ലോകകപ്പ് യോഗ്യത: മൂന്ന് പ്രീമിയർ ലീഗ് താരങ്ങൾ അർജന്‍റീന ടീമിൽ
text_fieldsബ്വേനസ് ഐറിസ്: ഒക്ടോബറിൽ നടക്കാൻ പോകുന്ന ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങൾക്കുള്ള അർജന്‍റീന ടീമിനെ പ്രഖ്യാപിച്ചു. ഒക്ടോബർ ഏഴിന് പാരഗ്വായ്ക്കെതിരെയാണ് കോപ്പ അമേരിക്ക ജേതാക്കളുടെ ആദ്യ മത്സരം. ഒക്ടോബർ 10ന് യുറുഗ്വായ്ക്കും ഒക്ടോബർ 14ന് പെറുവിനുമെതിരായ മത്സരങ്ങൾ ബ്വേനസ് ഐറിസിൽ നടക്കും.
അർജന്‍റീനയെ ബ്രിട്ടൻ റെഡ്ലിസ്റ്റിൽ ഉൾപെടുത്തിയിട്ടുണ്ടെങ്കിലും പ്രീമിയർ ലീഗ് താരങ്ങളായ എമിലിയാനോ മാർടിനസ് (ആസ്റ്റൺവില്ല), ജിയോവനി ലോ സെൽസോ, ക്രിസ്റ്റ്യൻ റൊമേരോ (ടോട്ടൻഹാം ഹോട്സ്പർ) എന്നിവരെ കോച്ച് ലയണൽ സ്കളോനി സ്ക്വാഡിൽ ഉൾപെടുത്തിയിട്ടുണ്ട്. പരിക്കേറ്റ യുവന്‍റസ് സ്ട്രൈക്കർ പൗളോ ഡിബാലയും ടീമിൽ ഇടം നേടി.
റെഡ്ലിസ്റ്റിലുള്ള രാജ്യത്ത് നിന്ന് വരുന്ന യാത്രികർ ബ്രിട്ടനിൽ 10 ദിവസം ക്വാറന്‍റീനിൽ കഴിണമെന്നാണ് ചട്ടം. വില്ലക്കും ടോട്ടൻഹാമിനും ഒക്ടോബർ അവസാനം സുപ്രധാനമായ മത്സരങ്ങൾ നടക്കാനുണ്ട്. ക്വാറന്‍റീൻ വ്യവസ്ഥകൾ ഉള്ളതിനാൽ മിക്ക ഇംഗ്ലീഷ് ക്ലബുകളും ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങൾക്ക് താരങ്ങളെ വിട്ടു നൽകിയിരുന്നില്ല.
എന്നാൽ നേരത്തെയും മാർടിനസ്, വില്ലയിലെ സഹതാരമായ എമിലിയാനോ ബുവെണ്ടി, ലോ സെൽസോ, റൊമേരേ എന്നിവർക്ക് കളിക്കാൻ ക്ലബുകൾ അനുമതി നൽകിയിരുന്നു.
ഈ താരങ്ങൾ ക്വാറന്‍റീൻ വ്യവസ്ഥകൾ പാലിച്ചില്ലെന്ന് ആരോപിച്ച് ബ്രസീൽ-അർജന്‍റീന മത്സരം ബ്രസീലിയൻ ആരോഗ്യ വകുപ്പ് തടസപ്പെടുത്തിയിരുന്നു. മത്സരം തുടങ്ങി മിനിറ്റുകൾ മാത്രം പിന്നിടുന്നതിന് മേമ്പ ആയിരുന്നു ആരോഗ്യ വകുപ്പും പൊലീസും മത്സരം തടസ്സപ്പെടുത്തിയത്. ഇതോടെ മത്സരം റദ്ദാക്കി.
ക്വാറന്‍റീൻ ഒഴിവാക്കാനായി മൂവരും ക്രൊയേഷ്യ വഴിയാണ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയത്. എട്ട് മത്സരങ്ങളിൽ നിന്ന് 18 പോയിന്‍റുമായി അർജന്‍റീന ലാറ്റിനമേരിക്കൻ പോയിന്‍റ് ടേബിളിൽ ബ്രസീലിന് (24 പോയിന്‍റ്) പിന്നിൽ രണ്ടാമതാണ്.
അർജന്‍റീന ടീം:
ഗോൾകീപ്പർമാർ: ഫ്രാങ്കോ അർമാനി, എമിലിയാനോ മാർടിനസ്, യുവാൻ മുസ്സോ, എസ്റ്റബാൻ ആൻഡ്രാഡ
ഡിഫൻഡർമാർ: ഗോൺസാലോ മോണ്ടിയാൽ, നാഹുവൽ മോളിന, യുവാൻ ഫോയ്ത്ത്, ലൂകാസ് മാർടിനസ് ക്വാർട്ട, ജർമൻ പെസല്ല, നികോളസ് ഒട്ടമെൻഡി, ക്രിസ്റ്റ്യൻ റൊമേരോ, ലിസാൻഡ്രോ മാർടിനസ്, നികോളസ് ടാഗ്ലിയാഫിക്കോ, മാർകോസ് അക്യൂന
മിഡ്ഫീൽഡർമാർ: ലിയാൻഡ്രോ പരഡെസ്, ഗുയ്ഡോ റോഡ്രിഗസ്, നികോളസ് ഡോമിനിഗ്വസ്, ജിയോവനി ലോ സെൽസോ, എസ്ക്വൽ പലാസിയോസ്, റോഡ്രിഗോ ഡി പോൾ, പപ്പൂ ഗോമസ്, നികോളസ് ഗോൺസാലസ്
ഫോർവേഡ്: ലയണൽ മെസ്സി, ലൂകാസ് അലാരിയോ, എയ്ഞ്ചൽ ഡി മരിയ, പൗളോ ഡിബാല, ലൗതാരോ മാർടിനസ്, ജോക്വിൻ കൊറിയ, എയ്ഞ്ചൽ കൊറിയ, ജൂലിയൻ അൽവാരസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.