യൂറോ കപ്പോടെ കളി നിർത്തും; ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ടോണി ക്രൂസ്
text_fieldsബർലിൻ: യൂറോ കപ്പിന് ശേഷം ഫുട്ബാൾ കരിയർ അവസാനിപ്പിക്കുമെന്ന് റയൽ മാഡ്രിഡിന്റെ ജർമൻ മിഡ്ഫീൽഡ് എൻജിൻ ടോണി ക്രൂസ്. 2014ൽ ജർമനിയുടെ ലോകകപ്പ് നേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരം ദേശീയ ടീമിനായി 108ഉം റയൽ മാഡ്രിഡിനായി 305ഉം മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. 2021ൽ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ചിരുന്നെങ്കിലും കഴിഞ്ഞ മാർച്ചിൽ പരിശീലകൻ ജൂലിയൻ നഗൽസ്മാന്റെ അഭ്യർഥന മാനിച്ച് തിരിച്ചുവരവ് പ്രഖ്യാപിക്കുകയായിരുന്നു.
2014ൽ റയൽ മാഡ്രിഡിലെത്തിയ ക്രൂസ് അവർക്കൊപ്പം നാല് ചാമ്പ്യൻസ് ലീഗ് അടക്കം 22 കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്. ഒരു തവണ ബയേൺ മ്യൂണിക്കിനൊപ്പവും ചാമ്പ്യൻസ് ലീഗ് നേടി. ജൂൺ ഒന്നിന് വെംബ്ലി സ്റ്റേഡിയത്തിൽ ബൊറൂസിയ ഡോട്ട്മുണ്ടിനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലായിരിക്കും റയൽ മാഡ്രിഡിനായുള്ള താരത്തിന്റെ അവസാന മത്സരം. ശേഷം ജർമൻ ദേശീയ ടീമിനൊപ്പം ചേരും.
റയൽ മാഡ്രിഡ് അവരുടെ വെബ്‌സൈറ്റിൽ പുറത്തിറക്കിയ പ്രസ്താവനയിൽ, ക്രൂസിന് നന്ദി അറിയിക്കുകയും ക്ലബിന്റെ ഇതിഹാസ താരങ്ങളിലൊരാളായി വാഴ്ത്തുകയും ചെയ്തു. റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ മികച്ച കളിക്കാരിലൊരാളാണ് ടോണി ക്രൂസെന്നും ക്ലബ് എന്നും അവന്റെ വീടായിരിക്കുമെന്നും ക്ലബ് പ്രസിഡന്റ് േഫ്ലാറന്റിനൊ പെരസും പ്രതികരിച്ചു.
‘എന്നെ തുറന്ന ഹൃദയത്തോടെ സ്വാഗതം ചെയ്യുകയും വിശ്വസിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ആദ്യ ദിവസം മുതൽ അവസാന ദിവസം വരെയുള്ള നിങ്ങളുടെ വാത്സല്യത്തിനും സ്നേഹത്തിനും പ്രിയപ്പെട്ട മാഡ്രിഡ് ആരാധകരോട് പ്രത്യേകം നന്ദി പറയാൻ ആഗ്രഹിക്കുന്നു. യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് ശേഷം കരിയർ അവസാനിപ്പിക്കാനാണ് തീരുമാനം. ഞാൻ എപ്പോഴും പറയുന്നതുപോലെ, റയൽ മാഡ്രിഡാണ് എൻ്റെ അവസാന ക്ലബ്. പ്രകടനത്തിന്റെ ഉന്നതിയിൽ വെച്ച് കരിയർ അവസാനിപ്പിക്കുക എന്നതായിരുന്നു എന്റെ ആഗ്രഹം. സന്തോഷവും അഭിമാനവുമുണ്ട്’ -വിരമിക്കൽ അറിയിച്ചുകൊണ്ട് ക്രൂസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.