ടോട്ടനം പേജിൽ 'ദൃശ്യം' ഡയലോഗ്; ആരാണീ അതിഭീകരനായ അഡ്മിൻ എന്ന് മലയാളികൾ
text_fieldsലണ്ടൻ: വീണ്ടും മലയാളം ഡയലോഗുമായി ബ്രിട്ടനിലെ വിഖ്യാതമായ ടോട്ടനം ഹോട്‍സ്‌പർ ഫുബാൾ ക്ലബ്ബ്. ഇത്തവണ നവതരംഗമായ 'ദൃശ്യം 2'വിലെ ഡയലോഗാണ് ടോട്ടനം കടമെടുത്തിരിക്കുന്നത്. ടോട്ടനത്തിന്‍റെ ദക്ഷിണ കൊറിയൻ താരം സൺ ഹ്യൂങ് മിന്നിന്‍റെ ചിത്രത്തിനൊപ്പം അവരുടെ എഫ്ബി പേജിൽ കൊടുത്തിരിക്കുന്ന ഡയലോഗ് മലയാളികൾ ഹിറ്റാക്കിയിരിക്കുകയാണ്.
'അയാൾ അയാളുടെ ടീമിനെ സഹായിക്കാൻ ഏതറ്റം വരെയും പോകും' എന്ന ഡയലോഗാണ് ടോട്ടനം നൽകിയിരിക്കുന്നത്. He is a classic footballer എന്നും എഴുതിയിട്ടുണ്ട്. Drishyam2, HeungMinSon എന്നീ ഹാഷ്ടാഗുകളുമുണ്ട്. വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത കുറിപ്പിന് ഇതുവരെ 8500ഓളം ലൈക്കുകൾ ലഭിച്ചിട്ടുണ്ട്. ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബ്ബായ ടോട്ടനം ഇതിനുമുമ്പും മലയാളത്തിൽ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ 'ആരാണീ അതിഭീകരനായ മലയാളി അഡ്മിൻ?' എന്ന ചോദ്യം പല മലയാളി ആരാധകരും ചോദിച്ച് തുടങ്ങിയിട്ടുണ്ട്.
പുതിയ പോസ്റ്റിന് താഴെയും മലയാളത്തിലുള്ള കമന്‍റുകളുടെ പെരുമഴയാണ്. 'ആരാണീ അതിഭീകരനായ മലയാളി അഡ്മിൻ? അയാളെ കണ്ടെത്താൻ ഏതറ്റം വരെയും ഞങ്ങൾ പോകും, അത് ഹാക്കിങ് ആണെങ്കിൽ പോലും' എന്നാണ് ഒരാൾ കമന്‍റ് ചെയ്തിരിക്കുന്നത്. 'ഗ്രൗണ്ട് ഒന്ന് കുഴിച്ച് നോക്കിക്കോ...ഏതേലും ബോഡി കിട്ടിയാലോ...', 'അയ്സെരി...അയാൾ നമ്മളെ മരണം വരെ പിന്തുടരോ?' തുടങ്ങിയ കമന്‍റുകളുമുണ്ട്. മമ്മൂട്ടിയുടെ 'ബിലാൽ' ഇറങ്ങുേമ്പാഴും ഇൗ സപ്പോർട്ട് വേണം, ഇല്ലെങ്കിൽ ക്ലബ് വെബ്സൈറ്റ് ഹാക്ക് ചെയ്യും എന്ന് ഭീഷണി മുഴക്കിയവരുമുണ്ട്. 'ദൃശ്യ'ത്തിന്‍റെ നിർമാതാവ് ആന്‍റണി പെരുമ്പാവൂർ ടോട്ടനത്തെ വാങ്ങിയോ എന്നും ചിലർ ചോദിക്കുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാണിച്ചവരുമുണ്ട്. 'അഡ്മിൻ സർ..ആകെ വശപിശക്കു ആയിട്ട് ഇരിക്കുവാണ് ഞങ്ങളുടെ കേരള ബ്ലാസ്റ്റേഴ്‌സ്... ഞങ്ങൾക്കു ആരാ സഹായിക്കാൻ എന്ന് പറഞ്ഞ് തരാമോ? എന്ന് ഒരു ഹത ഭാഗ്യനായ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകൻ' എന്നായിരുന്നു ഒരാളുടെ കമന്‍റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.