ട്വന്റി20 വനിത ലോകകപ്പ്; പുറത്താകലിന്റെ സങ്കടത്തിന്റെ മുറിവുണക്കാൻ എത്രകാലം വേണ്ടിവരും -ഹർമൻപ്രീത് കൗർ
text_fieldsകേപ്ടൗൺ: ഇഞ്ചുകളുടെ വ്യത്യാസത്തിൽ റണ്ണൗട്ടായതിന്റെ സങ്കടത്തിന്റെ മുറിവുണക്കാൻ എത്രകാലം വേണ്ടിവരുമെന്ന ചിന്തയിലാണ് ഇന്ത്യയുടെ ട്വന്റി20 വനിത ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ദക്ഷിണാഫ്രിക്കയിലെ പ്രവചനാതീത കാലാവസ്ഥയെ തുടർന്ന് പനി ബാധിച്ചിട്ടും ലോകകപ്പ് സെമിഫൈനലിൽ ആസ്ട്രേലിയക്കെതിരെ പോരാടാനിറങ്ങിയ ഇന്ത്യൻ നായികതന്നെ ഒടുവിൽ വില്ലത്തിയാവുകയായിരുന്നു. 173 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് അടുത്ത സമയത്താണ് 14.4 ഓവറായപ്പോൾ ഹർമൻപ്രീത് റണ്ണൗട്ടായത്. 34 പന്തിൽ 52 റൺസുമായി തകർപ്പൻ ഫോമിലിരിക്കെയാണ് താരം മടങ്ങിയത്. രണ്ടാം റണ്ണിനായി ഓടിയ ഹർമൻപ്രീത് സ്ട്രൈക്കിങ് എൻഡിന് തൊട്ടടുത്തെത്തിയിട്ടും ബാറ്റ് ക്രീസിൽ കുത്താതിരുന്നത് വ്യാപക വിമർശനത്തിനിടയാക്കി. സ്കൂൾകുട്ടികളുടെ പിഴവ് എന്നാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ പുറത്താകലിനെ വിശേഷിപ്പിച്ചത്.
എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ലെന്ന് മത്സരശേഷം കരച്ചിലടക്കാനാവാതെ ഹർമൻ പ്രീത് പറഞ്ഞു. എത്രകാലം ഈ ദുഃഖം പേറേണ്ടിവരുമെന്ന് മുറിയിലേക്കു മടങ്ങുമ്പോൾ ചിന്തിച്ചു. എന്നാലും, ടീം നന്നായി കളിച്ചുവെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. ഫൈനലിലെത്താൻ ഈ കളി പോരെന്ന് മനസ്സിലായി. പുറത്താകലിനെ തുടർന്ന് ദുഃഖം നിയന്ത്രിക്കാൻ പറ്റിയില്ലെന്നും ഹർമൻപ്രീത് അഭിപ്രായപ്പെട്ടു.
സ്കൂൾകുട്ടികളുടേതുപോലുള്ള പിഴവല്ലെന്നും നിർഭാഗ്യമാണെന്നുമാണ് ക്യാപ്റ്റന്റെ മറുപടി. പക്വതയുള്ളവരും അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നവരുമാണ് എല്ലാവരും. താൻ പുറത്തായതോടെ മത്സരം ആസ്ട്രേലിയയുടെ കൈയിലായി. പുറത്താകൽ മത്സരത്തിലെ വഴിത്തിരിവായി. ഇല്ലെങ്കിൽ ഇന്ത്യ ഒരോവർ ബാക്കിനിൽക്കെ ജയിക്കുമായിരുന്നു. അവസാനം കൂടുതൽ ഉത്തരവാദിത്തത്തോടെ ബാറ്റർമാർ കളിക്കേണ്ടിയിരുന്നു.
താൻ പുറത്തായശേഷം റിച്ച ഘോഷും ദീപ്തിയും ക്രീസിലുണ്ടായിരുന്നു. റിച്ച മികച്ച ബാറ്ററായിരുന്നതിനാൽ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, ബാറ്റർമാർ എട്ടു പന്തുകൾ റണ്ണില്ലാതെ കളിച്ചത് ടീമിന് വിനയായെന്നും ഇന്ത്യൻ ക്യാപ്റ്റൻ വിലപിക്കുന്നു. കണ്ണീര് കാണാതിരിക്കാൻ കറുത്ത കണ്ണടയണിഞ്ഞാണ് മത്സരശേഷം ഹർമൻപ്രീത് പ്രതികരിച്ചത്. കമന്റേറ്ററുടെ റോളിലുണ്ടായിരുന്ന മുൻ ക്യാപ്റ്റൻ അഞ്ജും ചോപ്രയും ടീമംഗങ്ങളും ഹർമൻപ്രീതിനെ ആശ്വസിപ്പിച്ചു. പുറത്തായി മടങ്ങുമ്പോൾ ദേഷ്യവും സങ്കടവും കാരണം ഗ്രൗണ്ടിൽ ബാറ്റ് വലിച്ചെറിഞ്ഞ ഹർമൻപ്രീത് ഡ്രസിങ് റൂമിലേക്ക് കയറുമ്പോഴും നിരാശ പ്രകടമാക്കി.
2017ലെ വനിത ഏകദിന ലോകകപ്പ് ഫൈനലിൽ മിതാലി രാജും 2019ലെ ഏകദിന ലോകകപ്പിൽ എം.എസ്. ധോണിയും പുറത്തായതിന് സമാനമാണ് ഹർമൻപ്രീത് സിങ് വിക്കറ്റ് കളഞ്ഞതെന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി പേർ എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.