മെസ്സി-ക്രിസ്റ്റ്യാനോ പോരാട്ടത്തിന്റെ ടിക്കറ്റ് ലേലത്തിൽ പോയത് ഒരു കോടി റിയാലിന്
text_fieldsറിയാദ്: ലയണൽ മെസ്സി, നെയ്മർ, കിലിയൻ എംബാപ്പെ തുടങ്ങിയവരുൾപ്പെടുന്ന പി.എസ്.ജിയും ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന സൗദി അറേബ്യ ഓൾ സ്റ്റാര്‍ ഇലവനും തമ്മിൽ വ്യാഴാഴ്ച നടക്കുന്ന റിയാദ് സീസൺ കപ്പ് സൗഹൃദ മത്സരത്തിന്റെ വി.ഐ.പി ടിക്കറ്റ് ലേലത്തിൽ പോയത് റെക്കോഡ് തുകക്ക്.
ഒരു കോടി സൗദി റിയാലിനാണ് (21.65 കോടി രൂപ) സ്വദേശി വ്യവസായിയായ മുശർറഫ് ബിൻ അഹമ്മദ് അൽ ഗാംദീ ടിക്കറ്റ് സ്വന്തമാക്കിയത്. ഒരു ഫുട്ബാൾ മത്സരത്തിന്റെ ടിക്കറ്റിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി തലവൻ തുർക്കി അൽ-ശൈഖ് ആരംഭിച്ച ധനസമാഹരണ സംരംഭത്തിന്റെ ഭാഗമായിരുന്നു ലേലം. ദിവസങ്ങൾക്ക് മുമ്പ് പത്ത് ലക്ഷം റിയാലിലാണ് ലേലം ആരംഭിച്ചത്. വിവരങ്ങൾ ട്വിറ്ററിൽ അപ്ഡേറ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി 11.30ന് അവസാനിച്ചു. 2020 ഡിസംബറിലാണ് മെസ്സിയും ക്രിസ്റ്റ്യാനോയും ഒടുവിൽ നേർക്കുനേർ വന്നത്. അന്ന് മെസ്സി ബാഴ്സലോണയിലും ക്രിസ്റ്റ്യാനോ യുവന്റസിലുമായിരുന്നു.
അർജന്റൈൻ നായകൻ പിന്നീട് ഫ്രഞ്ച് ക്ലബിലേക്കും പോർചുഗീസ് സൂപ്പർ താരം മാഞ്ചസ്റ്റർ യുനൈറ്റഡിലേക്കും തുടർന്ന് സൗദിയിലെ അൽ നസ്ർ ക്ലബിലേക്കും മാറി. ഇന്ന് ഇന്ത്യൻ സമയം രാത്രി 10.30ന് റിയാദ് കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് പി.എസ്.ജിയും അൽ നസ്ർ-അൽ ഹിലാൽ സംയുക്ത ടീമും തമ്മിലുള്ള മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.