മറഡോണ ഇല്ലാതെ നാപ്പോളിയുടെ ആദ്യ സീരി എ കിരീടം; ആഘോഷലഹരിയിൽ ആരാധകർ
text_fieldsഇറ്റാലിയൻ സീരി എ കിരീടം നാപ്പോളിക്ക്. 33 വർഷത്തിനുശേഷം ആദ്യമായാണ് ടീം ലീഗ് കിരീടം നേടുന്നത്. ഇതിഹാസ താരം ഡീഗോ മറഡോണയില്ലാതെ ടീമിന്‍റെ ആദ്യ കിരീടം.
ഉദിനീസിനെതിരായ മത്സരത്തിൽ സമനില (1-1) പാലിച്ചതോടെയാണ് ടീം കിരീടം ഉറപ്പിച്ചത്. മത്സരത്തിന്‍റെ 13ാം മിനിറ്റിൽ സാൻഡി ലോറിച്ചിലൂടെ ഉദിനീസ് ലീഡ് എടുത്തെങ്കിലും 52ാം മിനിറ്റിൽ നാപ്പോളി നൈജീരിയൻ താരം വിക്ടർ ഒസിംഹനിലൂടെ സമനില പിടിച്ചു. ടീമിന് കിരീടത്തിലേക്ക് ഒരു സമനില ദൂരം മാത്രം മതിയായിരുന്നു. ലീഗിൽ അഞ്ചു മത്സരങ്ങൾ ബാക്കി നിൽക്കെയാണ് ടീമിന്‍റെ മൂന്നാം സീരി എ കിരീട നേട്ടം. 33 മത്സരങ്ങളിൽനിന്നായി നാപ്പോളിക്ക് 80 പോയന്‍റാണുള്ളത്. രണ്ടാമതുള്ള ലാസിയോക്ക് ഇത്രയും മത്സരങ്ങളിൽനിന്ന് 64 പോയന്‍റും.
മറഡോണ ക്ലബിൽ പന്തുതട്ടിയ സുവർണകാലത്താണ് ടീം വലിയ നേട്ടങ്ങൾ സ്വന്തമാക്കിയത്. 1987ലും 1990ലും സീരി എ കിരീടവും ചൂടി. നേട്ടങ്ങളുടെ നെറുകയിൽനിന്ന് ക്ലബ് പിന്നീട് താഴോട്ട് പതിക്കുന്നതാണ് കണ്ടത്. ലീഗിലും തരംതാഴ്ത്തപ്പെട്ടു. കഴിഞ്ഞ 11 സീസണിൽ മൂന്നു തവണ കോപ്പ ഇറ്റാലിയ കിരീടം ചൂടിയെങ്കിലും സീര എ കിരീടം മാത്രം സ്വപ്നമായി അവശേഷിച്ചു.
കിരീടമുയര്‍ത്താനുള്ള മൂന്നാമത്തെ അവസരമാണ് നാപ്പോളി ഇന്നലെ ഉപയോഗപ്പെടുത്തിയത്. ബുധനാഴ്ച രണ്ടാം സ്ഥാനക്കാരായ ലാസിയോക്കെതിരായ മത്സരം ജയിച്ചിരുന്നെങ്കിൽ ടീമിന് കളത്തിലിറങ്ങാതെ തന്നെ കപ്പുയര്‍ത്താമായിരുന്നു. എന്നാല്‍ ലാസിയോ 2-0ന് ആ മത്സരം ജയിച്ചു. കഴിഞ്ഞയാഴ്ച സാലര്‍നിതാനയുമായി സമനില വഴങ്ങിയതും തിരിച്ചടിയായി. മറഡോണയുടെ കാലത്തില്‍നിന്ന് വ്യത്യസ്തമായി ഒരാളുടെ ചുമലിലേറിയല്ല നാപ്പോളി കിരീടം തൊട്ടത്.
സെന്റര്‍ ഫോര്‍വേഡ് വിക്ടര്‍ ഒസിംഹന്‍ 26 മത്സരങ്ങളിൽനിന്ന് 21 ഗോളുകളുമായി ലീഗിലെ ടോപ് സ്കോററാണ്. ജോർജിയ വിങ്ങർ ഖവിച ഖ്വാരറ്റ്‌സ്‌കേലിയ 12 ഗോളുകളും 10 അസിസ്റ്റുകളുമായി കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ചു. ടോറിനോ (1947-48), ഫിയറന്റീന (1955-56), ഇന്റര്‍ മിലാന്‍ (2006-07), യുവന്റസ് (2018-19) ക്ലബുകൾ മാത്രമേ ഇതിനുമുമ്പ് അഞ്ച് മത്സരങ്ങള്‍ ശേഷിക്കെ ഗീല് ചാമ്പ്യന്മാരായിട്ടുള്ളൂ.
മൂന്നു ദശകത്തിനിടെ ആദ്യമായി ഇറ്റാലിയന്‍ ലീഗ് ഫുട്‌ബാള്‍ കിരീടം നേടിയത് ആഘോഷമാക്കുകയാണ് നാപ്പോളി ആരാധകർ. മറഡോണയുടെ ചിത്രങ്ങളും ബാനറുകളും കൈയിലേന്തി ആ പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞും നേപ്പ്ള്‍സ് നഗരം ആടിയും പാടിയും ആഘോഷലഹരിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.