ത്രില്ലർ പോരിൽ സിറ്റിയെ തളച്ച് ടോട്ടൻഹാം; റഫറിക്കെതിരെ രൂക്ഷ വിമർശനവുമായി ഹാലണ്ട്
text_fieldsഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വിവാദം നിറഞ്ഞ ത്രില്ലർ പോരിൽ മൂന്ന് ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞ് മാഞ്ചസ്റ്റർ സിറ്റിയും ടോട്ടൻഹാമും. ആറാം മിനിറ്റിൽ തന്നെ സിറ്റിയെ ഞെട്ടിച്ച് സൺ ഹ്യൂങ് മിൻ ടോട്ടൻ ഹാമിന് ലീഡ് സമ്മാനിച്ചു. ലോങ് ബാൾ പിടിച്ചെടുത്ത് വലതു വിങ്ങിലൂടെ അതിവേഗം മുന്നേറിയ സൺ തകർപ്പൻ ഷോട്ടിലൂടെ ഗോളിയെ കീഴടക്കുകയായിരുന്നു. അവസാനത്തെ 11 പ്രീമിയർ ലീഗ് മത്സരങ്ങളിൽ താരത്തിന്റെ ഒമ്പതാം ഗോളായിരുന്നു അത്.
എന്നാൽ, സൺ ഹ്യൂങ് മിനിന്റെ തന്നെ പിഴവിൽ മൂന്ന് മിനിറ്റിനകം ടോട്ടൻ ഹാം ഗോൾ വഴങ്ങുന്നതാണ് പിന്നെ കണ്ടത്. ബോക്സിന് തൊട്ടടുത്തുനിന്ന് ജൂലിയൻ അൽവാരസ് എടുത്ത ഫ്രീകിക്ക് ക്ലിയർ ചെയ്യുന്നതിനിടെ പന്ത് സണിന്റെ കാൽമുട്ടിൽ തട്ടി സ്വന്തം വലയിൽ കയറുകയായിരുന്നു. 13ാം മിനിറ്റിൽ ലീഡ് നേടാനുള്ള സുവർണാവസരം സൂപ്പർ താരം എർലിങ് ഹാലൻഡ് അവിശ്വസനീയമായി തുലച്ചു. 29ാം മിനിറ്റിൽ ജെറമി ടോകുവിന്റെ തകർപ്പൻ ഷോട്ട് ക്രോസ് പോസ്റ്റിൽ തട്ടിത്തെറിച്ചതും സിറ്റിക്ക് തിരിച്ചടിയായി. എന്നാൽ, രണ്ട് മിനിറ്റിനകം അവർ ലീഡ് പിടിച്ചു. ടോകുവിൽനിന്ന് അൽവാരസിലേക്കെത്തിയ പന്ത് മാർക്ക് ചെയ്യാതെ നിന്നിരുന്ന ഫിൽഫോഡന് കൈമാറുമ്പോൾ തട്ടിയിടേണ്ട ദൗത്യമേ താരത്തിനുണ്ടായിരുന്നുള്ളൂ. 35ാം മിനിറ്റിൽ അൽവാരസിന്റെ ഷോട്ടും പോസ്റ്റിൽ തട്ടിത്തെറിച്ചു. രണ്ടാം പകുതി തുടങ്ങിയയുടൻ സിറ്റി ലീഡ് വർധിപ്പിച്ചെന്ന് തോന്നിച്ചു. അൽവാരസ് ഹാലൻഡിന് നൽകിയ മനോഹര പാസ് ബെർണാഡോ സിൽവക്ക് കൈമാറി. സിൽവയുടെ ഷോട്ട് ടോട്ടൻഹാം ഗോൾകീപ്പർ പറന്നുയർന്ന് കുത്തിക്കയറ്റി.
69ാം മിനിറ്റിൽ ടോട്ടൻഹാം ഒപ്പം പിടിച്ചു. സൺ ഹ്യൂങ് മിന്നിന്റെ അസിസ്റ്റിൽ ജിയോവാനി ലോസെൽസോയുടെ തകർപ്പൻ ഇടങ്കാലൻ ഷോട്ട് പോസ്റ്റിൽ തട്ടി സിറ്റി വലയിൽ കയറുകയായിരുന്നു. 81ാം മിനിറ്റിൽ സിറ്റി വീണ്ടും ലീഡെടുത്തു. ടോട്ടൻഹാം താരത്തിൽനിന്ന് പിടിച്ചെടുത്ത പന്ത് ഹാലണ്ട് ബോക്സിലേക്ക് ക്രോസ് ചെയ്തപ്പോൾ പന്ത് കിട്ടിയ ജാക്ക് ഗ്രീലിഷിന് തട്ടിയിടേണ്ട ദൗത്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിറ്റി ജയം ഉറപ്പിച്ചു നിൽക്കെ കളിയുടെ അവസാന മിനിറ്റിൽ ടോട്ടൻഹാമിന്റെ മറുപടി ഗോളെത്തി. ബോക്സിൽനിന്ന് ജോൺസൻ നൽകിയ ക്രോസ് ഹെഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ദേജൻ കുലുസേവ്സ്കിയുടെ ഷോൾഡറിൽ തട്ടി പന്ത് പോസ്റ്റിനകത്ത് കയറുകയായിരുന്നു.
ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റിൽ വിജയഗോളിന് സിറ്റിക്ക് സുവർണാവസരം ലഭിച്ചു. ഫൗളിന് ഇരയായി നിലതെറ്റിയിട്ടും പന്ത് പിടിച്ചെടുത്ത ഹാലണ്ട് ഉയർത്തി നൽകിയ പാസ് ഗോളി മാത്രം മുന്നിൽനിൽക്കെ ജാക്ക് ഗ്രീലിഷിന് അനായാസം ഫിനിഷ് ചെയ്യാമായിരുന്നു. എന്നാൽ, റഫറിയുടെ ഓഫ്സൈഡ് വിസിൽ മുഴങ്ങി. റഫറിയുടെ തീരുമാനം തെറ്റാണെന്ന് വാദിച്ച് സിറ്റി താരങ്ങൾ രംഗത്തെത്തുകയും തർക്കങ്ങൾക്കിടയാക്കുകയും ചെയ്തു. ഏറെ രോഷത്തോടെയാണ് സിറ്റി താരങ്ങൾ കളിക്ക് ശേഷം ഗ്രൗണ്ട് വിട്ടത്. കളി കഴിഞ്ഞ ശേഷം എക്സിൽ വിഡിയോ പങ്കുവെച്ച എർലിങ് ഹാലണ്ട് റഫറിക്കെതിരായ രോഷം പ്രകടിപ്പിച്ചു. നിരവധി പ്രമുഖരും റഫറിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.
മറ്റൊരു മത്സരത്തിൽ ലിവർപൂൾ 4-3ന് ഫുൾഹാമിനെ തോൽപിച്ച് പോയന്റ് പട്ടികയിൽ സിറ്റിയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി. 33 പോയന്റുമായി ആഴ്സണൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ 31 പോയന്റുമായി ലിവർപൂൾ രണ്ടാമതും ഒരു പോയന്റ് പിറകിൽ സിറ്റി മൂന്നാമതുമാണ്.
മറ്റു മത്സരങ്ങളിൽ ചെൽസി 3-2ന് ബ്രൈറ്റനെ കീഴടക്കിയപ്പോൾ ബേൺമൗത്ത്-ആസ്റ്റൺവില്ല മത്സരവും (2-2) വെസ്റ്റ്ഹാം-ക്രിസ്റ്റൽ പാലസ് മത്സരവും (1-1) സമനിലയിൽ പിരിഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.