Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകാവ്യനീതിയും...

കാവ്യനീതിയും പ്രത്യാശയുമെല്ലാം ഇന്നും അണയാതെ തെളിയുന്നതിന്‍റെയും കൂടി വിജയം; അർജന്‍റീനയുടെ വിശ്വവിജയത്തിന്‍റെ രണ്ട് വർഷം!

text_fields
bookmark_border
കാവ്യനീതിയും പ്രത്യാശയുമെല്ലാം ഇന്നും അണയാതെ തെളിയുന്നതിന്‍റെയും കൂടി വിജയം; അർജന്‍റീനയുടെ വിശ്വവിജയത്തിന്‍റെ രണ്ട് വർഷം!
cancel

'നിങ്ങൾ ഒരു കാര്യത്തിന് വേണ്ടി ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് നേടാൻ ലോകം മുഴുവൻ നിങ്ങളോടൊപ്പം നിൽക്കും'-പൗലോ കൊയ്‌ലോ.

രണ്ട് വർഷം മുമ്പ് ഇതേ ദിവസമാണ് അർജന്‍റീന ലോക ഫുട്ബാളിന്‍റെ രാജാക്കൻമാരാകുന്നത്. ആദ്യ മത്സരം മുതൽ അവസാന മത്സരം വരെ കെടാതെ കാത്ത ആവേശത്തിന്‍റെ, ഒത്തൊരുമയുടെ, അഭിനിവേശത്തിന്‍റെ പ്രതീകമായി അർജന്‍റീനയുടെ ഫുട്ബാൾ ലോകകപ്പ് വിജയത്തെ വാഴ്ത്തിപാടാം. ഇത്രയും ആഘോഷിക്കപ്പെട്ട ഒരു കിരീടധാരണ കായിക ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോകില്ല എന്നുറപ്പിക്കാം. അർജന്‍റീന എന്ന ടീമിന്‍റെ വിജയത്തിനപ്പുറം ലയണൽ മെസ്സി എന്ന ഫുട്ബാൾ അതികായന്‍റെ വിജയത്തെയാണ് ലോകം കൂടുതൽ ആഘോഷിച്ചതും ഇന്നും ആഘോഷിക്കുന്നതും.

ഫുട്ബാളിന്‍റെ ചുറ്റിപറ്റിയുള്ള സകല ട്രോഫികളും സകല നേട്ടങ്ങളുമെല്ലാം നേടിയിട്ടും രാജ്യത്തിന്‍റെ കുപ്പായത്തിൽ അദ്ദേഹത്തിന് നേടാൻ സാധിക്കാത പോയ കപ്പിന്‍റെ പേരിൽ എന്നും അയാൾ കുരിശിലേറ്റപ്പെട്ടിരുന്നു. കരിയറിന്‍റെ ഭൂരിഭാഗം സമയത്തും ഇതിന്‍റെ പേരിൽ മാത്രം മെസ്സിയെ യാതൊരു യുക്തിയില്ലാതെ ഒരു മോശം താരമായി ചിത്രീകരകിക്കുന്നവരുണ്ടായിരുന്നു . അവർക്കെതിരെയുള്ള ആദ്യത്തെ അടി കോപ്പ അമേരിക്കയിലെ വിജയമായിരുന്നു പിന്നീട് ഫൈനലിസിമ്മ വിജയിച്ചും ഒടുവിൽ ഫുട്ബാൾ കളിക്കുന്ന കാലം മുതൽ താൻ കൊണ്ടുവരുമെന്ന് അർജന്‍റീനക്കാർ അടിയുറച്ച് വിശ്വസിച്ച ലോകകപ്പ് വിജയവും. മെസ്സിയെ രണ്ടാമതാക്കാൻ ശ്രമിക്കുന്നവരുടെ കല്ലറയിലെ അവസാന ആണിയായിരുന്നു അത്. ലോകകപ്പ് നേട്ടത്തിന് ശേഷം പീറ്റർ ഡ്ര്യൂറി എന്ന പ്രശസ്ത കമന്‍റേറ്റർ പറഞ്ഞത് പോലെ ഇന്നും അയാളേക്കാൾ മികച്ചവരുണ്ടെന്ന് വാദിക്കുന്നവരുണ്ടാകും എന്നാൽ അതിനെല്ലം മുകളിലാണ് അയാൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഈ കിരീടം സ്വന്തമാക്കുന്നത്.

'ഞങ്ങളെ വിശ്വസിക്കുന്ന ആരാധകർക്ക് ഞാൻ ഉറപ്പുതരുന്നു, ഈ ടീം നിങ്ങളെ നിരാശരാക്കില്ല,' ടൂർണമെന്‍റിലെ ആദ്യ മത്സത്തിൽ സൗദിയോട് തോറ്റതിന് ശേഷം മെസ്സി പറഞ്ഞ വാക്കുകളാണിവ. ഇത്തവണ ലോകം അദ്ദേഹത്തെ വിശ്വസിച്ചു. ആദ്യ മത്സരത്തിലെ തോൽവി കണ്ട് അർജന്‍റീനയുടെ വിധി എഴുതാൻ നിന്നവർ എഴുതി തീരുന്നതിന് മുമ്പായിരുന്നു മെക്സിക്കോക്കെതിരെയുള്ള മത്സരം. ആദ്യ പകുതിയിൽ താളം കണ്ടെത്താൻ വിഷമിച്ചിരുന്ന ടീമിനെ തോളത്തേറ്റിക്കൊണ്ട് 64ാം മിനിറ്റിൽ ബോക്സിന് വെളിയിൽ നിന്നും മെസ്സി തൊടുത്തുവിട്ട ലോങ് റേഞ്ചർ ടീമിന്‍റെ മുഴുവൻ മോട്ടീവിനെയും ഉയർത്തുന്നതായിരുന്നു. പോളണ്ടിനെയും കടന്ന് ഗ്രൂപ്പ് ഘട്ടം പിന്നിട്ട അർജന്‍റീന പ്രീക്വാർട്ടറിൽ ആസ്ട്രേലിയയെയായിരുന്നു നേരിട്ടത്.

ആസ്ട്രേലിയ വീറോടെ കളിച്ചു, പരമാവധി പൊരുതി എന്നാൽ അർജന്‍റീനക്ക് വേണ്ടി മിസിഹാ വീണ്ടും അവതരിച്ചു, ഒടുവിൽ 2-1ന്‍റെ വിജയം. കൂടി പോയാൽ ക്വാർട്ടർ, അതിനപ്പുറം അർജന്‍റീന പോകില്ല..ശക്തരയ നെതർലെൻഡ്സിനെ ഈ ടീം തോൽപ്പിക്കില്ല എന്ന് പലരും എഴുതി തള്ളി. മെസ്സിയെ തളക്കുമെന്ന് വാൻ ഗാലിന്‍റെ വെല്ലുവിളി വേറെ. ടൂർണമന്റെിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരമായി മാറിയ മത്സരത്തിൽ അർജന്‍റീന ജയിച്ചുകയറി. കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന നിലക്ക് ഇരു ടീമുകളും കളിച്ചും തല്ലിയും 90 മിനിറ്റിൽ രണ്ട് ഗോൾ വെച്ച് നേടി. മുമ്പെങ്ങും കാണാത്ത മെസ്സിയെ വളരെ അഗ്രസീവായി ഗ്രൗണ്ടിൽ കാണപ്പെട്ടു. മെസ്സിക്ക് മറഡോണയുടെ ബാധ കേറിയതാണെന്ന് ആരോ പറയുന്നുണ്ടായിരുന്നു. മത്സരശേഷവും വാൻഗാലിന് നേരെ മെസ്സി തിരിഞ്ഞതൊന്നും ആരും മറക്കില്ല. ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തിൽ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിന്‍റെ മാസ്മരികത പ്രകടനം അർജന്‍റീനയെ ക്വാർട്ടർ കടത്തി. അയാളുടെ കോൺഫിഡൻസും അഗ്രസീവുമെല്ലാം അഹങ്കാരം എന്ന് മുദ്രകുത്തിയവർ ഇന്നും അത് തുടരുന്നു.

വേർ ഈസ് മെസ്സി? (Where is Messi?), ഒച്ചോവ, ലെവൻഡോസ്കി, വാൻഗാൽ... എന്നീ വെല്ലുവിളികളോടൊപ്പം പ്രതീക്ഷകളുടെ അമിതഭാരവുമേറി മുന്നേറിയ ഫുട്ബോൾ ദൈവം മറഡോണയുടെ പിന്മുറക്കാർക്ക് കപ്പിനും ചുണ്ടിനിമിടയിൽ രണ്ട് വിജയങ്ങളുടെ മാത്രം ദൂരം! സെമിയിൽ ശക്തരായ ക്രോയേഷ്യയെ നിശ്പ്രഭമാക്കിക്കൊണ്ട് മൂന്ന് ഗോളിന്‍റെ അനായാസ ജയം. ലയണൽ സ്കലോനി എന്ന ബുദ്ധിരാക്ഷസന്‍റെ കോച്ചിങ് മികവിന്‍റെ പരക്കോടിയാണ് ഈ മത്സരത്തിൽ കണ്ടത്. 20 കാരൻ ക്രോയേഷൻ ഡിഫൻഡർ ഗ്വാർഡിയോളിനെ ഒരു 35 വയസുകാരൻ വട്ടം കറക്കിയ മത്സരവും ഇത് തന്നെ. ഗ്രൗണ്ടിൽ അയാൾ കവിത രചിക്കുകയല്ലായിരുന്നു മറിച്ച് അയാൾ തന്നെ കവിതയായി മാറി!

യൂറോപ്യൻ ഫുട്ബാൾ ലാറ്റിനേക്കാൾ മുകളിലാണെന്ന് വാദിച്ചിരുന്ന കിലിയൻ എംബാപ്പെയുടെ അപ്പോഴത്തെ ലോകചാമ്പ്യൻമാരായിരുന്ന ഫ്രാൻസിനെതിരെയായിരുന്നു ഫൈനൽ. ഇത്രയും ത്രില്ലിങ്ങായ ഒരു ലോകകപ്പ് മാമങ്കത്തിന് ഒരു അസാധാരണ ഫൈനൽ തന്നെ വേണമായിരുന്നു. ആദ്യ 70 മിനിറ്റോളം അർജന്‍റീന പൂർണ ആധിപത്യം പുലർത്തിയ മത്സരത്തിൽ, രണ്ട് ഗോളിന് ലീഡ് ചെയ്തിരുന്ന മത്സരത്തിൽ എംബാപ്പെ എന്ന കാളക്കൂറ്റൻ അർജന്‍റീനയുടെ പ്രതീക്ഷകൾക്ക് നേരെ കുതിച്ചെത്തി. ജല്ലിക്കെട്ടിൽ അഴിച്ചുവിട്ട കാളയെപോലെ മുന്നിൽ വരുന്ന എല്ലാത്തിനെയും മറിച്ചിടുമെന്ന ഭാവത്തിലായിരുന്നു പിന്നീട് എംബാപ്പെ. എന്നാൽ കാലിൽ നിന്നും കളി പോയിതുടങ്ങിയെന്ന സാഹചര്യത്തിൽ അർജന്‍റീന മനം കൊണ്ടു കളിച്ചു. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളിൽ തോറ്റ ലോകകപ്പുകളും 2014ൽ ന‍‍ഷ്ടമായ ഫൈനലുമെല്ലാം അവരുടെ ഉള്ളിൽ കൂടി ഒരു മിന്നായം പോലെ ഓടിയിട്ടുണ്ടാകണം. 90 മിനിറ്റുകൾക്ക് ശേഷം മത്സരം 2-2 എന്ന നിലയിലായിരുന്നു, എക്സ്ട്രാ ടൈമിൽ മെസ്സി അർജന്‍റീനയെ മുന്നിലെത്തിക്കുന്നു എന്നാൽ മിനിറ്റുകൾക്ക് ശേഷം എംബാപ്പെ ഫ്രാൻസിനെ ഒപ്പമെത്തിക്കുന്നു. ലുസൈൽ സ്റ്റേഡിയത്തിൽ തീപ്പോരി പാറിയിരുന്നു. എക്സ്ട്രാ ടൈമും കടന്ന് പെനാൽട്ടി ഷൂട്ടൗട്ടിലും എംബാപ്പെ എമിലിയാനോയെ മറികടക്കുന്നു.. മൂന്ന് തവണയാണ് എംബാപ്പെ ഇതേ മത്സരത്തിൽ എമിക്കെത്തിരെ പെനാൽട്ടി ഗോളാക്കി മാറ്റുന്നത്. എന്നാൽ ലോകകപ്പിന്‍റെ ഗോളിയായ എമിയെ അതൊന്നും തളർത്തിയില്ല. ഫ്രാൻസിന്‍റെ രണ്ട് പെനാൽട്ടി കിക്കുകൾ അനായാസം തടഞ്ഞിട്ട എമി വർഷങ്ങളോളം നീണ്ടുനിന്ന അർജന്‍റീനയുടെ ലോകകപ്പ് വരൾച്ചക്ക് അവസാനമിട്ടു. ജീവനേക്കാളേറെ ആ ലാറ്റിൻ അമേരിക്കൻ രാജ്യത്തിന്‍റെ ഫുട്ബോൾ ടീമിനെ സ്നേഹിച്ചവരുടെയെല്ലാം ആഗ്രഹം നിറവേറ്റുന്ന അർജന്‍റീനയുടെ അവസാന പെനാൽട്ടി കിക്ക് ഗോളിലേക്ക് തൊഴിച്ചത് മോന്‍റിയാലായിരുന്നു.

കാലങ്ങളോളം അർജന്‍റീനക്ക് ഇല്ലാതിരുന്ന ഒരു കോൺഫിഡന്റ് കീപ്പറായി നിലകൊണ്ട എമിലിയൊനോ തന്നെയായിരുന്നു മെസ്സിക്ക് ശേഷം അർജന്‍റീനയുടെ കിരീടധാരയിൽ ഏറ്റവും പ്രധാന പങ്കുവഹിച്ചത്. കപ്പിനും ചുണ്ടിനുമിടയിൽ വീണേക്കാവുന്ന ഫൈനലിലെ അവസാന മിനിറ്റിലെ ഗോൾ സേവ് ഇന്നും ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. ഗോളുകളും അസിസ്റ്റൊന്നും പ്രത്യക്ഷത്തില്ലെങ്കിലും പന്തിന് പിറകെ ഓടിയ, തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്ന ഡി പോളും മധ്യ നിരയിലെ മാണിക്യങ്ങളായി മാറിയ എൻസോ ഫെർനാണ്ടസും മാക് അലിസ്റ്ററുമെല്ലാം മരിച്ച് കളിച്ചു. ക്രിസ്റ്റൻ റൊമേറോ നയിച്ച പ്രതിരോധ നിരയും അറ്റാക്കിനോളം തന്നെ ഉയർന്ന് നിന്നിരുന്നു. ആസ്ട്രേലിയക്കെതിരെ ലിസാൻഡ്രോ മാർട്ടിനസിന്‍റെ സ്ലൈഡിങ് ടാക്കിളൊക്കെ മറക്കാൻ സാധിക്കുമോ. മുന്നേറ്റ നിരയിൽ മെസ്സിയോടൊപ്പം തോളോട് തോൾ ചേർന്ന് നിന്ന പ്രിയ കൂട്ടുകാരൻ മാലാഖ ഡി മരിയ, ഗോളടിച്ച് തിമിർത്ത ജൂലിയൻ അൽവാരസ്. സബ്ബായി കളത്തിലിറങ്ങിയ പരേഡസ്, ലൗറ്റാറ മാർട്ടിനസ്, പൗളൊ ഡിബാല എന്നിവരെല്ലാം ജീവൻ കൊടുത്ത് തന്നെ ടീമിനായി നിലകൊണ്ടു. ഒരു ഗെയ്മിനപ്പുറം എല്ലാവിധ വികാരങ്ങളും ഓരോ മത്സരത്തിനും നൽകി അവരുടെ കപ്പിത്താൻ അർഹിക്കുന്ന കിരീടത്തിലേക്ക് അവർ ഒരുമിച്ചെത്തി. ഓർക്കുമ്പോൽ കുളിര് കോരുന്ന, രോമഞ്ചത്തിന്‍റെ പരമോന്നതയിലെത്തുന്ന ആ കിരീട നേട്ടത്തിന് ഇവരോട് ലോക കായിക് പ്രേമികൾ എന്നും കടപ്പെട്ടിരിക്കും.

കാവ്യനീതി എന്നൊന്നു ലോകത്തുണ്ടെന്ന് ആളുകളെ കൊണ്ട് വിശ്വസിപ്പിക്കുന്ന, പ്രതീക്ഷകളറ്റ് ജീവിക്കുന്ന മനുഷ്യർക്ക് ഒന്നും അവസാനിച്ചിട്ടില്ലെന്നുള്ള പ്രത്യാശനൽകുന്ന, ലോകത്ത് ഇന്നും നീതിയുടെ അംശം ബാക്കിയുണ്ടെന്ന് ഉയർത്തിക്കാട്ടുന്നതാണ് ലോക ഫുട്ബാളിനെ വിജയിച്ച ഫുട്ബാളിനെ പൂർണമാക്കിയ ലയണൽ ആൻഡ്രിയാസ് മെസ്സി എന്ന ആ കുറിയ മനുഷ്യന്‍റെ ലോകകപ്പ് വിജയം. ഒരുപക്ഷെ ആ ഫൈനലിൽ ഒരുപക്ഷെ എംബാപ്പെയുടെ തിരിച്ചടിയിൽ അർജന്‍റീനയുടെ കയ്യിൽ നിന്നും ട്രോഫി വഴുതി പോയിരുന്നുവെങ്കിൽ മുകളിൽ പറഞ്ഞ വിശ്വാസങ്ങളെല്ലാം തകർന്ന് തരിപ്പണമായേനേ... ലോകം നീതിയോടയല്ല മുന്നോട്ട് നീങ്ങുന്ന വിശ്വസിക്കുന്നവരുടെ എണ്ണത്തിൽ വമ്പൻ വർധനവ് തന്നെ കാണാമായിരുന്നു.

ലോകത്തിന്‍റെ ഒരു കോണിൽ ജനിച്ച, ഒരു ചെറിയ രാജ്യത്തിന് വേണ്ടി ഒരു കായിക ഇനത്തിൽ മാന്ത്രികത സൃഷ്ടിച്ച ഒരു ചെറിയ മനുഷ്യന്‍റെ ഏറ്റവും വലിയ നേട്ടത്തിന് റൊസാരിയോ തെരുവ് മുതൽ ഇങ്ങ് ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥനമായ കേരളത്തിൽ വരെയുള്ള മനുഷ്യർ, പ്രായം 70 കഴിഞ്ഞവർ മുതൽ ഫുട്ബാളിന്‍റെ ബാലപാഠങ്ങളിൽ മാത്രം കാലെടുത്ത വെച്ച കൊച്ച് കുട്ടികളും വരെ, ഫുട്ബാളിന്‍റെ നിലവിലെ അതികായരെന്ന് വിശ്വസിക്കുന്ന യൂറോപ്യൻ രാജ്യങ്ങളും ഫുട്ബാൾ എന്ന കളി പരിചിതമില്ലാത്ത ചെറിയ രാജ്യങ്ങളും എതിരെ കളിച്ച് പിൻവാങ്ങിയവരും ഒരുമിച്ച് കളിച്ചവരുമെല്ലാം ഒരുപോലെ ഫുട്ബാളിന്‍റെ രാജാവിന്‍റെ പട്ടാഭിഷേകം ഏറ്റകുറച്ചിലകളൊന്നുമില്ലാതെ ആഘോഷമാക്കി. അവർ ആർമാദിച്ചു, പടക്കങ്ങൾ പൊട്ടിച്ചു, ആനന്ദകണ്ണീരൊഴുക്കി. കൊയ്‍ലോ പറഞ്ഞത് പോലെ നിങ്ങൾ ഒരു കാര്യത്തിന് വേണ്ടി ആത്മാർത്ഥമായി ആഗ്രഹിച്ചാൽ തീർച്ചയായും അത് നേടാൻ ലോകം നിങ്ങളോടൊപ്പം നിൽക്കും!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiFifa World cup 2022Argentina.
News Summary - two years of Argentina's World Cup Win
Next Story