യുവേഫ നേഷൻസ് ലീഗ്; 95ാം മിനിറ്റിൽ രക്ഷകനായി ലൂയിസ് ഗായ; ജർമനിയെ തളച്ച് സ്പെയിൻ
text_fieldsസ്റ്റുട്ട്ഗട്ട്: കളികൈവിട്ടെന്ന് ഉറപ്പിച്ച മത്സരത്തിൽ സ്പെയിനിെൻറ രക്ഷകനായി വലൻസിയയുടെ യുവ താരം ജോസ് ലൂയിസ് ഗായ. യുവേഫ നാഷൻസ് ലീഗ് എയിലെ ഗ്രൂപ്പ് നാലിൽ ജർമനിക്കെതിരെയാണ് 95ാം മിനിറ്റിൽ ഗോൾ നേടി സ്പെയിൻ തോൽക്കാതെ മാനം കാത്തത്. 1-1ന് കളി അവസാനിച്ചതോടെ ലീഗ് എയിലെ വമ്പന്മാർ തമ്മിലുള്ള ആദ്യ മത്സരം സമനിലയിൽ സമാപിച്ചു.
കടലാസിലെ കണക്കു പ്രകാരം മത്സരത്തിനു മുമ്പ് സ്പെയിനിനായിരുന്നു സാധ്യത കൂടുതൽ. ഫിഫ റാങ്കിങ്ങിൽ 15ാം സ്ഥാനക്കാരായ ജർമനിയോടാണ് എട്ടാം സ്ഥാനത്തുള്ള സ്പെയിൻ ഏറ്റുമുട്ടിയത്.
എന്നാൽ ഇത് 'പഴയ' ജർമനി അല്ലായെന്ന സൂചന നൽകിയായിരുന്നു യുവജർമനിയുടെ കളി. തിമോ വെർണറും ലിറോയ് സാനെയും ജൂലിയാൻ ഡ്രാക്സ്ലറും കളം നിറഞ്ഞു കളിച്ചപ്പോൾ, സ്പാനിഷ് ഗോൾ മുഖം ആദ്യ മുതലെ വിറക്കപ്പെട്ടു. മാഞ്ചസ്റ്റർ യുനൈറ്റഡ് ഗോളി ഡേവിഡ് ഡിഹിയയുടെ മാസ് സേവിങ്ങുകളാണ് സ്പെയ്നിനെ തുടക്കം മുതലേ കാത്തത്.
ഒടുവിൽ 51ാം മിനിറ്റിൽ സെർജിയോ റാമോസ് നയിച്ച ഉരുക്കുകോട്ട ജർമനി തകർത്തു. റോബിൻ ഗോസെൻസിൽ നിന്ന് പന്ത് സ്വീകരിച്ച് റാമോസിനെയും പൗവ് ടോറസിനെയും കടത്തിവെട്ടി തിമോ വെർണർ നിറയൊഴിച്ചത് ഡിഹിയക്ക് തടയാനായില്ല.
മറുവശത്ത് റോഡ്രിഗോയും ഫെരാൻ ടോറസും ജീസസ് നവാസും നടത്തിയ ആക്രമണങ്ങൾക്ക് മൂർച്ച പോരായിരുന്നു. സുവർണാവസരങ്ങളെല്ലാം ഇരുപകുതിയിലുമായി ഇവർ കളഞ്ഞു കുളിച്ചു. ബാഴ്സലോണ താരം ആൻസു ഫാത്തിയും രംഗത്ത് എത്തിയിട്ടും ഫലം കണ്ടില്ല. ഒടുവിൽ 95ാം മിനിറ്റിൽ വിങ്ങർ ലൂയിസ് ഗായ ക്ലൈമാക്സ് മാറ്റിമറിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.