‘ഈ മെസ്സി അന്യഗ്രഹ ജീവിയാണ്...ആ ഫസ്റ്റ് പാസ്?..എങ്ങനെയാണ് അയാൾ ആ പഴുതു കണ്ടത്?
text_fieldsന്യൂയോർക്ക്: ആ ക്രോസിൽ ജോർഡി ആൽബ വായുവിൽ മലക്കം മറിഞ്ഞ് പന്ത് ബോക്സിൽ ലയണൽ മെസ്സിയിലേക്ക് തട്ടിയിടുന്നു. ഉയർന്നുവന്ന പന്തിനെ കാലിലെടുക്കുമ്പോൾ അയാളെ തൊട്ടുതൊട്ടെന്ന മട്ടിൽ ഒരു ഡിഫൻഡറുണ്ടായിരുന്നു. ഇടങ്കാലിലെടുത്ത പന്തിനെ അതേപോലെ നിയന്ത്രിച്ചുനിർത്തി ഒന്നു വെട്ടിത്തിരിഞ്ഞു. ഇപ്പോൾ പന്ത് പൂർണമായും അയാളുടെ ഇടങ്കാലിന്റെ വരുതിയിൽ. തടയാനെത്തിയ ഡിഫൻഡർ അതിനകം നിലതെറ്റി, നിരായുധനായിക്കഴിഞ്ഞിരുന്നു.
അപ്പോഴേക്കും നാലുപാടുംനിന്ന് എതിർതാരങ്ങൾ ഓടിയടുത്തു. ആ പന്തിനെ നിയന്ത്രിച്ച് പാസ് തൊടുക്കാനൊരുങ്ങുമ്പോൾ ഏഴു ന്യൂയോർക്ക് റെഡ് ബുൾ കളിക്കാർ അയാളുടെ ഏതു നീക്കവും തടയാൻ തയാറായി നിരന്നുനിൽക്കുന്നുണ്ടായിരുന്നു. പക്ഷേ, സാധ്യതകളുടെ നേരിയ അംശങ്ങളിൽ സൂചിക്കുഴയിലൂടെയെന്നപോലൊരു പാസ്. അന്തിച്ചുനിന്ന എതിരാളികൾക്കിടയിലൂടെ അയാളുടെ തലോടലിൽ പന്ത് ഉരുണ്ടുനീങ്ങിയത് കൃത്യമായി ബെഞ്ചമിൻ ക്രിമാഷിയിലേക്ക്. ക്രിമാഷിയുടെ സമാന്തര പാസ് തിരിച്ച് മെസ്സിയിലേക്ക്. ക്രിമാഷിയെ പ്രതിരോധിക്കാനായി ബുൾസിന്റെ അവസാന കാവൽക്കാരൻ കാർലോസ് കൊറോണൽ വലയുടെ ഇടത്തേ മൂലയിലൊതുങ്ങിപ്പോയപ്പോൾ തുറന്നുകിടന്ന വലയിലേക്ക് മെസ്സിയുടെ ആദ്യ മേജർ ലീഗ് സോക്കർ ഗോളായി ആ പന്ത് പാഞ്ഞുകയറി.
*******
എം.എൽ.എസിൽ അയാൾ അരങ്ങേറിയതുകണ്ട് അന്തംവിട്ടിരിക്കുകയാണ് ഫുട്ബാൾ ലോകം. പകരക്കാരനായിറങ്ങി പന്തടക്കത്തിന്റെ പൂർണതയിലൊരു ഗോളിന്റെ കിലുക്കത്തോടെ. ലീഗ്സ് കപ്പിലും യു.എസ് ഓപൺ കപ്പിലും കാഴ്ചവെക്കുന്ന വിസ്മയങ്ങളുടെ തുടർച്ച. എല്ലായ്പോഴുമെന്നപോലെ ട്വിറ്ററിൽ മെസ്സിയെന്ന ഹാഷ്ടാഗ് വീണ്ടും ട്രെൻഡിങ് ആയപ്പോൾ ആ പാസിനെയും ഗോളിനെയുമൊക്കെ അതിശയത്തിൽ കോർത്തുവെക്കുകയാണ് കളിക്കമ്പക്കാർ.
‘മെസ്സി യഥാർഥമല്ല. അയാളൊരു അന്യഗ്രഹ ജീവിയാണ്. ദശാബ്ദങ്ങൾക്കുശേഷവും പണ്ട് ചെയ്തതൊക്കെ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത് എന്നെ അതിശയിപ്പിക്കുന്നു. ആ ഫസ്റ്റ് പാസ്?...എങ്ങനെയാണ് അയാൾ ആ പഴുതു കണ്ടത്? അത് നൽകിയത്? അന്യഗ്രഹ ജീവി തന്നെ’ -യു.കെയിലെ പ്രൊഫഷനൽ ക്ലബ് അനലിസ്റ്റും എഴുത്തുകാരനുമായ ഉമിർ ഇർഫാൻ ട്വിറ്ററിൽ കുറിച്ചു.
‘ലയണൽ മെസ്സി, ആ പാസ്, ആ ഗോൾ!’ -അർജന്റീനയിലെ പ്രമുഖ സ്പോർട്സ് റിപ്പോർട്ടറായ റോയ് നെമർ എഴുതി. ‘ഭൂമിയിൽ ലയണൽ മെസ്സിക്കല്ലാതെ മറ്റൊരു മനുഷ്യജീവിക്കും ആ പാസിന്റെ സാധ്യത കാണാൻ കഴിയില്ല’ -മറ്റൊരു ട്വിറ്റർ ഹാൻഡിലിലെ കുറിപ്പ് ഇങ്ങനെയായിരുന്നു.
‘സൂക്ഷിച്ചുനോക്കൂ...ന്യൂയോർക്ക് കളിക്കാർ അവരുടെ കാഴ്ചകളിൽ മെസ്സിയുടെ മുന്നോട്ടുള്ള ആ കുതിപ്പ് കണ്ടിട്ടുണ്ടാവില്ല. ക്രിമാഷി ആ പന്ത് കട്ട് ബാക്ക് ചെയ്തപ്പോൾ മാത്രമാണ് പന്ത് ടാപ് ഇൻ ചെയ്യാൻ മെസ്സി പോസ്റ്റിന് തൊട്ടുമുന്നിൽ ഉണ്ടായിരുന്നുവെന്ന് അവർ തിരിച്ചറിഞ്ഞത്’ -ഒരു ആരാധകൻ ചൂണ്ടിക്കാട്ടിയതിങ്ങനെ.
‘ഇതാണ് മെസ്സിയുടെ ആദ്യ എം.എൽ.എസ് ഗോൾ. സ്വന്തം ഗോളുകൾ ഒരുക്കുന്നതിൽ അദ്ദേഹം ഏറെ മികവു കാട്ടുന്നവനാണ്. അവിശ്വസനീയമായ ഉൾക്കാഴ്ച’ -ഗോൾ നേടുന്ന വിഡിയോ പങ്കുവെച്ച് ഒരാൾ കുറിച്ചു. ട്വിറ്ററിൽ നിരവധി പേരാണ് മെസ്സിയുടെ പാസിനെയും ഗോളിനെയും പ്രകീർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.