ചാമ്പ്യന്മാരും ക്രിസ്റ്റ്യാനോയും വീണു; ബെൽജിയം ക്വാർട്ടറിൽ
text_fieldsലിസ്ബൺ: കിരീടം നിലനിർത്താൻ പോർച്ചുഗലും ഏറ്റവും വലിയ ഗോൾവേട്ടക്കാരനാകാൻ ക്രിസ്റ്റ്യാനോയും ഒന്നിച്ചുപൊരുതിയിട്ടും ലോക റാങ്കിങ്ങിലെ ഒന്നാമന്മാർക്ക് മുന്നിൽ അടിതെറ്റി. തൊർഗൻ ഹസാർഡ് നേടിയ ഏക ഗോളിന് പോർച്ചുഗലിനെ മറികടന്ന ബെൽജിയം യൂറോ 2020 ക്വാർട്ടർ ഫൈനലിൽ. വെള്ളിയാഴ്ച ഇറ്റലിയാണ് അവസാന എട്ടിൽ ബെൽജിയത്തിന് എതിരാളികൾ.
കരുതിയും കാത്തും മൈതാനത്തിെൻറ മധ്യത്തിൽ കളി നിയന്ത്രിച്ച ഇരു ടീമുകളും പുലർത്തിയ ശാന്തതയുടെ ചിറ തകർത്ത് ഒന്നാം പകുതി അവസാനിക്കാനിരിക്കെയാണ് ഹസാർഡ് 25 വാര അകലെ നിന്ന് ഗോളിലേക്ക് വെടിപൊട്ടിച്ചത്. 42ാം മിനിറ്റിൽ മൈതാനത്തിെൻറ മധ്യത്തിൽനിന്ന് പന്തുമായി അതിവേഗം കുതിച്ചുപാഞ്ഞായിരുന്നു ബൊറൂസിയ ഡോർട്മണ്ട് താരത്തിെൻറ കിടിലൻ ഡ്രൈവ്.
രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് കുന്തമുനയായ ബ്രൂണോ ഫെർണാണ്ടസിനെയും ഒപ്പം ജൊആവോ ഫെലിക്സിനെയും പരീക്ഷിച്ച് പോർച്ചുഗൽ റഫറി ഫെർണാണ്ടോ സാേൻറാസ് തിരിച്ചുവരവിന് നീക്കം സജീവമാക്കിയെങ്കിലും ബെൽജിയം വഴങ്ങിയില്ല. കളി അവസാനിക്കാൻ 10 മിനിറ്റ് ശേഷിക്കെ പോർച്ചുഗൽ മുന്നേറ്റം ഗോളിലെത്തിയെന്നു തോന്നിച്ചെങ്കിലും പോസ്റ്റിൽ തട്ടി മടങ്ങി.
അതിനിടെ, എഡൻ ഹസാർഡും കെവിൻ ഡി ബ്രൂയിനും പരിക്കുമായി മടങ്ങിയത് ബെൽജിയത്തിന് കനത്ത ഭീഷണിയാകും. രണ്ടാം പകുതിയുടെ തുടക്കത്തിൽ ജൊആവോ പാലിഞ്ഞയുടെ ടാക്ലിങ്ങിൽ കാലിനേറ്റ പരിക്കുമായി കളംവിട്ട ഡി ബ്രുയിെൻറ പരിക്ക് സാരമുള്ളതാണ്. ഇന്ന് പരിശോധനകളിൽ കാര്യമായ പ്രശ്നമില്ലെങ്കിൽ മാത്രമേ വെള്ളിയാഴ്ച ഇറങ്ങൂ.
കളിയിൽ പൂർണാർഥത്തിൽ തിരിച്ചുവരവ് ആഘോഷമാക്കി തുടങ്ങുന്നതിനിടെയാണ് ഹസാർഡിനെ വീണ്ടും പരിക്ക് വലക്കുന്നത്.
മറുവശത്ത്, ഏറ്റവും കൂടുതൽ രാജ്യാന്തര ഗോളുകളെന്ന അലിദായിയുടെ റെക്കോഡിനൊപ്പമെത്തിയ റൊണാൾഡോക്ക് ദേശീയ കുപ്പായത്തിൽ ചരിത്രം കുറിക്കാനുള്ള മുഹൂർത്തമാണ് വഴുതിയത്. 109 ഗോളുകളാണ് ദേശീയ ജഴ്സിയിൽ ഇരുവരും നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.