ഇന്നറിയാം ഏഷ്യൻ രാജാവിനെ
text_fieldsകാത്തിരിപ്പുകൾക്കൊടുവിൽ ലുസൈലിന്റെ കളിത്തട്ടിൽ ഇന്ന് കിരീടപ്പോരാട്ടത്തിന് വിസിൽ മുഴങ്ങും. ലുസൈലിലെ ഇരിപ്പിടങ്ങളിൽ ആരവമാവുന്ന മുക്കാൽ ലക്ഷത്തിലേറെ വരുന്ന കാണികളുടെ മധ്യേ ഖത്തർ സമയം വൈകീട്ട് ആറിന് കിക്കോഫ് കുറിക്കുമ്പോൾ പ്രാർഥനകളിലെല്ലാം ‘അന്നാബി’യാണ്.
സ്വന്തം മണ്ണിൽ, ഫുട്ബാളിനെ അതിരറ്റ് സ്നേഹിക്കുന്ന നാട്ടുകാർക്ക് മുന്നിൽ ഹസൻ അൽ ഹൈദോസിന്റെയും അക്രം അഫിഫിന്റെയും കിരീടമുത്തത്തിനായി കാത്തിരിപ്പിലാണ് ഈ നാട്. എതിരാളികൾ ചില്ലറക്കാരല്ല. പോരാട്ട വീര്യവും, അട്ടിമറി കുതിപ്പുമായി മുന്നേറുന്ന ജോർഡൻ ആതിഥേയർക്ക് വെല്ലുവിളിയാവും. ഗാലറികളിൽ ഓളം തീർക്കാൻ, അവർക്കു പിന്തുണയുമായി പതിനായിരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ദോഹയിലെത്തിയത്.
കളിയാവേശവുമായി ഫാൻ സോണുകൾ
ദോഹ എക്സ്പോ, കതാറ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ കളി കാണാൻ സൗകര്യം
ദോഹ: സ്വന്തം രാജ്യം, വൻകരയുടെ കലാശപ്പോരാട്ടത്തിൽ മാറ്റുരക്കുമ്പോൾ ഗാലറിയിലെത്തി കളികാണാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്. എന്നാൽ, 88,000 ഇരിപ്പിട ശേഷിയുള്ള ലുസൈൽ സ്റ്റേഡിയത്തിലെ ഫൈനൽ അങ്കത്തിനുള്ള ടിക്കറ്റുകൾ കിട്ടാക്കനിയാണ്. ഇനി, ഖത്തറും ജോർഡനും തമ്മിലെ കലാശപ്പോരാട്ടം ആൾകൂട്ടത്തിനിടയിൽനിന്ന് കൺനിറയെ കാണാൻ കൊതിക്കുന്നവർക്കായി ഖത്തറിൽ വിവിധ ഇടങ്ങളിൽ അവസരങ്ങളുണ്ട്.
ഫാൻ സോണുകളും കൂറ്റൻ സ്ക്രീനുകളും ഒരുക്കിയ വിവിധ കേന്ദ്രങ്ങളിലെത്തി തന്നെ ആരാധകർക്ക് ക്ലാസിക് ഫൈനലിന് സാക്ഷ്യം വഹിക്കാം. കതാറ കൾചറൽ വില്ലേജ്: ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ പ്രധാന ആഘോഷ വേദിയായ കതാറ കൾചറൽ വില്ലേജിൽ മത്സരങ്ങളുടെ തത്സമയ സംപ്രേഷണത്തിന് വിപുലസൗകര്യമാണ് ഒരുക്കിയത്.
കതാറയിലെ അൽ ഹിക്മ സ്ക്വയറിലും സൗദി ഹൗസിലുമായി ഒരുക്കിയ കൂറ്റൻ സ്ക്രീനിൽ ഗാലറിയിലെന്ന പോലെ ആവേശത്തോടെ കളി ആസ്വദിക്കാം. നാല് കൂറ്റൻ സ്ക്രീനുകളിലാണ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം. ഇതിനൊപ്പം വിവിധ കലാ, സാംസ്കാരിക പരിപാടികളും പരേഡുകളുമായി ഏഷ്യൻ കപ്പ് ഫൈനൽ അവിസ്മരണീയമാക്കാൻ ആരാധകർക്ക് സൗകര്യമൊരുക്കുന്നു.
ദോഹ എക്സ്പോ
അൽ ബിദ പാർക്കിലെ ദോഹ എക്സ്പോയിൽ കൾചറൽ സോണിലാണ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണമുള്ളത്. ആയിരക്കണക്കിന് ഫുട്ബാൾ ആരാധകരാണ് ഓരോ മത്സരവും കാണാനായി ഇവിടെ ഒത്തുകൂടുന്നത്. ഒരു ഗാലറിയുടെ സൗകര്യവും, കൂറ്റൻ സ്ക്രീനുമായി മികച്ച ദൃശ്യാനുഭവം. ഒപ്പം, വിവിധ കായിക മത്സരങ്ങളുമുണ്ട്.
ഓൾഡ് ദോഹ പോർട്ട്: ഖത്തറിന്റെ തീര സൗന്ദര്യം കൂടി ആസ്വദിച്ച് കളികാണാൻ ഓൾഡ് ദോഹ പോർട്ടിൽ വിവിധ ഇടങ്ങളിലായി സ്ക്രീനുകളുണ്ട്. വൈകീട്ട് നാല് മുതൽ തന്നെ ഇവിടം സജീവമാണ്. ഇൻഡസ്ട്രിയൽ ഏരിയ: ദോഹയിൽനിന്നും അകലെ ഇൻഡസ്ട്രിയൽ ഏരിയയിൽ മൂന്നിടങ്ങളിലായി മത്സരങ്ങളുടെ പ്രദർശനം തുടരുന്നു.
ഏഷ്യൻ സിറ്റി അക്കമഡേഷൻ, ബർവ ബറാഹ, അൽഖോറിലെ ബർവ വർകേഴ്സ് റിക്രിയേഷൻ കോംപ്ലക്സ് എന്നിവിടങ്ങളിലാണ് മത്സര പ്രദർശനം. വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ വിവിധ ഹോട്ടലുകൾ, ബീച്ച് മേഖലകൾ എന്നിവിടങ്ങളിലും ഫൈനൽ മത്സര സംപ്രേഷണമുണ്ട്.
അബു സിദ്ര മാൾ, ലഗൂണ മാൾ, മാൾ ഓഫ് ഖത്തർ, 900പാർക്ക്, ഹോക്കൽപാർക്ക് ദോഹ, ബീച്ച് ക്ലബ് ദോഹ എന്നിവിടങ്ങളിലും പ്രദർശനം. ബർഹാത് മുശൈരിബിയിൽ 30 റിയാലിന് ഫൈനൽ മാച്ച് പ്രദർശന വേദിയിലേക്ക് പ്രവേശനം നൽകും.
‘ഐക്യമാണ് കരുത്ത്’
‘ടൂർണമെന്റിന് കിക്കോഫ് വിസിൽ മുഴങ്ങുന്നതിന് ഒരു മാസം മുമ്പു വരെ ഞങ്ങളിൽ ആരും ഒരു പ്രതീക്ഷയും നൽകിയിരുന്നില്ല. ഈ ടീം ഫൈനലിൽ എത്തുമെന്നോ, ഇത്തരമൊരു പ്രകടനം നടത്തുമെന്നോ ആരുടെയും സ്വപ്നങ്ങളിൽ പോലുമുണ്ടായിരുന്നില്ല. ഫെഡറേഷനും, കോച്ചിനുമൊന്നും ഒരു കുടുംബമെന്നപോലെ കഠിനമായി പരിശീലനം നടത്തിയാണ് ടീം ഫൈനൽ പോരിന് സജ്ജമായിരിക്കുന്നത്. ഈ സംഘത്തിനൊപ്പം പുതുതലമുറയുടെയും 2019ലെ താരങ്ങളുടെയും ഒപ്പം ചേരാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു.
ഒരു പക്ഷേ, 2019ലേത് പോലെ അത്ര ആവേശകരമായിരിക്കില്ല ഇത്തവണ. എങ്കിലും ഏഷ്യൻ ഫുട്ബാൾ ഓരോ തവണയും മെച്ചപ്പെടുകയും മത്സരങ്ങൾ കൂടുതൽ കടുത്തതായി മാറുകയും ചെയ്യുന്നു. ഇപ്പോൾ ഫൈനലിൽ കളിക്കുന്ന ടീമിന്റെ ഭാഗമായാണ് ഞാൻ ഇവിടെ ഇരിക്കുന്നത്. ആരും ഞങ്ങൾ ഇവിടെ എത്തുമെന്ന് പ്രതീക്ഷിച്ചില്ല. പക്ഷേ, ഞങ്ങൾ കളിക്കാരും കോച്ചും ടെക്നിക്കൽ സംഘവും ഫെഡറേഷനും അതിനുള്ള തയാറെടുപ്പിലായിരുന്നു’ -ഹസൻ അൽ ഹൈദോസ് (ഖത്തർ ടീം ക്യാപ്റ്റൻ)
‘ആക്രമണമാണ് പ്രതിരോധം’
‘ഖത്തറിന്റെ മുന്നേറ്റങ്ങളെ തടയാൻ ഞങ്ങൾക്ക് കഴിയും. ഗോൾകീപ്പർ മുതൽ ആക്രമണം വരെ ഒരേ സിസ്റ്റമായി പ്രവർത്തിക്കുന്നതാണ് ടീം. ടീമിന്റെ പ്രതിരോധമെന്നത് ആക്രമണത്തിൽ നിന്നാണ്. എതിരാളികളായ ഖത്തറിന് മികച്ച ആക്രമണശേഷിയുണ്ട്.
പക്ഷേ ഞങ്ങളുടെ പ്രതിരോധത്തിൽ ആത്മവിശ്വാസമുണ്ട്. ഫൈനൽ ഇരു ടീമിന്റെയും മികച്ച പ്രകടനത്തിന്റെ വേദിയാകുമെന്നുറപ്പാണ്. ഈ ടീം ഫൈനലിലെത്തിയതിൽ അഭിമാനിക്കുന്നു. ഏറ്റവും മികച്ച പ്രകടനം കലാശപ്പോരാട്ടത്തിൽ കാണാൻ കഴിയുമെന്നും ജോർഡൻ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന ഫലം സമർപ്പിക്കാൻ കഴിയുമെന്നും വിശ്വസിക്കുന്നു’-ജോർഡന്റെ പ്രതിരോധത്തിലെ മിന്നും താരമായ സലിം അജ്ലിന് സെമി ഫൈനൽ മത്സരം സസ്പെൻഷൻ കാരണം നഷ്ടമായിരുന്നു. ഇന്ന് ഫൈനലിൽ താരം തിരികെയെത്തും -സലിം അൽ അജ്ലിൻ (ജോർഡൻ പ്രതിരോധ താരം)
‘രണ്ടാം സ്ഥനമല്ല, ഏഷ്യൻ ബെസ്റ്റാണ് ലക്ഷ്യം’
‘ഇറാനെതിരായ സെമിഫൈനലും കഴിഞ്ഞ് രണ്ടു ദിവസത്തെ ഇടവേളയിലാണ് കളിക്കാർ ഫൈനലിനൊരുങ്ങുന്നത്. വിശ്രമവും വീണ്ടും കളി തുടങ്ങലും നിർണായകമാണ്. പ്രത്യേകിച്ച് എതിരാളികൾ കരുത്തരായ ജോർഡനാവുമ്പോൾ. ടീം അംഗങ്ങളിലെല്ലാം എനിക്ക് ആത്മവിശ്വാസമുണ്ട്. അവർ ഓരോരുത്തരും തങ്ങളുടെ റോൾ ഭംഗിയായി നിർവഹിക്കാൻ മിടുക്കുള്ളവരാണ്. ടീമിനെ ഫൈനൽ വരെ എത്തിക്കുന്നതിൽ അവരുടെ പങ്ക് മികച്ചതായിരുന്നു.
അക്രം അഫിഫ്, അൽ മുഈസ് അലി, ഹസൻ അൽ ഹൈദോസ് എന്നിവർ ഖത്തറിന്റെ പ്രചോദനമാണ്. കളിക്കാർ യന്ത്രങ്ങളല്ല. അവർ ഏറെ അധ്വാനിച്ചാണ് കളിക്കുന്നത്. ചിലപ്പോൾ അവരുടെ പ്രകടനം മാറിമറിഞ്ഞിരിക്കും. എങ്കിലും ഇതുവരെയുള്ള അതേ ധൈര്യവും പോരാട്ട വീര്യവും ജയിക്കാനുള്ള അഭിനിവേശവുമായാണ് ഞങ്ങൾ ഇറങ്ങുന്നത്. അതാണ് പ്രധാനം. രണ്ടാം സ്ഥാനമല്ല ലക്ഷ്യം, ഏഷ്യയിലെ ഏറ്റവും മികച്ചവരാവുകയാണ് ഞങ്ങളുടെ ലക്ഷ്യം’ -മാർക്വേസ് ലോപസ് (ഖത്തർ കോച്ച്)
‘ആതിഥേയരായ ഖത്തറിനെതിരെ കളി എളുപ്പമല്ല’
‘ഇരു ടീമിനും ഫൈനൽ ഏറെ വിശേഷപ്പെട്ട മത്സരമാണ്. ചരിത്ര വിജയമാണ് രണ്ടു പേരുടെയും ലക്ഷ്യം. സാധാരണപോലെ തന്നെ ഫൈനലിനായും ഞങ്ങൾ ഒരുങ്ങി. കൂടുതൽ സമ്മർദങ്ങൾ കളിക്കാരിലില്ല.
ഇന്നത്തെ മാച്ച് ജോർഡൻഫുട്ബാളിന് ഏറെ പ്രധാനമാണ്. ആദ്യ കിരീടനേട്ടത്തിന് ലുസൈലിൽ സാക്ഷ്യം വഹിച്ചേക്കാം. ഇതുവരെയുള്ള നേട്ടങ്ങളിൽ ഞാൻ സംതൃപ്തനാണ്. ജോർഡനെ ഫൈനൽ വരെയെത്തിക്കുകയെന്നത് വ്യക്തിപരമായി ഏറ്റെടുത്ത വെല്ലുവിളിയായിരുന്നു. രിക്കും ടെൻഷനുമില്ലാതെ ഫുൾ സ്ക്വാഡുമായാണ് ഫൈനലിന് ഇറങ്ങുന്നത്. ഖത്തർ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമാണ്. അവരെ സ്വന്തം മണ്ണിൽ നേരിടുകയെന്നത് എളുപ്പമല്ല’ - ഹുസൈൻ അമൗത (ജോർഡൻ ടീം കോച്ച്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.