റൊണാൾഡോയെ മറികടന്ന് ടോണി ക്രൂസിന് പടിയിറക്കം
text_fieldsലണ്ടൻ: ഒരു പതിറ്റാണ്ട് റയൽ മാഡ്രിഡ് മധ്യനിരയെ വിസ്മയിപ്പിക്കുന്ന നീക്കങ്ങളിലൂടെ മുന്നോട്ടു നയിച്ച ജർമൻ എൻജിൻ ടോണി ക്രൂസിന് ചാമ്പ്യൻസ് ലീഗ് കിരീടത്തോടെ പടിയിറക്കം. ടീമിന്റെ എക്കാലത്തെയും മികച്ച മിഡ്ഫീൽഡർമാരുടെ പട്ടികയിൽ ഇടമുറപ്പിച്ചാണ് താരം കളമൊഴിയുന്നത്. 2014ൽ റയൽ മാഡ്രിഡിലെത്തിയ ക്രൂസ്, അഞ്ച് ചാമ്പ്യൻസ് ലീഗുകളിൽ അടക്കം 23 കിരീട നേട്ടങ്ങളിൽ അവർക്കൊപ്പം പങ്കാളിയായി. ചാമ്പ്യൻസ് ലീഗ് ൈഫനലോടെ ക്ലബ് ഫുട്ബാളും യൂറോ കപ്പോടെ രാജ്യാന്തര മത്സരങ്ങളും അവസാനിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഒരു തവണ ബയേൺ മ്യൂണിക്കിനൊപ്പവും ചാമ്പ്യൻസ് ലീഗിൽ ജേതാവായ ക്രൂസിന് ഇത് ആറാം കിരീടമാണ്. ഇക്കാര്യത്തിൽ റയലിലെ സഹതാരങ്ങളായ ലൂക മോഡ്രിച്, നാചോ, ഡാനി കാർവഹാൽ എന്നിവർ മാത്രമാണ് താരത്തിനൊപ്പമുള്ളത്. അഞ്ച് കിരീടങ്ങൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ളവരെയാണ് പിന്നിലാക്കിയത്.
റയലിനായി 306 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ 34കാരൻ ബൊറൂസിയ ഡോട്ട്മുണ്ടിനെതിരായ ഫൈനലിലും അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഡാനി കാർവഹാലിന്റെ ആദ്യ ഗോൾ പിറന്നത് ക്രൂസ് എടുത്ത കോർണർ കിക്കിൽനിന്നായിരുന്നു. മത്സരത്തിൽ താരം എടുത്ത രണ്ട് ഫ്രീകിക്കുകളാണ് എതിർ ഗോൾകീപ്പർ മുഴുനീള ഡൈവിലൂടെ തട്ടിത്തെറിപ്പിച്ചത്. 2013ൽ ക്രൂസ് ആദ്യ ചാമ്പ്യൻസ് ലീഗ് നേടുമ്പോഴും എതിർവശത്തുണ്ടായിരുന്നത് ബൊറൂസിയ േഡാട്ട്മുണ്ടായിരുന്നു. അതിനും സാക്ഷ്യം വഹിച്ചത് വെംബ്ലി സ്റ്റേഡിയം തന്നെയായിരുന്നു എന്നത് മറ്റൊരു യാദൃശ്ചികത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.