സന്തോഷ് ട്രോഫിയിൽ തൊട്ട് മൂന്നു തലമുറയിലെ താരങ്ങൾ
text_fieldsകൊച്ചി: അത്യാഹ്ലാദത്തോടെ കേരളം സ്വന്തമാക്കിയ സന്തോഷ് ട്രോഫിയിൽ തൊട്ടും തലോടിയും മലയാളികൾ നെഞ്ചേറ്റിയ മൂന്നു തലമുറയിലെ കാൽപന്ത് കളിയിലെ താരങ്ങൾ. മലയാളക്കരയുടെ പുത്തൻ ചങ്കുകളായ താരങ്ങളുടെ കൈപിടിച്ച് മുൻ ജേതാക്കളും കോച്ചുമാരും സന്തോഷം പങ്കുവെച്ചു.
വി.പി.എസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീമിനെ അനുമോദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങാണ് അപൂര്‍വ സംഗമത്തിന് വേദിയായത്. കേരള ടീമിന് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. സംസ്ഥാനത്തിന് സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുത്ത മുന്‍ നായകന്മാരായ കുരികേശ് മാത്യു (1993), വി. ശിവകുമാര്‍ (2001), സില്‍വസ്റ്റര്‍ ഇഗ്‌നേഷ്യസ് (2004), രാഹുല്‍ രാജ് (2018) എന്നിവരും ഐ.എം. വിജയന്‍, ജോപോള്‍ അഞ്ചേരി, ആസിഫ് സഹീര്‍ തുടങ്ങിയവരും നിലവിലെ ചാമ്പ്യന്‍ ടീമിനും അണ്ടര്‍ 18 കേരള ടീമിനുമൊപ്പം സന്തോഷ് ട്രോഫി തൊട്ടു.
കേരളത്തിന് രണ്ടാം സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുത്ത നായകന്‍ അന്തരിച്ച വി.പി. സത്യന്റെ ഭാര്യ അനിതയും സാക്ഷിയായി. ടൂര്‍ണമെന്റിലെ ക്വാർട്ടർ ഫൈനല്‍ മുതലുള്ള ഗോള്‍ സ്‌കോറര്‍മാര്‍ക്ക് ഒരു ലക്ഷം രൂപ വീതം കൈമാറി. മുന്‍ കോച്ചുമാരായ ടി.എ. ജാഫര്‍, പീതാംബരന്‍ എന്നിവരെയും ആദരിച്ചു. മുന്‍ ക്യാപ്റ്റന്‍മാര്‍ക്ക് ഓരോ പവന്‍ സ്വര്‍ണ നാണയമാണ് നല്‍കിയത്. ഫൈനലിന് മുമ്പ് തന്നെ ജയിച്ചാൽ ഒരുകോടി രൂപ സമ്മാനം പ്രഖ്യാപിച്ചത് കളിക്കാരോട് പറയാൻ പേടിച്ചുവെന്ന് കേരള ടീമിന്റെ പരിശീലകന്‍ ബിനോ ജോര്‍ജ് പറഞ്ഞു.
കളിക്കാർ അങ്കലാപ്പിലാകുമോയെന്നാണ് പേടിച്ചത്. എന്നാൽ, അവർ മികച്ച കളിയാണ് പുറത്തെടുത്തത്. സ്വപ്ന സാക്ഷാത്കാരത്തിനായി ഒത്തൊരുമയോടെ പ്രയത്‌നിക്കാന്‍ ടീമിനായെന്നും പരിശീലകര്‍ക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കും ആവേശമായി കൂടെനിന്ന ആരാധകര്‍ക്കും നന്ദി പറയുന്നുവെന്നും ക്യാപ്റ്റൻ ജിജോ ജോസഫ് പറഞ്ഞു. വി.പി.എസ് ഹെല്‍ത്ത്‌കെയര്‍ ഇന്ത്യ മേധാവി ഹാഫിസ് അലി ഉള്ളാട്ട്, കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് സി.എസ്.ആര്‍ മേധാവി ഡോ. രാജീവ് മാങ്കോട്ടിൽ എന്നിവരാണ് ഡോ. ഷംഷീറിന് വേണ്ടി ഒരു കോടി രൂപ ടീമിന് കൈമാറിയത്.
കായിക താരങ്ങള്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കണമെങ്കില്‍ അവരുടെ നേട്ടങ്ങള്‍ അപ്പപ്പോള്‍ അംഗീകരിക്കപ്പെടണമെന്ന് ഡോ. ഷംഷീർ വയലിൽ ഓൺലൈൻ ആശംസയിൽ അറിയിച്ചു. അവരുടെ കഠിനാധ്വാനം തിരിച്ചറിയുക എന്നത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണ്. വിജയങ്ങള്‍ ഒരു ദിവസം കൊണ്ടുണ്ടാകുന്നതല്ല. ഏഴ് കിരീട നേട്ടത്തിന് പിന്നില്‍ കളിക്കാരുടെ കഠിന പ്രയത്‌നമുണ്ട്. ഈ ഒത്തുചേരല്‍ ആ ശ്രമങ്ങളെ രേഖപ്പെടുത്തുമെന്നും സംസ്ഥാനത്തെ ഫുട്‌ബാളിന്റെ ഭാവിക്ക് ശക്തമായ അടിത്തറയിടുമെന്നും അദ്ദേഹം പറഞ്ഞു. ഷൈജു ദാമോദരനായിരുന്നു അവതാരകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.