കളിയോട് വിടപറഞ്ഞ് ടോണി ക്രൂസ്
text_fieldsബെർലിൻ: ജർമനിയുടെ സൂപ്പർ മിഡ്ഫീൽഡർ ടോണി ക്രൂസ് പ്രൊഫഷനൽ ഫുട്ബാളിൽനിന്ന് പടിയിറങ്ങി. യൂറോ കപ്പ് ക്വാർട്ടറിൽ സ്പെയിനിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടതിനു പിന്നാലെയാണ് താരത്തിന്റെ പടിയിറക്കം. യൂറോ കപ്പിനുശേഷം വിരമിക്കുമെന്ന് ക്രൂസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
ജർമനിക്കുവേണ്ടി 114 മത്സരങ്ങൾ കളിച്ചശേഷമാണ് ഈ 34കാരൻ വിരമിക്കുന്നത്. ദേശീയ ജഴ്സിയിൽ 17 ഗോളുകളും നേടിയിട്ടുണ്ട്. റയൽ മഡ്രിഡിൽ ഈ സീസണിനു പിന്നാലെ ക്രൂസ് പടിയിറക്കം പ്രഖ്യാപിച്ചിരുന്നു. 2007ൽ ബയേൺ മ്യൂണിക്കിലൂടെ പ്രൊഫഷനൽ കരിയറിന് തുടക്കമിട്ട ക്രൂസ് ക്ലബിനുവേണ്ടി 130 കളികളിൽ 13 ഗോളുകൾ നേടി. ഒരു സീസൺ ഇതിനിടയിൽ വായ്പാടിസ്ഥാനത്തിൽ ബയേർലെവർകുസന് കളിച്ചു. 2014 മുതൽ നീണ്ട പത്തുവർഷം റയൽ മഡ്രിഡിന്റെ മധ്യനിരയിലെ ചാലകശക്തിയായിരുന്നു ക്രൂസ്. ക്ലബിനുവേണ്ടി 306 കളികളിൽ കളത്തിലിറങ്ങി. 22 ഗോളുകളും നേടി.
രാജ്യത്തിനും ക്ലബിനുമായി മൊത്തം 814 മത്സരങ്ങൾ. 89 ഗോളുകൾ. 182 അസിസ്റ്റുകൾ. ഒരു ലോകകപ്പ്, ആറു ചാമ്പ്യൻസ് ലീഗ് കിരീടം, ആറ് ക്ലബ് ലോകകപ്പ്, നാലു ലാ ലിഗ കിരീടങ്ങൾ, മൂന്ന് ബുണ്ടസ്‍ലീഗ കിരീടങ്ങൾ, നാല് സ്പാനിഷ് സൂപ്പർ കപ്പ്, അഞ്ച് യൂറോപ്യൻ സൂപ്പർ കപ്പ് തുടങ്ങി നിരവധി അഭിമാനനേട്ടങ്ങളിലേക്ക് പാസുകളുതിർത്ത സംതൃപ്തിയോടെയാണ് ടോണിയുടെ പടിയിറക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.