റോഡ് ടെസ്റ്റിന് ഫുൾ മാർക്ക്; ലോകകപ്പ് വേദികളിലേക്ക് 1300 ബസുകളുടെ ട്രയൽ റൺ പൂർത്തിയാക്കി
text_fieldsദോഹ: ദശലക്ഷം പേർ കാണികളായി ദോഹ നഗരത്തിലേക്ക് ഒഴുകിയെത്തുകയും, അൽ ഖോറിലെ അൽ ബെയ്തിനും അൽ വക്റയിലെ അൽ ജനൂബിനുമിടയിൽ 75 കിലോമീറ്ററിനുള്ളിൽ എട്ട് സ്റ്റേഡിയങ്ങളിൽ കളി പൊടിപൊടിക്കുകയും ചെയ്യുമ്പോൾ റോഡിലെ താളംതെറ്റാതിരിക്കാനുള്ള ജാഗ്രതയിലാണ് അധികൃതർ.
തിരക്കേറിയ ദിനങ്ങളിൽ റോഡിലെ ഗതാഗതം എങ്ങനെ ആയിരിക്കുമെന്നതിന്‍റെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയതോടെ വിശ്വമാമാങ്കത്തിലേക്ക് ആത്മവിശ്വാസത്തോടെ വളയം പിടിക്കാൻ ഖത്തറിന്‍റെ പൊതുഗതാഗത വിഭാഗമായ മുവാസലാത് (കർവ) തയാറായി. വ്യാഴാഴ്ചയായിരുന്നു ലോകകപ്പിനായി ഒരുക്കിയ 1300 ബസുകൾ റോഡിലിറക്കി ടെസ്റ്റ് ഡ്രൈവ് വിജയകരമായി സംഘടിപ്പിച്ചത്.
ദോഹയിൽനിന്നും ഖത്തറിന്‍റെ രണ്ടു ഭാഗങ്ങളിലായുള്ള സ്റ്റേഡിയങ്ങളായ അൽ ബെയ്തും അൽ ജനൂബും ലക്ഷ്യമാക്കിയായിരുന്നു വ്യാഴാഴ്ച രാവും പകലുമായി ലോകകപ്പ് ബസുകൾ ഓടിത്തുടങ്ങിയത്. ഒഴുകിയെത്തുന്ന ദശലക്ഷം കാണികളുടെ യാത്രക്കായി സജ്ജമാക്കിയ മൂവായിരത്തോളം വരുന്ന ബസുകളിൽ ഒരു ഭാഗം മാത്രമാണ് ടെസ്റ്റ് റണ്ണിനായി കഴിഞ്ഞ ദിവസം റോഡിലിറക്കിയത്. ദോഹയിലെ വിവിധ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച്, ആളുകളെ നിറച്ചും അല്ലാതെയുമായി ബസുകൾ ട്രയൽ റൺ നടത്തി.
കളി തുടങ്ങിക്കഴിഞ്ഞാൽ ഒരേ സമയം മൂന്നു ലക്ഷത്തിലേറെ വരെ കാണികൾ ദോഹയിലുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. തലസ്ഥാന നഗരത്തോട് ചേർന്ന് താമസം ഉറപ്പിക്കുന്ന കാണികളെ കുറ്റമറ്റ ഗതാഗത സംവിധാനത്തിലൂടെ സമയബന്ധിതമായി സ്റ്റേഡിയങ്ങളിലേക്കും മറ്റിടങ്ങളിലേക്കും എത്തിക്കുക എന്ന വെല്ലുവിളിയെ വിജയകരമായി നിറവേറ്റുകയാണ് മുവാസലാത്ത്. ദോഹയിൽനിന്നും ഒമ്പത് റൂട്ടുകളിലായിരുന്നു ട്രയൽ റൺ സർവിസ്. മത്സര സമയം അനുസരിച്ച് സ്റ്റേഡിയങ്ങളിലേക്കും, ഫാൻസോൺ ഉൾപ്പെടെയുള്ള മേഖലകളിലേക്കും ക്രമീകരിച്ച് ബസുകൾ ലോകകപ്പ് ആവേശം പകർന്നുതന്നെ ഓടി. അർധരാത്രിയിൽ മത്സരം കഴിഞ്ഞ് മടങ്ങുന്ന കാണികളെ എത്തിക്കുന്ന തരത്തിലായിരുന്നു റിട്ടേൺ സർവിസുകൾ.
ലോകകപ്പിനായി 3000ത്തോളം പുതിയ ബസുകളാണ് മുവാസലാത്ത് വാങ്ങിയത്. ഇതിൽ 741 ഇലക്ട്രിക് ബസുകളാണ്. ഇന്ത്യക്കാർ ഉൾപ്പെടെ ഏഷ്യക്കാരും ആഫ്രിക്കക്കാരുമായി 10,000ത്തിൽ ഏറെ ഡ്രൈവർമാരുമുണ്ട്. ഏറ്റവും മികച്ച പരിശീലനം നൽകിയാണ് ഡ്രൈവർമാരെ സജ്ജമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.