'ഓള്' വണ്ടിയോടിച്ച് ലോകകപ്പ് കാണാൻ ഖത്തറിലേക്ക്...
text_fieldsപെരിന്തൽമണ്ണ: കാൽപന്തിനെ നെഞ്ചേറ്റിയ നാടിന്റെ മുഴുവൻ ആശീർവാദമേറ്റുവാങ്ങി 'ഓള്' പന്തുകളി കാണാനായി മഹീന്ദ്ര ജീപ്പോടിച്ച് ഖത്തറിലേക്ക് പുറപ്പെടുകയാണ്. മാഹി സ്വദേശിനി നാജി നൗഷി യാത്രക്ക് മുമ്പായി ബുധനാഴ്ച പെരിന്തൽമണ്ണയിലും എത്തി. ഫുട്ബാൾ പ്രേമികളും നാട്ടുകാരും പെരിന്തൽമണ്ണ 'ടീടൈം' കോഫിഷോപ്പിൽ ഇവർക്ക് യാത്രയയപ്പ് നൽകി.
'ഓള്' എന്നാണ് യാത്ര ചെയ്യുന്ന മഹീന്ദ്ര ജീപ്പിനിട്ട പേര്. യാത്രക്കായി വാങ്ങിയ പുതിയ വാഹനം ഇതിനായി ഒരുക്കിയെടുത്തതാണ്. കണ്ണൂരിൽനിന്ന് ഏതാനും ദിവസം മുമ്പ് മന്ത്രി ആന്റണി രാജു യാത്ര ഫ്ലാഗ് ഓഫ് ചെയ്തതാണ്. ശേഷം കോഴിക്കോടും മലപ്പുറവുമടക്കം ഫുട്ബാൾ തട്ടകങ്ങൾ സന്ദർശിച്ചാണ് നാജി നൗഷി പെരിന്തൽമണ്ണയിലെത്തിയത്. യാത്ര ചലച്ചിത്രതാരം സൃന്ദ ഫ്ലാഗ് ഓഫ് ചെയ്തു.
10 ദിവസംകൊണ്ട് മുംബൈയിൽ എത്തി പിന്നീട് കപ്പൽ മാർഗം ഒമാൻ, യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, സൗദി എന്നിവിടങ്ങളിൽ യാത്ര ചെയ്ത ശേഷമാണ് ഡിസംബർ പത്തോടെ ഖത്തറിലെത്തുക. ഏകദേശം 25,000 കിലോമീറ്റർ വണ്ടിയോടിച്ച് യാത്ര ചെയ്യേണ്ടിവരും. ലോകകപ്പ് ഫുട്ബാളിൽ ഇന്ത്യയില്ലെന്ന സങ്കടത്തോടെ ഇന്ത്യൻ നിർമിത മഹീന്ദ്ര ജീപ്പ് ഓടിച്ചാണ് നാജി നൗഷി പുറപ്പെടുന്നത്. സ്പോൺസർമാരുടെ പിന്തുണയും പ്രോത്സാഹനവുമുണ്ട്.
വാഹനത്തിന് മുകളിൽ ഓട്ടോമാറ്റിക് അറേഞ്ച്ഡ് ടെന്റാണ്. എവിടെയും വാഹനം നിർത്തി മുകളിൽ കിടന്നുറങ്ങാം. ഇത്തവണ അർജന്റീന കപ്പ് നേടുമെന്ന പ്രത്യാശയും നാജി നൗഷി പ്രകടിപ്പിച്ചു. യാത്ര ഹരമാണ്, ഈ യാത്ര പ്രത്യേകിച്ചും, നാലു സ്ഥാപനങ്ങളുടെ പിന്തുണ ലഭിച്ചതോടെയാണ് ഖത്തർ യാത്രയെന്ന ആശയം ഉദിക്കുന്നതെന്ന് പെരിന്തൽമണ്ണയിലെത്തിയ നാജി നൗഷി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.