ഇത് രാഹുൽ സ്റ്റൈല് ഡാ....; രാഹുൽ കെ.പിക്ക് ഒഡിഷ എഫ്.സിയിൽ മാസ് എൻട്രി
text_fieldsകേരള ബ്ലാസ്റ്റേഴ്സിന്റെ പോസ്റ്റർ ബോയ് ആയിരുന്ന രാഹുൽ കെ.പിക്ക് ഒഡിഷ എഫ്.സിയിൽ മാസ് എൻട്രി! പുതിയ ക്ലബ്ബിലെത്തിയ ശേഷമുള്ള ആദ്യ മത്സരത്തിൽതന്നെ ആദ്യ ഇലവനിലിറങ്ങിയ രാഹുൽ കെ.പി ഒഡിഷയെ തോൽവിയിൽനിന്ന് കാത്ത സമനിലഗോളിന് വഴിവെച്ചു. ഒറ്റ മത്സരത്തോടെ കോച്ച് സെർജിയോ ലൊബേറയുടെ വിശ്വാസംകാത്ത മലയാളിപ്പയ്യന് ഒഡിഷയിൽ ആരാധകരുമേറി.
ഇന്ത്യൻ സൂപ്പർ ലീഗിൽ വ്യാഴാഴ്ച രാത്രി ചെന്നൈയിൽ നടന്ന ചെന്നൈയിൻ എഫ്.സിക്കെതിരായ മത്സരത്തിലാണ് ഒഡിഷക്കായി രാഹുലിന്റെ സ്വപ്ന തുടക്കം. കളിയുടെ ആദ്യ പുകതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയുടെ 48, 53 മിനിറ്റുകളിൽ ക്യാപ്റ്റൻ കോണോർ ഷീൽഡ്സും അറ്റാക്കർ വിൽമർ ജോർഡനും ചേർന്ന് നടത്തിയ ഡബ്ൾ അറ്റാക്കിൽ പിറന്ന ഇരട്ടഗോളുകളിൽ സ്വന്തം മൈതാനത്ത് ചെന്നൈയിൻ വിജയ തീരത്തായിരുന്നു.
വിൽമർ നേടിയ രണ്ടുഗോളിന്റെയും അസിസ്റ്റ് കോണോറിന്റെയായിരുന്നു. എന്നാൽ, 61 ആം മിനിറ്റിൽ പ്രതിരോധ നിരയിൽനിന്ന് കാർലോസ് ദെൽഗാഡോയെ പിൻവലിച്ച് കോച്ച് സെർജിയോ ലൊബേറ അറ്റാക്കറായ ഡിയഗോ മൗറീഷ്യോയെ കളത്തിലേക്ക് ഇറക്കിവിട്ടതോടെ കളി തിരിഞ്ഞു. 90 ആംമിനിറ്റിൽ മൗറീഷ്യോയുടെ അസിസ്റ്റിന് പോസ്റ്റിൽ വീണുനിരങ്ങി ഡോറിയുടെ ഒരു ടച്ച്. പന്ത് ചെന്നൈ വലയിൽ ! റഫറി അനുവദിച്ചത് എട്ടുമിനിറ്റിന്റെ അധിക സമയം. ആ എട്ടാം മിനിറ്റിൽ ചെന്നൈ ബോക്സിലേക്ക് ഹ്യൂഗോ ബോമസിന്റെ കിക്ക് പറന്നുവരുന്നു. മൗറീഷ്യോ പന്ത് വലയിലേക്ക് തിരിച്ചെങ്കിലും ഗോൾ കീപ്പർ നവാസ് തടഞ്ഞിട്ടത് രാഹുലിന്റെ പിന്നിലേക്കാണ് വന്നുവീണത്. തൽക്ഷണം പുറംതിരിഞ്ഞ രാഹുലിന്റെ വക തകർപ്പൻ ബൈസിക്കിൾ കിക്ക്. ഇടതുപോസ്റ്റിൽ തട്ടിയ പന്ത് ഗോൾകീപ്പർ നവാസിന്റെ ദേഹത്തുതട്ടി വലയിലേക്ക്.
സെർജിയോ ലൊബേറയുടെ തന്ത്രങ്ങളുടെ ആവനാഴിയിൽ രാഹുൽ കെ.പിക്ക് അവസരങ്ങളേറെയുണ്ടെന്നാണ് ഒഡിഷക്കായുള്ള രാഹുലിന്റെ ആദ്യ കളി നൽകുന്ന സൂചന. കേരള ബ്ലാസ്റ്റേഴ്സിൽ ഏഴാംനമ്പർ ജഴ്സിയണിഞ്ഞ താരത്തിന് ഒഡിഷ 77 ആം നമ്പർ ജഴ്സിയും സമ്മാനിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവർഷം കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന തൃശൂർ സ്വദേശിയായ 24 കാരൻ സീസണിന്റെ പാതിയിൽവെച്ചാണ് ക്ലബ്ബുമായുള്ള പരസ്പര ധാരണയോടെ ടീം വിട്ടത്.
റൈററ്‍വിങ്ങറായ രാഹുൽ കെ.പിയുടെ സ്ഥാനത്ത് കോറോസിങ് താരതമ്യേന മികച്ച പ്രകടനം കാഴ്ചവെച്ചതോടെ രാഹുൽ ബ്ലാസ്റ്റേഴ്സിൽ പകരക്കാരുടെ ബെഞ്ചിലേക്ക് ഒതുങ്ങി. ഗോൾ സ്കോറിങ് കുറവാണെന്ന വിമർശനവും ആരാധകരിൽനിന്ന് ലഭിച്ചു. അഞ്ചു വർഷത്തിനിടെ ബ്ലാസ്റ്റേഴ്സിനായി 76 മത്സരങ്ങൾ കളിച്ചെങ്കിലും ഒമ്പതു ഗോളാണ് ക്രെഡിറ്റിലുള്ളത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 11 മത്സരങ്ങളിൽനിന്ന് ഒറ്റ ഗോൾമാത്രമായിരുന്നു നേട്ടമെങ്കിൽ വെടിക്കെട്ട് പ്രകടനത്തോടെയാണ് ഒഡിഷയിലെ അരങ്ങേറ്റം. ഇഷ്ട പൊസിഷനായ റൈറ്റ് വിങ്ങിൽതന്നെയാണ് ഒഡിഷയിലും സ്ഥാനം. രണ്ടുവർഷത്തേക്കാണ് ഒഡിഷയുമായുള്ള കരാർ. ബാസ്റ്റേഴ്സ് വിട്ടെങ്കിലും പുതിയ ജഴ്സിയിൽ രാഹുലിന് തിളക്കമാർന്ന അങ്ങേറ്റം ലഭിക്കുമ്പോൾ മലയാളി ആരാധകർക്കും സന്തോഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.