ഇത് ക്ലിൻസ്മാന്റെ കൊറിയ
text_fields60 വർഷത്തിലേറെ നീളുന്ന കിരീട വരൾച്ച മാറ്റാനാണ് ദക്ഷിണ കൊറിയയുടെ പടപ്പുറപ്പാട്
ദോഹ: ഏഷ്യൻ ടൈഗേഴ്സ് എന്നാണ് ദക്ഷിണ കൊറിയൻ ഫുട്ബാളിന്റെ വിളിപ്പേര്. കുറിയ മനുഷ്യരുമായി കാൽപന്തു മൈതാനിയിൽ വിസ്മയം കുറിക്കുന്നവരുടെ കുതിപ്പിന് കഴിഞ്ഞ പതിറ്റാണ്ടുകളിലായി ലോകം പലതവണ സാക്ഷിയായതാണ്. കുറ്റിയുറപ്പുള്ള പ്രതിരോധവും കുതിരവേഗമുള്ള പ്രത്യാക്രമണവുമായി കൊറിയ കളം വാണപ്പോൾ ലോകകപ്പുകളിൽ അടിതെറ്റിയവർ ഏറെ. ഒരുവർഷം മുമ്പ് ഖത്തർ ലോകകപ്പിൽ പോർചുഗലിനെ തരിപ്പണമാക്കുകയും ഉറുഗ്വായെ വിറപ്പിക്കുകയും ചെയ്ത ദക്ഷിണ കൊറിയൻ ഫുട്ബാളിന് വീരചരിതങ്ങൾ ഏറെയുണ്ടെങ്കിലും ഏഷ്യൻ കപ്പിലെത്തുമ്പോൾ നിർഭാഗ്യങ്ങൾ ഇവർക്കെന്നും കൂടപ്പിറപ്പാണ്.
നിലവിൽ ഫിഫ റാങ്കിങ്ങിൽ 23ഉം ഏഷ്യൻ റാങ്കിങ്ങിൽ മൂന്നാം സ്ഥാനക്കാരുമായ ദക്ഷിണ കൊറിയ തങ്ങളുടെ ഭാഗ്യക്കേട് മാറ്റിയെഴുതാനാണ് ഇത്തവണ ഏഷ്യൻകപ്പിനെത്തുന്നത്. മികച്ച താരങ്ങളെ സൃഷ്ടിക്കുകയും അവർ ലോകവേദികളിൽ തിളങ്ങുകയും ചെയ്തിട്ടും കഴിഞ്ഞ 60 വർഷത്തിലേറെയായി ഏഷ്യൻ കിരീടത്തിൽ ദക്ഷിണ കൊറിയൻ മുത്തം പതിഞ്ഞിട്ടില്ല. നാല് ടീമുകൾ മാത്രം മാറ്റുരച്ച 1960ലെ ഏഷ്യൻ കപ്പിലായിരുന്നു ടീം അവസാനമായി വൻകരയുടെ കിരീടം ചൂടിയത്. പിന്നീട്, ടീമുകളുടെ എണ്ണം മെച്ചപ്പെടുകയും കളിയും കാഴ്ചയും മാറുകയും ചെയ്തപ്പോൾ ടൂർണമെന്റിന്റെ നിർണായക അങ്കങ്ങളിൽ പതറിവീഴുന്ന കൊറിയയായിരുന്നു എന്നത്തെയും കാഴ്ചകൾ. അവസാനമായി കിരീടം ചൂടിയശേഷം നാലുതവണ ടീം ഫൈനലിൽ വീണു. മൂന്നുതവണ റണ്ണേഴ്സ് അപ്പായി മടങ്ങി. 2019ൽ ക്വാർട്ടർ ഫൈനലിൽ പുറത്താകാനായിരുന്നു വിധി.
ലോകകപ്പ് ഫുട്ബാളിൽ അട്ടിമറി വീര്യവുമായി പ്രീക്വാർട്ടറിലെത്തിയ ദക്ഷിണ കൊറിയയെ ബ്രസീൽ നാല് ഗോളിനായിരുന്നു തകർത്തത്. ശക്തമായ ടീം ലൈനപ്പും ലോകോത്തര താരങ്ങളുമെല്ലാമുണ്ടായിട്ടും വമ്പൻ ടൂർണമെന്റുകളിൽ കിരീടയാത്രയിൽ പച്ചതൊടുന്നില്ലെന്നത് കൊറിയൻ യാഥാർഥ്യമാണ്. ഇത്തവണ, ഈ നിർഭാഗ്യം മറികടക്കാൻ ചാമ്പ്യൻ പരിശീലകൻ ജർമനിയുടെ യുർഗൻ ക്ലിൻസ്മാനുമായാണ് ദക്ഷിണ കൊറിയ വരുന്നത്. കഴിഞ്ഞ ലോകകപ്പിന് പിന്നാലെ പുറത്തായ പൗലോ ബെന്റോയുടെ പിൻഗാമിയായി കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് ക്ലിൻസ്മാൻ സ്ഥാനമേൽക്കുന്നത്. ചുമതലയേറ്റ് ഒരു വർഷത്തിനകം ടീമിന് മികച്ച വിജയങ്ങളുടെ റെക്കോഡ് സമ്മാനിച്ചാണ് ക്ലിൻസ്മാന്റെ യാത്ര. ലോകകപ്പും യൂറോകപ്പും കോൺകകാഫും ഉൾപ്പെടെ വമ്പൻ കിരീടനേട്ടങ്ങളുടെ പരിചയസമ്പത്തുള്ള ക്ലിൻസ്മാൻ മാജിക് ദക്ഷിണ കൊറിയ ഖത്തറിൽ പ്രകടിപ്പിക്കുമെന്നുതന്നെ പ്രതീക്ഷിക്കാം.
സണ്ണും കിമ്മും കൂടിയൊരു കൊറിയ
മികച്ച താരങ്ങളുടെ വലിയൊരു പാക്കേജാണ് ദക്ഷിണ കൊറിയൻ ഫുട്ബാൾ. ക്ലബ് ഫുട്ബാളും ഗ്രാസ് റൂട്ട് പദ്ധതികളും കൊറിയയെ താരങ്ങളുടെ നഴ്സറിയാക്കി മാറ്റുന്നു. പ്രീമിയർ ലീഗ് ഉൾപ്പെടെ വിവിധ യൂറോപ്യൻ, ഏഷ്യൻ ലീഗുകളിൽ അവരുടെ താരസാന്നിധ്യം ശ്രദ്ധേയമാണ്. ടോട്ടൻഹാമിന്റെ ഗോൾ മെഷീൻ സൺ ഹ്യൂങ് മിനിൽ തുടങ്ങി, ഏഷ്യൻ ക്ലബ് ഫുട്ബാളിലെ ഏറ്റവും വിലപ്പെട്ട താരമായി ബയേൺ മ്യൂണികിലേക്ക് കൂടുമാറിയ പ്രതിരോധനിരക്കാരൻ കിം മിൻ ജേ ഉൾപ്പെടെ വമ്പൻ താരങ്ങളാണ് നിലവിലെ കൊറിയൻ കരുത്ത്.
ഏറ്റവും മികച്ച ഫുട്ബാളർക്കുള്ള ബാലൺ ഡി ഓർ പുരസ്കാരത്തിന്റെ 30 അംഗ പട്ടികയിൽ ഇടംനേടിയ ഏക ഏഷ്യൻ താരംകൂടിയായിരുന്നു ബയേണിന്റെ പ്രതിരോധകോട്ടയിലെ വൻമതിലായ കിം. മുൻ സീസണിൽ നാപോളിയെ ഇറ്റാലിയൻ സിരി ‘എ’ കിരീടത്തിലേക്ക് നയിച്ച പ്രകടനവുമായാണ് 27കാരൻ ലോകത്തെതന്നെ വിലപ്പെട്ട പ്രതിരോധതാരമായി മാറിയത്. ദക്ഷിണ കൊറിയൻ പ്രതിരോധത്തിന് കിം നേതൃത്വം നൽകുമ്പോൾ ഗോളടിക്കാനും ആക്രമിക്കാനും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വിലപ്പെട്ട താരങ്ങളായ ഹ്യൂങ് മിൻ സണും വൂൾവ്സിന്റെ ഹ്വാങ് ഹി ചാനുമുണ്ട്.
നിലവിൽ പ്രീമിയർ ലീഗിലെ ഗോൾ സ്കോറിങ് പട്ടികയിൽ മൂന്നും ആറും സ്ഥാനത്താണ് ഇരു കൊറിയക്കാരും. ഇവർക്കൊപ്പം ലീ ജേ സുങ്, നൂറിലേറെ ദേശീയമത്സരങ്ങൾ കളിച്ച പ്രതിരോധക്കാരൻ കിം യുങ് വോങ്, പി.എസ്.ജിയുടെ മധ്യനിര താരം ലീ കാങ് എന്നിവരുടെ ക്രിയേറ്റീവ് നീക്കങ്ങൾ എന്നിവ കൂടിയാകുമ്പോൾ സണിനെ തളച്ച് കളിപിടിക്കാമെന്ന എതിരാളികളുടെ തന്ത്രങ്ങൾ വിലപ്പോവില്ല.
ഏറ്റവും മികച്ച സംഘത്തെ കോച്ച് ക്ലിൻസ്മാൻ എങ്ങനെ അവതരിപ്പിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഏഷ്യൻകപ്പിലെ കൊറിയൻ യാത്ര.
നിലവിലെ യാത്രയിൽ കൊറിയക്ക് പ്രതീക്ഷിക്കാൻ ഏറെയുണ്ട്. കഴിഞ്ഞ ജൂൺമുതൽ അപരാജിതമായാണ് ടീമിന്റെ കുതിപ്പ്. സൗദി ഉൾപ്പെടെ ടീമുകൾക്കെതിരെ തുടർച്ചയായ അഞ്ചു ജയങ്ങൾ. തോൽവിയറിയാത്ത ഏഴ് മത്സരങ്ങൾ. ഏഷ്യൻകപ്പ് ഗ്രൂപ് റൗണ്ടിൽ ബഹ്റൈൻ, ജോർഡൻ, മലേഷ്യ ടീമുകളാണ് എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.