ക്രിസ്റ്റ്യാനോ, മെസ്സി, പെലെ, നെയ്മർ.. അണിനിരക്കുന്ന ഈ 15 അംഗ പട്ടികയിൽ ഛേത്രി അഞ്ചാമനാണ്...
text_fieldsഎതിരാളികൾ ദുർബലരാണെങ്കിലും അതിമനോഹരമായ മൂന്നു ഗോളുമായി ഇതിഹാസ താരം ലയണൽ മെസ്സി നിറഞ്ഞാടിയതായിരുന്നു ചൊവ്വാഴ്ച നടന്ന അർജന്റീന- കുറസാവോ സൗഹൃദ മത്സരത്തിലെ ഒന്നാം വിശേഷം. കരിയറിൽ 100 രാജ്യാന്തര ഗോൾ പൂർത്തിയാക്കിയ താരത്തിനു മുന്നിൽ ടോപ്സ്കോറർമാരായി ഇനി രണ്ടു പേർ മാത്രമാണുള്ളത്- ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇറാന്റെ അലി ദായിയും. 122 ഗോളടിച്ച ക്രിസ്റ്റ്യാനോ ഗോൾ മെഷീനായി ഇപ്പോഴും പോർച്ചുഗൽ നിരയിൽ നിറഞ്ഞുനിൽക്കുന്നുണ്ടെങ്കിൽ അലി ദായി എന്നേ കളി നിർത്തി. ക്രിസ്റ്റ്യാനോ അത്രയും ഗോൾ നേടാൻ 198 കളികളിലിറങ്ങിയെങ്കിൽ അലി ദായിക്ക് 109 ഗോൾ നേടാൻ വേണ്ടിവന്നത് 148 മത്സരങ്ങൾ.
അതേ സമയം, സ്വന്തം രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ ഇന്ത്യയുടെ സുനിൽ ഛേത്രി അഞ്ചാമതാണ്. ലയണൽ മെസ്സിക്കു പിറകിൽ മലേഷ്യയുടെ മുഖ്താർ ദഹരി മാത്രമാണ് ഛേത്രിക്ക് മുന്നിലുള്ളത്- 89 ഗോളുകൾ. ഇന്ത്യൻ താരം ഇതുവരെ 85 ഗോൾ നേടിയിടുണ്ട്.
ഹംഗറിയുടെ ഇതിഹാസ താരം ഫെറങ്ക് പുഷ്കാസ് (84 ഗോൾ), അലി മബ്ഖൂത്ത് (യു.എ.ഇ- 80), ഗോഡ്ഫ്രെ ചിറ്റാലു (സാംബിയ- 79), ഹുസൈൻ സഈദ് (ഇറാഖ്- 78), റോബർട്ട് ലെവൻഡോവ്സ്കി (പോളണ്ട്- 78), പെലെ (ബ്രസീൽ- 77), നെയ്മർ (ബ്രസീൽ-77), സാൻഡോർ കോക്സിസ് (ഹംഗറി- 75), കമാമോട്ടോ (ജപ്പാൻ- 75), ബശ്ശാർ അബ്ദുല്ല (കുവൈത്ത്- 75) എന്നിവരാണ് ആദ്യ 15ലുള്ള മറ്റുള്ളവർ.
ഇതിൽ സുനിൽ ഛേത്രി, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, ലെവൻഡോവ്സ്കി, അലി മബ്ഖൂത്ത് എന്നിവർ ഇപ്പോഴും ദേശീയ ജഴ്സിയിൽ ഇറങ്ങുന്നവരായതിനാൽ റെക്കോഡുകൾ മാറിമറിയാൻ സാധ്യത കൂടുതൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.