തോറ്റുതോറ്റു മടുത്തു; ആരാധകരും കൈവിടുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് പ്രതിസന്ധിയിൽ
text_fieldsകൊച്ചി: ഓരോ കളിയും തുടങ്ങും മുമ്പ് ആരാധകർ പ്രതീക്ഷിക്കും, ഇതെങ്കിലും ജയിക്കുമെന്ന്. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ നിരാശയോടെ തലതാഴ്ത്തി മടക്കം. ഏറ്റവും ഒടുവിലെ രണ്ടു മത്സരങ്ങളിലും തോൽവി തുടർക്കഥയായി.
അതിനു തൊട്ടുമുമ്പ് ഒരു സമാശ്വാസ ജയം, അതിനും മുമ്പ് തുടർച്ചയായ മൂന്നു പരാജയം... തോൽവികൾ ഏറ്റുവാങ്ങാൻ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെയും ആരാധകരുടെയും ജീവിതം ഇനിയും ബാക്കിയാവുകയാണ്. ഇങ്ങനെയാണെങ്കിൽ പ്ലേ ഓഫ് കടമ്പ കടക്കുമോ അതോ വൈകാതെ പുറത്തേക്കിറങ്ങേണ്ടി വരുമോയെന്ന ആശങ്കയിലാണ് എല്ലാവരും.
കടമ്പ കടക്കാൻ വിയർക്കണം
നിലവിൽ 13 ടീമുകളുള്ള ടൂർണമെന്റിലെ റാങ്ക് പട്ടികയിൽ പത്താം സ്ഥാനം മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. 11 കളികളിൽ ജയിച്ചത് മൂന്നെണ്ണത്തിൽ മാത്രം. ഇതിന്റെ ഇരട്ടി, അതായത് ആറു മത്സരങ്ങളിൽ തോൽവിയായിരുന്നു ഫലം. സമാശ്വാസമായി രണ്ടു സമനിലകളും. ആകെയുള്ളത് 11 പോയൻറുകൾ മാത്രം. ഇനി ടീമിന് അവശേഷിക്കുന്നത് 13 മത്സരങ്ങളാണ്. അതുകൊണ്ടുതന്നെ പ്ലേ ഓഫിൽ കയറിക്കൂടാൻ വരാനുള്ള മത്സരങ്ങളിൽ മഞ്ഞപ്പടക്ക് നന്നായി വിയർക്കേണ്ടി വരും.
സീസണിലെ ഒന്നാം നമ്പറുകാരും 2022-23ലെ കിരീടധാരികളുമായ മോഹൻ ബഗാൻ സൂപ്പർ ജയൻറ്സുമായാണ് അടുത്തതായി കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റുമുട്ടേണ്ടത്. ശനിയാഴ്ച അവരുടെ തട്ടകമായ കൊൽക്കത്തയിലെ സ്റ്റേഡിയത്തിൽ കരുത്തരായ മോഹൻ ബഗാനു മുന്നിലിറങ്ങാൻ നിലവിലെ ഫോമും പ്രകടന മികവും മതിയാകില്ല.
10 കളികളിൽ 23 പോയൻറുള്ള ടീം ഈ സീസണിൽ ഒറ്റ തോൽവിയാണ് വഴങ്ങിയത്. രണ്ടു സമനിലകളും ഏഴു ജയങ്ങളുമാണ് അവരുടെ സമ്പാദ്യം. ഇനിയുള്ള രണ്ടാമത്തെ കളി ഹോം ഗ്രൗണ്ടായ കലൂരിൽ മുഹമ്മദൻസുമായാണ്. സീസണിലെ പുതുമുഖങ്ങളായ മുഹമ്മദൻസ് നിലവിൽ അഞ്ചു പോയൻറുമായി റാങ്ക് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണുള്ളത് (13). താരതമ്യേന വലിയ കളിക്കാരോ പ്രകടന മികവോ ഇല്ലാത്ത ടീമിനെ പുഷ്പം പോലെ തോൽപിക്കാമെന്ന പ്രതീക്ഷയും ബ്ലാസ്റ്റേഴ്സിനുണ്ട്.
പ്രതിഷേധ മുനമ്പിൽ
കളിയിലെ ഫോക്കസ് ഇല്ലായ്മയും തുടർച്ചയായ തോൽവികളും മൊത്തത്തിലുള്ള പ്രകടനത്തെ ബാധിച്ചതിനൊപ്പം നിരാശരായ ആരാധകരുടെ ക്ഷമ നശിച്ച സമീപനങ്ങളും ടീം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവിൽ ആരാധക സംഘടനയായ മഞ്ഞപ്പടയും ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറിനെതിരെ ആഞ്ഞടിച്ച് രംഗത്തു വന്നിരിക്കുകയാണ്. ഈ രീതിയിൽ പോവുകയാണെങ്കിൽ കടുത്ത പ്രതിഷേധം നേരിടേണ്ടിവരുമെന്നും ഇവർ ഔദ്യോഗികമായി മുന്നറിയിപ്പു നൽകുന്നു.
ഇതുകൂടാതെ ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലെല്ലാം ആരാധകർ പലപ്പോഴും കടുത്ത ഭാഷയിൽ തങ്ങളുടെ വിഷമവും നിരാശയും ആശങ്കയുമെല്ലാം പ്രകടിപ്പിക്കാറുണ്ട്. കലൂർ സ്റ്റേഡിയത്തിൽ ഓരോ കളി കഴിയുന്തോറും മഞ്ഞ ജഴ്സിയണിഞ്ഞ കളിയാസ്വാദകരുടെ എണ്ണം കുറഞ്ഞുവരുന്നതും ടീം നാൾക്കുനാൾ നിരാശപ്പെടുത്തുന്നതിനുള്ള മറുപടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.