സാന്‍റിയാഗോയിൽ അവസാന മത്സരത്തിൽ കണ്ണീരണിഞ്ഞ് ടോണി ക്രൂസ്; ഗാർഡ് ഓഫ് ഓണർ നൽകി സഹതാരങ്ങൾ
text_fieldsമഡ്രിഡ്: റയൽ മഡ്രിഡിന്‍റെ തട്ടകമായ സാന്‍റിയാഗോ ബെർണബ്യൂവിൽ ക്ലബിനായി അവസാന മത്സരം കളിച്ച് ജർമനിയുടെ വെറ്ററൻ മധ്യനിര താരം ടോണി ക്രൂസ്.
ലാഗ ലിഗ സീസണിലെ അവസാന മത്സരത്തിൽ ജയത്തോടെ സൂപ്പർതാരത്തിന് യാത്രയയപ്പ് നൽകാമെന്ന സഹതാരങ്ങളുടെ മോഹം പൂവണിഞ്ഞില്ല. റയൽ ബെറ്റിസുമായുള്ള മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ക്ലബ് കുപ്പായത്തിൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലാണ് ക്രൂസിന് ഇനിയുള്ള ഏക മത്സരം. ജൂൺ രണ്ടിന് വെംബ്ലിയിൽ നടക്കുന്ന കലാശപ്പോരിൽ ജർമൻ ക്ലബ് ഡോർട്ട്മുണ്ടാണ് റയലിന്‍റെ എതിരാളികൾ.
കഴിഞ്ഞദിവസമാണ് താരം പ്രഫഷനൽ ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. സ്വന്തം നാട്ടിൽ നടക്കുന്ന യൂറോ കപ്പോടെ
ഫുട്ബാൾ കരിയർ അവസാനിപ്പിക്കും. 2014ൽ ജർമനിയുടെ ലോകകപ്പ് നേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരം ദേശീയ ടീമിനായി 108ഉം റയൽ മാഡ്രിഡിനായി 306ഉം മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. 2021ൽ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ചിരുന്നെങ്കിലും കഴിഞ്ഞ മാർച്ചിൽ പരിശീലകൻ ജൂലിയൻ നഗൽസ്മാന്റെ അഭ്യർഥന മാനിച്ച് തിരിച്ചുവരുകയായിരുന്നു.
ബെറ്റിസുമായുള്ള മത്സരത്തിൽ 86ാം മിനിറ്റിൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി ക്രൂസിനെ പിൻവലിക്കുമ്പോൾ സ്റ്റേഡിയം ഒന്നടങ്കം എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് താരത്തിന് യാത്രയയപ്പ് നൽകിയത്. നേരത്തെ മത്സരത്തിന് മുമ്പ് സഹതാരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകിയിരുന്നു.
ബയേൺ മ്യൂണിക്കിൽന്ന് 2014ൽ റയലിലെത്തിയ ക്രൂസ് അവർക്കൊപ്പം നാല് ചാമ്പ്യൻസ് ലീഗ് അടക്കം 22 കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്. മത്സരശേഷം കുടുംബത്തെ കുറിച്ച് സംസാരിക്കുമ്പോൾ താരം ഏറെ വൈകാരികമായാണ് പ്രതികരിച്ചത്. ‘എന്‍റെ കുട്ടികളുടെ പ്രതികരണം അക്ഷരാർഥിത്തിൽ എന്നെ തകർത്തു... എനിക്ക് ഒന്നേ പറയാനുള്ള: റയൽ മാഡ്രിഡ്’ -ക്രൂസ് പറഞ്ഞു. ജെസ്സ് (ഭാര്യ) തീരുമാനത്തെ പിന്തുണച്ചു. എന്നാൽ, ലിയോണ് (മകൻ) തീരുമാനം ഇഷ്ടപ്പെട്ടില്ല. കടുത്ത മാഡ്രിഡ് ആരാധികയാണെങ്കിലും അമി (മകൾ) വളരെ സന്തോഷവതിയാണ്. ഒരുമിച്ച് കുതിര സവാരി നടത്തണമെന്ന് മകൾ ഒരുപാടായി ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, അപകടമാണെന്ന് പറഞ്ഞ് താൻ ഒഴിവാകുന്നതാണ് പതിവ്. ഇനിയിപ്പോൾ പുതിയ ഒഴികഴിവ് കണ്ടെത്തേണ്ടതുണ്ടെന്നും താരം പ്രതികരിച്ചു.
മത്സരത്തിൽ ആദ്യ പകുതിയിൽ ബെറ്റിസ് താരം ജോണി കാർഡോസോ വലകുലുക്കിയെങ്കിലും ഓഫ് സൈഡ് ട്രാപ്പിൽ കുരുങ്ങി. ബ്രസീൽ താരങ്ങളായ വിനീഷ്യസ് ജൂനിയറിനും റോഡ്രിഗോക്കും മികച്ച അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. നേരത്തെ തന്നെ ലാ ലിഗ കിരീടം ഉറപ്പിച്ച റയൽ, 38 മത്സരങ്ങളിൽനിന്ന് 95 പോയന്‍റുമായാണ് സീസൺ അവസാനിപ്പിച്ചത്. രണ്ടാമതുള്ള ബാഴ്സലോണക്ക് ഒരു മത്സരം ബാക്കി നിൽക്കെ, 82 പോയന്‍റാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.