ലിൻഡ, അർബുദത്തെ തോൽപിച്ച അത്ഭുതം: ഒരു വർഷത്തിനിടെ മൂന്ന് ലോകകപ്പുകൾ; എല്ലാത്തിലും ഗോളും
text_fieldsസിഡ്നി: അർബുദത്തെ അതിജീവിച്ചെത്തിയ കൊളംബിയൻ കൗമാരക്കാരി ലോകകപ്പ് അരങ്ങേറ്റം അവിസ്മരണീയമാക്കിയത് ഗോളോടെ. വനിത ലോകകപ്പിൽ ദക്ഷിണ കൊറിയക്കെതിരായ ഗ്രൂപ് എച്ച് മത്സരത്തിന്റെ 39ാം മിനിറ്റിലാണ് ലിൻഡ കെയ്സെഡോ നിറയൊഴിച്ചത്. ഒരു വർഷത്തിനിടെ മൂന്ന് ലോകകപ്പുകൾ കളിച്ച താരമെന്ന അപൂർവ നേട്ടവും 18കാരി സ്വന്തം പേരിൽ കുറിച്ചു.
കഴിഞ്ഞ ആഗസ്റ്റിൽ അണ്ടർ 20, ഒക്ടോബറിൽ അണ്ടർ 17 ലോകകപ്പുകളിൽ ബൂട്ടണിഞ്ഞ ശേഷമാണ് സീനിയർ ടൂർണമെന്റിനെത്തിയത്. മൂന്നിലും ഗോൾ നേടുകയും ചെയ്തു. അണ്ടർ 20 ലോകകപ്പിൽ രണ്ട് ഗോളാണ് അടിച്ചതെങ്കിൽ ഇന്ത്യ വേദിയായ അണ്ടർ 17 പോരാട്ടത്തിൽ നാല് തവണ എതിർ വലയിൽ പന്തെത്തിച്ച് ടോപ് സ്കോററായി. ഇപ്പോഴിതാ സീനിയർ ലോകകപ്പിലും ഗോൾ.
2019ൽ 14ാം വയസ്സിലാണ് ലിൻഡ കെയ്സെഡോ കൊളംബിയൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. ഈ സന്തോഷത്തിലിരിക്കെ താരത്തിന് അണ്ഡാശയ അർബുദം ബാധിച്ചു. പരിശീലകരുടെയും സഹതാരങ്ങളുടെയുമെല്ലാം ആശ്വാസവാക്കുകൾ നൽകിയ ആത്മവിശ്വാസം കരുത്താക്കി ചികിത്സ വിജയകരമാക്കി പൂർത്തീകരിച്ച് ലിൻഡ കളിക്കളത്തിൽ തിരിച്ചെത്തി. പിന്നെ അണ്ടർ 20, അണ്ടർ 17 ലോകകപ്പുകളിൽ മികച്ച പ്രകടനം.
അണ്ടർ 20യിൽ കൊളംബിയ ക്വാർട്ടർ ഫൈനലിൽ പുറത്തായെങ്കിലും അണ്ടർ 17ൽ ഫൈനലിലേക്ക് കുതിച്ച് റണ്ണറപ്പായി മടങ്ങി. ഗ്രൂപ് എച്ചിൽ കൊളംബിയയുടെ ആദ്യ മത്സരമാണ് ചൊവ്വാഴ്ച ദക്ഷിണ കൊറിയക്കെതിരെ നടന്നത്. 2-0ത്തിനായിരുന്നു ജയം. 30-ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി കാറ്റലീന ഉസ്മെ ലക്ഷ്യത്തിലേക്കയച്ചു. ഒമ്പത് മിനിറ്റ് ശേഷം ലിൻഡ ടീമിന്റെ ലീഡ് കൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.