യുനൈറ്റഡിന്റെ സ്വപ്നങ്ങൾക്കു മീതെ ടോട്ടൻഹാമിന്റെ ഉശിരൻ തിരിച്ചുവരവ്
text_fieldsആദ്യപകുതിയിൽ രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടാം പകുതിയിൽ അത്യുജ്വലമായി തിരിച്ചടിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡിനെ സമനിലയിൽ പിടിച്ചുകെട്ടി ടോട്ടൻഹാം. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നാലും അഞ്ചും സ്ഥാനക്കാരുടെ നിർണായക പോരാണ് ആവേശകരമായ സമനിലയിൽ കലാശിച്ചത്. ഏഴാം മിനിറ്റിൽ തന്നെ റാഷ്ഫോഡിന്റെ അസിസ്റ്റിൽ ജേഡൻ സാഞ്ചോ അക്കൗണ്ട് തുറന്നതോടെ മുന്നിലെത്തിയ യുനൈറ്റഡുകാർ ഒന്നാം പകുതി അവസാനിക്കാൻ ഒരു മിനിറ്റ് ശേഷിക്കെ മികച്ച ഫോമിലുള്ള മാർകസ് റാഷ്ഫോഡിലൂടെ ലീഡുയർത്തിയതോടെ തുടർച്ചയായ നാലാം വിജയം സ്വപ്നം കണ്ടതാണ്.
എന്നാൽ, 56ാം മിനിറ്റിൽ പെഡ്രോ പോറൊയുടെ ഗോൾ ടോട്ടൻഹാമിന് പകർന്ന ആത്മവിശ്വാസം ചെറുതായിരുന്നില്ല. വർധിത വീര്യത്തോടെയുള്ള പ്രത്യാക്രമണത്തിൽ കളി അവസാനിക്കാൻ 11 മിനിറ്റ് ശേഷിക്കെ ഹാരി കെയിനിന്റെ പാസിൽ സൺ ഹ്യൂങ് മിനും ലക്ഷ്യം കണ്ടതോടെ സ്പർശിന് വിജയത്തോളം പോന്ന സമനിലയാണ് ലഭിച്ചത്. മറ്റു മത്സരങ്ങളിൽ ന്യൂകാസിൽ എവർട്ടനെ 4-1നും ബേൺമൗത്ത് സതാംപ്ടണെ എതിരില്ലാത്ത ഒരു ഗോളിനും തോൽപിച്ചു.
സമനിലയിൽ കുടുങ്ങിയതോടെ മാഞ്ചസ്റ്റർ യുനൈറ്റഡിന് പോയന്റ് പട്ടികയിൽ ന്യൂ കാസിലിനെ മറികടന്ന് മൂന്നാമതെത്താനുള്ള അവസരമാണ് നഷ്ടമായത്. 32 മത്സരങ്ങൾ പൂർത്തിയാക്കിയ ന്യൂകാസിലിന് 62 പോയന്റും ഒരു മത്സരം കുറച്ചു കളിച്ച യുനൈറ്റഡിന് 60 പോയന്റുമാണുള്ളത്. അഞ്ചാം സ്ഥാനത്തുള്ള ടോട്ടൻഹാമിന് 33 മത്സരങ്ങളിൽ 54 പോയന്റാണുള്ളത്. ഇത്രയും മത്സരങ്ങളിൽ ആസ്റ്റൺ വില്ലക്കും ഇതേ പോയന്റാണ്. ഒരു മത്സരം കുറച്ചുകളിച്ച ലിവർപൂൾ ഇരു ടീമിനും ഭീഷണിയായി തൊട്ടുപിന്നിലുണ്ട്. 33 മത്സരങ്ങൾ കളിച്ച് 75 പോയന്റുള്ള ആഴ്സണലാണ് പോയന്റ് പട്ടികയിൽ മുമ്പിൽ. എന്നാൽ, രണ്ട് മത്സരം കുറച്ചു കളിച്ച മാഞ്ചസ്റ്റർ സിറ്റി 73 പോയന്റുമായി തൊട്ടുപിന്നിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.