അണ്ടർ 17 ഏഷ്യാ കപ്പ് യോഗ്യത റൗണ്ട്; സൗദിയോട് പൊരുതിത്തോറ്റ് ഇന്ത്യ
text_fieldsദമ്മാം: അണ്ടർ 17 ഏഷ്യാ കപ്പ് യോഗ്യത റൗണ്ടിൽ കരുത്തരായ സൗദി അറേബ്യയോട് പൊരുതിത്തോറ്റ് ഇന്ത്യ. ദമ്മാമിലെ അമീർ മുഹമ്മദ് ബിൻ ഫഹദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കരുത്തരായ അവസാന നിമിഷം വരെ പോരാടി ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യ കീഴടങ്ങിയത്.
ഹാട്രിക് വിജയം നേടിയിറങ്ങിയ ഇരു ടീമുകളും കാഴ്ചക്കാരെ ആവേശത്തിലാക്കി മികച്ച പോരാട്ടമാണ് നടത്തിയത്. മത്സരത്തിന്‍റെ തുടക്കത്തിൽ ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളുകൾ മാത്രം പിറന്നില്ല. കളിയുടെ 21ാം മിനിറ്റിൽ ഇന്ത്യൻ പ്രതിരോധ നിരയിലെ ആശയകുഴപ്പത്തിൽനിന്നു ലഭിച്ച അവസരം മുതലെടുത്ത് കിടിലൻ ഷോട്ടിലൂടെ സൗദിയുടെ ഒമ്പതാം നമ്പർ താരം തലാൽ ഹാജി ആദ്യ ഗോൾ നേടി.
തിരിച്ചടിക്കാനുള്ള ഇന്ത്യൻ ശ്രമം സൗദി പ്രതിരോധത്തിന് മുമ്പിൽ പലപ്പോഴും നിഷ്‌ഫലമായി. 41ാം മിനിറ്റിൽ ഇന്ത്യക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. 57ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സൗദി ലീഡ് ഉയർത്തി. തലാൽ ഹാജിയാണ് കിക്കെടുത്തത്.
ഇന്ത്യ ഗോളുകൾ തിരിച്ചടിക്കാനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യൻ ടീം നിരന്തരം സൗദി പോസ്റ്റിൽ വെല്ലുവിളി ഉയർത്തി. 86ാം മിനിറ്റിൽ ഇന്ത്യൻ സ്‌ട്രൈക്കർ തങ്‌ലാൽ സൗൻ ഗാംഗ്‌ടെ ഇന്ത്യയുടെ ആശ്വാസ ഗോൾ കണ്ടെത്തി. ഗാലറിയിൽ 'ഇന്ത്യാ, ഇന്ത്യാ' എന്ന ആർപ്പ് വിളികളുയർന്നു. മ്യാന്മർ, കുവൈത്ത്, മാലിദ്വീപ് എന്നിവക്കെതിരെ ഇന്ത്യ വിജയിച്ചിരുന്നു.
സൗദിക്കൊപ്പം ഇന്ത്യയും എ.എഫ്.സി അണ്ടർ 17 ഏഷ്യൻ കപ്പിന് യോഗ്യത നേടി. കളിക്കിടയിൽ പകരക്കാരെ പരീക്ഷിക്കാതെ നടത്തിയ ഇന്ത്യൻ ടീമിന്റെ കളിയെ കാൽപന്ത് പ്രേമികൾ വാനോളം പ്രശംസിച്ചു. പ്രതികൂല കാലാവസ്ഥയിലും ഇന്ത്യൻ ടീമിന്റെ മികച്ച കായിക ക്ഷമതയേയും അവർ എടുത്തുപറഞ്ഞു. വനിതകൾക്ക് സ്റ്റേഡിയത്തിൽ പ്രവേശന അനുമതി നൽകിയതിനാൽ ദമ്മാമിലെ ഇന്ത്യൻ പ്രവാസി കുടുംബങ്ങൾക്ക് മത്സരം കാണാനായി. നിരവധി പേർ കുടുംബങ്ങളുമായി കളികാണാനെത്തി.
കളിയുടെ തുടക്കം മുതൽ മികച്ച പിന്തുണ നൽകിയ ഇന്ത്യൻ പ്രവാസികളുടെ അടുത്തെത്തി അഭിവാദ്യം ചെയ്താണ് ക്യാപ്റ്റൻ വൻലാൽപെക ഗൈറ്റിന്റെ നേതൃത്വത്തിൽ ഇന്ത്യൻ താരങ്ങൾ സ്റ്റേഡിയം വിട്ടത്. മത്സരം തുടങ്ങുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പേ ഇന്ത്യക്കാർ സ്റ്റേഡിയത്തിൽ ഇരിപ്പിടമുറപ്പിച്ചു. ഒഴുകിയെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ അധികൃതർ ഏറെ പ്രയാസപ്പെട്ടു.
സൗദിയിലെ ഫുട്ബാൾ പ്രേമികളായ പ്രവാസികൾ ഇന്ത്യൻ ടീമിന്റെ മികച്ച മത്സരം കാണാൻ സാധിച്ചതിലുള്ള ആഹ്ലാദം പങ്കുവെച്ചാണ് സ്റ്റേഡിയം വിട്ടത്.
ഇന്ത്യക്ക് യോഗ്യത
ദമ്മാം: ഗ്രൂപ്പിലെ അവസാന കളിയിൽ സൗദി അറേബ്യയോട് 2-1ന് തോറ്റിട്ടും ഇന്ത്യക്ക് അണ്ടർ 17 ഏഷ്യൻ കപ്പ് യോഗ്യത. ആദ്യ മൂന്നു കളിയും ജയിച്ചിരുന്ന ഇന്ത്യ സൗദിക്ക് പിന്നിൽ ഗ്രൂപ്പിൽ രണ്ടാമതെത്തിയാണ് 10 ഗ്രൂപ്പുകളിലെ മികച്ച ആറു രണ്ടാം സ്ഥാനക്കാരിൽ ഇടംപിടിച്ച് യോഗ്യത ഉറപ്പാക്കിയത്. അടുത്ത വർഷം മേയ് മൂന്നു മുതൽ 20 വരെ ബഹ്റൈനിലാണ് അണ്ടർ 17 ഏഷ്യൻ കപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.