നോർത്ത് ഈസ്റ്റിലെ മലയാളി പവർ ഗ്രൂപ്പ്
text_fieldsമലപ്പുറം: ഡുറാൻഡ് കപ്പ് ഫൈനലിൽ മോഹൻ ബഗാനെ തോൽപിച്ച് ക്ലബ് ചരിത്രത്തിലെ ആദ്യ കിരീടത്തിൽ മുത്തമിട്ട നോർത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ അണിയറയിലും അരങ്ങത്തും മലയാളിക്കരുത്ത്. മൂന്ന് കളിക്കാർ ഉൾപ്പെടെ അഞ്ചുപേരാണ് കേരളത്തിൽനിന്ന് ടീമിലുണ്ടായിരുന്നത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച് ഗോൾഡൻ ബോൾ നേടിയ എം.എസ് ജിതിൻ, സെൻറർ മിഡ്ഫീൽഡർ ഷിഗിൽ, ഗോൾകീപ്പർ മിർഷാദ് എന്നിവർക്ക് പുറമേ മാനേജറായ ഷഹ്സാദും തെറപ്പിസ്റ്റ് റോബിനും കിരീടധാരണത്തിൽ നിർണായക പങ്കാണ് വഹിച്ചത്. ടീം രൂപവത്കരിച്ച 2014 മുതൽ 10 വർഷം മേജർ കിരീടങ്ങൾ ഒന്നുമില്ലാത്ത യാത്രയായിരുന്നു നോർത്ത് ഈസ്റ്റിന്റേത്. ഏറെ നാളത്തെ ഈ കിരീടമോഹത്തിന് അറുതിയായത് 133ാമത് ഡുറാൻഡ് കപ്പിലൂടെയാണ്.
ടൂർണമെന്റിൽ ആറു കളിയിൽനിന്നായി നാല് ഗോളടിക്കുകയും മൂന്നെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്ത ജിതിൻ 2022ലാണ് ക്ലബിന്റെ ഭാഗമാകുന്നത്. ഫൈനലിൽ നോർത്ത് ഈസ്റ്റ് നേടിയ ആദ്യത്തെ ഗോളിന് വഴിയൊരുക്കിയതും ഈ 26കാരനാണ്. ഗോകുലം കേരള എഫ്.സിയിൽനിന്നാണ് നോർത്ത് ഈസ്റ്റിലേക്ക് ചേക്കേറിയത്. ഗോകുലത്തിനൊപ്പം രണ്ട് ഐ ലീഗ് വിജയങ്ങളിൽ പങ്കാളിയായി. 2017-18ൽ കേരളം സന്തോഷ് ട്രോഫി ചാമ്പ്യൻമാരായപ്പോൾ ടീമിന്റെ വിജയത്തിലും ഈ തൃശൂർക്കാരൻ നിർണായക പങ്ക് വഹിച്ചു. നോർത്ത് ഈസ്റ്റ് യുനൈറ്റഡിന് വേണ്ടി ആകെ 48 മത്സരങ്ങൾ കളിച്ച ജിതിൻ ഏഴ് ഗോളുകൾ നേടിയിട്ടുണ്ട്.
മലപ്പുറം വളാഞ്ചേരി സ്വദേശിയായ ഷിഗിലും ടീമിന് വേണ്ടി തകർപ്പൻ ഫോമിലായിരുന്നു. മധ്യനിരയിൽനിന്ന് സ്ട്രൈക്കർമാർക്ക് അനായാസം പന്തെത്തിച്ച ഈ 21കാരൻ എതിർ ടീമിന് നിരന്തരം തലവേദന സൃഷ്ടിച്ചു. ടൂർണമെന്റിൽ ഒരു മത്സരത്തിൽ ടീമിന്റെ ഗോൾവല കാത്തത് മിർഷാദാണ്. അന്ന് ടീമിന്റെ ക്യാപ്റ്റനും ഈ കാസർകോട്ടുകാരനായിരുന്നു. കഴിഞ്ഞ നാലുവർഷമായി മിർഷാദ് ടീമിന്റെ ജീവനാഡിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.