കണ്ണൂരിനെ 2-1ന് കീഴടക്കി തിരുവനന്തപുരം കൊമ്പൻസ്
text_fieldsകോഴിക്കോട്: എതിരാളികളുടെ കാലുകളിൽ വെച്ചുകൊടുത്ത പന്തും ഗോളും വിധി നിർണയിച്ച കളിയിൽ ആവേശജയവുമായി തിരുവനന്തപുരം കൊമ്പൻസ്. ആദ്യം ഗോളടിച്ച് മുന്നിൽ നിൽക്കുകയും കളിയിൽ പലപ്പോഴും മേൽക്കൈ പുലർത്തുകയും ചെയ്തതിനൊടുവിലായിരുന്നു രണ്ടുവട്ടം തിരിച്ചുവാങ്ങി കണ്ണൂർ കണ്ണീരുമായി കളം വിട്ടത്.
24ാം മിനുട്ടിൽ അലിസ്റ്റർ അന്തോണി കണ്ണൂരിനെ മുന്നിലെത്തിച്ചു. തിരുവനന്തപുരം പ്രതിരോധപ്പട പന്ത് കൈമാറുന്നതിൽ വന്ന പിഴവിൽ നിന്നായിരുന്നു ഗോൾ. വലതു ഭാഗത്ത് കുതിച്ച അലിസ്റ്റർ പന്ത് ക്യാപ്റ്റൻ അഡ്രിയാൻ സെർഡിനെറോക്ക് കൊടുത്തു. ബോക്സിനകത്ത് കുതിച്ചെത്തിയ താരം പന്ത് അലിസ്റ്ററിലേക്കു കൈമാറി. ഇടതുവശത്തുനിന്നെടുത്ത ഷോട്ട് കൊമ്പൻസിന്റെ വലതുളച്ചു. 62ആം മിനിറ്റിൽ കൊമ്പൻസ് ഗോൾ മടക്കി. പാട്രിക് മോടയുടെ ഫ്രീ കിക്കിൽ നിന്ന് ഗോളിയെ നിഷ്പ്രഭമാക്കി ബിസ്പോയാണ് ടീമിനെ ഒപ്പമെത്തിച്ചത്. 84 ആം മിനിറ്റ്റിൽ പ്രതിരോധത്തിലെ വൻ പിഴവ് മുതലാക്കി 85 ആം മിനിറ്റിൽ കൊമ്പൻസ് വീണ്ടും ഗോളടിച്ചു. അക്മൽ ഷായാ ണ് ഗോളടിച്ചത്. മധ്യനിരയിൽ അപകടമൊഴിവാക്കാൻ കണ്ണൂർ താരം പിൻനിരയിലേക്ക് തട്ടി നൽകിയ പന്ത് ഗോളിയും പ്രതിരോധതാരവും അശ്രദ്ധമായി കൈവിട്ടപ്പോൾ അവസരം മുതലെടുത്ത് കൊമ്പൻസ് താരം ഷാ പോസ്റ്റിലേക്ക് തട്ടിയിടുകയായിരുന്നു. ഉരുണ്ടുകയറിയ പന്ത് അപകടമൊഴിവാക്കാൻ കണ്ണൂർ ഗോളി ഓടിയെത്തിയെങ്കിലും ഗോൾവര കടക്കുകയായിരുന്നു.
ഇതിനിടെയും ശേഷവും പലവട്ടം അവസരങ്ങൾ തുറന്ന് ഇരു ടീമും കളി കൊഴുപ്പിച്ചെങ്കിലും ഫലം കൊമ്പൻസിന് അനുകൂലമായി. ജയത്തോടെ തിരുവനന്തപുരം ടീം മൂന്നാം സ്ഥാനത്തേക്ക് കയറി. ആദ്യ മത്സരങ്ങളിൽ മികച്ച പ്രകടനവുമായി ആവേശം പകർന്ന കണ്ണൂരിനിത് ആദ്യ തോൽവിയാണ്.
അവസാന കളികളിലെ ഗംഭീര തിരിച്ചുവരവുമായി കാലിക്കറ്റ് എഫ്.സിയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. എട്ടു കളികളിൽ രണ്ടു പോയിന്റ് മാത്രം സമ്പാദ്യമുള്ള തൃശൂർ അവസാനവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.