ടോട്ടനത്തെ ഇരട്ട ഗോളിന് തകർത്ത് സിറ്റി; പ്രീമിയർ ലീഗിൽ ഒന്നാമത്
text_fieldsടോട്ടനത്തെ ഇരട്ട ഗോളിന് തകർത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പോയിന്റ്നിരയിൽ ഒന്നാമതെത്തി മാഞ്ചസ്റ്റർ സിറ്റി. ഹാലൻഡ് നേടിയ രണ്ട് ഗോളുകളാണ് ടോട്ടനത്തിനെതിരെ സിറ്റിക്ക് ജയമൊരുക്കിയത്. മത്സരത്തിന്റെ ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ഗോളുകളൊന്നും നേടാനായില്ല.
കളിയുടെ ആറാം മിനിറ്റിൽ ടോട്ടനത്തിനും എട്ടാം മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റിക്കും ഗോളവസരങ്ങൾ തുറന്നെടുക്കാനായെങ്കിലും നിർണായകമായ ഗോൾ മാത്രം അകന്നു നിന്നു. 16ാം മിനിറ്റിൽ സിറ്റിയുടെ ഫിൽ ഫോഡന്റെ ഉഗ്രനൊരു ഷോട്ട് ടോട്ടനം ഗോൾകീപ്പർ തടഞ്ഞിട്ടു. പിന്നീട് നിരവധി അവസരങ്ങൾ ഇരുടീമുകൾക്കും ലഭിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോൾ വീണില്ല.
രണ്ടാം പകുതിയുടെ 51ാം മിനിറ്റിൽ ഹാലൻഡാണ് സിറ്റിക്കായി ആദ്യ ഗോൾ നേടിയത്. ഡിബ്രുയിനിൽ നിന്ന് പന്ത് സ്വീകരിച്ച ഹാലൻഡ് അത് പിഴവുകളില്ലാതെ വലയിലെത്തിക്കുകയായിരുന്നു. 71ാം മിനിറ്റിൽ സിറ്റി ഡിഫൻസിനെ മറികടന്ന് ടോട്ടനം ഗോളടിക്കുമെന്ന് തോന്നിച്ചുവെങ്കിലും സിറ്റിയുടെ രക്ഷകനായി ഒർട്ടേഗ അവതരിച്ചു. 86ാം മിനിറ്റിൽ ഒരിക്കൽ കൂടി ഒർട്ടേഗ സിറ്റിയുടെ രക്ഷകനാവുന്നതാണ് കണ്ടത്. ഒടുവിൽ ഇഞ്ചുറി ടൈമിന്റെ ഒന്നാം മിനിറ്റിൽ ഒരു ഗോൾ കൂടി നേടി ഹാലൻഡ് സിറ്റിയുടെ വിജയം പൂർത്തിയാക്കി.
ഇതോടെ 37 കളികളിൽ നിന്ന് 88 പോയിന്റോടെ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തുള്ള ആഴ്സണലിന് 37 മത്സരങ്ങളിൽ നിന്ന് 86 പോയിന്റാണ് ഉള്ള്. മൂന്നാമതുള്ള ലിവർപൂളിന് 79 പോയിന്റും നാലാം സ്ഥാനത്തുള്ള ആസ്റ്റൺ വിലക്ക് 68 പോയിന്റുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.