ടി.കെ. ചാത്തുണ്ണിക്ക് വിട നൽകി സാംസ്കാരിക നഗരം
text_fieldsതൃശൂർ: അന്തരിച്ച പ്രശസ്ത ഫുട്ബാൾ പരിശീലകനും ആദ്യകാല താരവുമായിരുന്ന ടി.കെ. ചാത്തുണ്ണിക്ക് സാംസ്കാരിക നഗരം വിടയേകി. ചാലക്കുടിയിലെ വീട്ടിൽനിന്ന് വ്യാഴാഴ്ച രാവിലെ പത്തോടെയാണ് മൃതദേഹം തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനായി എത്തിച്ചത്.
മന്ത്രിമാരായ ഡോ. ആർ. ബിന്ദു, കെ. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർ അന്ത്യോപചാരം അർപ്പിക്കാനെത്തിയത് ഫുട്ബാളുമായിട്ടായിരുന്നു. അന്ത്യോപചാരം അർപ്പിക്കാൻ ആരും റീത്തുമായി വരേണ്ട, പകരം പന്ത് മതിയെന്ന് ചാത്തുണ്ണി പല വേളകളിലും പറഞ്ഞിരുന്നു. ഇൻഡോർ സ്‌റ്റേഡിയത്തിൽവെച്ച് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് മൃതദേഹം വിലാപയാത്രയായി വടൂക്കര ശ്മശാനത്തിലെത്തിച്ച് ഉച്ചക്ക് 12ഓടെ സംസ്‌കരിച്ചു. ജില്ല സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിലാണ് ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് ക്രമീകരണങ്ങൾ ഒരുക്കിയത്.
മേയർ എം.കെ. വർഗീസ്, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കോൺഗ്രസ് നേതാവ് ടി.വി. ചന്ദ്രമോഹൻ, മുൻ ഇന്ത്യൻ ഫുട്ബാൾ താരങ്ങളായ സി.വി. പാപ്പച്ചൻ, വിക്ടർ മഞ്ഞില, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, സെക്രട്ടറി പി. അനിൽകുമാർ, ഫുട്ബാൾ പരിശീലകരായ എം. പീതാംബരൻ, ടി.ജി. പുരുഷോത്തമൻ, ബിനോ ജോർജ്, സന്തോഷ് ട്രോഫി കോച്ച് സതീവൻ ബാലൻ,
മുൻകാല താരങ്ങളായ കെ.ടി. ചാക്കോ, കുരികേശ് മാത്യു, എഡിസൺ, അലക്‌സ് എബ്രഹാം, മാർട്ടിൻ, എൻ.പി. പ്രദീപ്, സുശാന്ത് മാത്യു, വോളിബാൾ താരം സിറിൽ സി. വെള്ളൂർ, ഒളിമ്പ്യൻ പി. രാമചന്ദ്രൻ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ വി.പി. സത്യന്റെ ഭാര്യ അനിത തുടങ്ങി നൂറുകണക്കിന് പേർ ആദരാഞ്ജലി അർപ്പിച്ചു. ഉച്ചക്കുശേഷം ഇൻഡോർ സ്റ്റേഡിയത്തിൽ അനുശോചന യോഗവും ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.