉയർന്ന് കേട്ടതാണ്. അതിന്റെ തുടർച്ചയായിരുന്നു 2022 ഖത്തർ ലോകകപ്പിൽ താരം നേരിട്ട അവഗണയും. സൗദിയിലെ അൽ നസ്റിന് വേണ്ടി തകർപ്പൻ ഫോമിൽ തുടരുമ്പോഴും ആ വിമർശങ്ങൾക്ക് അയവ് വന്നിട്ടില്ല.
ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ പോർച്ചുഗൽ കിരീട സാധ്യത ഏറെയുള്ള ടീമാണെന്നും ക്രിസ്റ്റ്യാനോ കളിക്കാതിരുന്നാൽ അവർക്ക് ഇത്തവണ യൂറോ കപ്പ് നേടാനാകുമെന്നും മുൻ ഫ്രഞ്ച് ഡിഫൻഡറും ചെൽസി താരവുമായിരുന്ന ഫ്രാങ്ക് ലെബോഫ് പരിഹസിച്ചു.
റോബർട്ടോ മാർട്ടിനെസ് നിയന്ത്രിക്കുന്ന പോർച്ചുഗൽ എന്തുകൊണ്ടും യോഗ്യരാണ്. അവർ വിജയിക്കുന്നതിനുള്ള വ്യവസ്ഥ, മാർട്ടിനെസ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടൂർണമെൻറിൽ ഉപേക്ഷിക്കുക എന്നതാണെന്ന് ലെബോഫ് തുറന്നടിച്ചു.
"യൂറോപ്യൻ ചാമ്പ്യൻഷിപ്പിനുള്ള മികച്ച ടീമുകളിൽ ഒന്നാണ് പോർച്ചുഗൽ. അവർക്ക് യൂറോ നേടാനാകുമെന്ന് ഞാൻ കരുതുന്നു, പക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചില്ലെങ്കിൽ മാത്രം."
"സൗദി ലീഗിൽ വിരമിക്കാൻ പോയതുകൊണ്ട് മാത്രം റൊണാൾഡോ ഫുട്ബാളിന് വേണ്ടി ചെയ്തതൊന്നും നിങ്ങൾക്ക് എടുത്തുകളയാനാവില്ല. കായികരംഗത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയതിന് എനിക്ക് അദ്ദേഹത്തോട് നന്ദി പറയണം, പക്ഷേ എല്ലാവർക്കും ഒരു അവസാനമുണ്ട്"- ലെബോഫ് പറഞ്ഞു.
സൗദി പ്രൊ ലീഗിൽ അൽ നസ്റിന് വേണ്ടി തകർപ്പൻ ഫോമിലുള്ള താരം ദേശീയ ടീമിന് ഭാരമാകുമെന്ന വിലയിരുത്തലുകൾ ഫുട്ബാൾ ലോകം തള്ളുമോ കൊള്ളുമോ എന്ന് കണ്ടറിയേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.