വെസ്റ്റ് ഹാമിന്‍റെ വലനിറച്ച് ഫുൾഹാം; റിച്ചാലിസണിന്‍റെ ഇരട്ടഗോളിൽ ടോട്ടൻഹാമിനും മിന്നുംജയം
text_fieldsഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫുൾഹാമിനും ടോട്ടൻഹാമിനും തകർപ്പൻ ജയം. ഏകപക്ഷീമായ അഞ്ചു ഗോളിന് വെസ്റ്റ്ഹാമിനെ തരിപ്പണമാക്കിയ ഫുൾഹാം, അഞ്ചു ദിവസത്തിനിടെ ലീഗിൽ രണ്ടാം തവണയാണ് അഞ്ചു ഗോളിന്‍റെ ജയം നേടുന്നത്. കഴിഞ്ഞ മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെയും അഞ്ചു ഗോളിന് കശക്കിയെറിഞ്ഞിരുന്നു.
മെക്സിക്കൻ മുന്നേറ്റതാരം റൗൾ ജിമെനെസ് (22ാം മിനിറ്റിൽ), വില്ല്യൻ (31ാം മിനിറ്റിൽ), ടോസിൻ അദരബിയോയോ (41), ഹാരി വിൽസൺ (60ാം മിനിറ്റിൽ), കാർലോസ് (89) എന്നിവരാണ് വലകുലുക്കിയത്. മത്സരത്തിലുടനീളം മാർകോ സിൽവയുടെ സംഘത്തിനായിരുന്ന നിയന്ത്രണം. ജയത്തോടെ പോയന്‍റ് ടേബിളിൽ ഫുൾഹാം പത്തിലേക്കെത്തി. ഒമ്പതാമതുള്ള വെസ്റ്റ്ഹാമിനേക്കാൾ മൂന്നു പോയന്‍റിനു പിന്നിൽ. ‘ഉജ്ജ്വല പ്രകടനമാണ് ഞങ്ങൾ കാഴ്ചവെച്ചത്. കളിക്കാർ പദ്ധതി മനസ്സിലാക്കുകയും അത് വിജയകരമായി നടപ്പാക്കുകയും ചെയ്തു. ഈ ദിവസം ഞങ്ങളുടേതായിരുന്നു’ -മത്സരശേഷം പരിശീലകൻ സിൽവ പ്രതികരിച്ചു.
ടോട്ടൻഹാം ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ന്യൂകാസിൽ യുനൈറ്റഡിനെ തകർത്തത്. ഒക്ടോബറിനുശേഷം കളത്തിലേക്ക് മടങ്ങിയെത്തിയ ബ്രസീൽ താരം റിച്ചാലിസൺ ഇരട്ട ഗോളുകളുമായി (38, 60ാം മിനിറ്റുകളിൽ) തിളങ്ങി. തുടർച്ചയായ അഞ്ചു തോൽവികൾക്കുശേഷമാണ് സ്പർസ് വിജയവഴയിൽ തിരിച്ചെത്തുന്നത്. ഇറ്റാലിയൻ താരം ഡെസ്റ്റിനി ഉഡോഗിയെ (26ാം മിനിറ്റിൽ), സൺ ഹ്യൂങ്-മിൻ (85ാം മിനിറ്റിൽ -പെനാൽറ്റി) എന്നിവരും ടോട്ടൻഹാമിനായി ഗോളുകൾ കണ്ടെത്തി.
രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ ബ്രസീൽ താരം ജോലിന്റണാണ് ന്യൂകാസിലിന്‍റെ ആശ്വാസ ഗോൾ നേടിയത്. നിലവിൽ 16 മത്സരങ്ങളിൽനിന്ന് 30 പോയന്‍റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ് ടോട്ടൻഹാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.