യുവന്‍റസിന് കോൺഫറൻസ് ലീഗ് വിലക്ക്; ചെൽസിക്ക് വൻ പിഴ
text_fieldsജനീവ (സ്വിറ്റ്‌സർലൻഡ്): യൂറോപ്യൻ ഫുട്‌ബാൾ അസോസിയേഷന്റെ സാമ്പത്തിക നിയന്ത്രണ നിയമങ്ങൾ ലംഘിച്ച ഇറ്റാലിയൻ ക്ലബായ യുവന്റസിനെ ഇത്തവണ യൂറോപ കോൺഫറൻസ് ലീഗില്‍ പങ്കെടുക്കുന്നതിൽനിന്ന് വിലക്കി. യുവന്റസിനും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിക്കും വൻതുക പിഴയും ചുമത്തിയിട്ടുണ്ട്. യുവേഫ ക്ലബ് ഫിനാൻഷ്യൽ ബോഡി കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച അന്വേഷണത്തിന്റെ തുടർച്ചയായാണ് നടപടി. 10 ദശലക്ഷം യൂറോയാണ് ഇരു ക്ലബുകളും പിഴയൊടുക്കേണ്ടത്.
യുവന്റസ് കുറ്റക്കാരാണെന്ന് നേരത്തേ കണ്ടെത്തിയ ബോഡി, കഴിഞ്ഞ സീരി എ സീസണിൽ ടീമിന്റെ 10 പോയന്റ് വെട്ടിക്കുറക്കുകയും ചെയ്തിരുന്നു. ഇതോടെ ഇവർ ഏഴാം സ്ഥാനത്തേക്ക് വീണു. വിധിയിൽ വേദന പ്രകടിപ്പിച്ച യുവന്റസ് അപ്പീൽ പോകില്ലെന്ന് അറിയിച്ചു.
തങ്ങളുടെ വാദം അംഗീകരിച്ചില്ലെങ്കിലും യുവേഫ തീരുമാനം മാനിച്ചു മുന്നോട്ടുപോവുമെന്ന് ക്ലബ് ചെയർമാൻ ജിയാൻലൂക്ക ഫെരേരോ പ്രതികരിച്ചു. 2012നും 2019നും ഇടയിൽ നടന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അപൂർണമായ വിവരങ്ങൾ സമർപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ചെൽസിക്കെതിരെ നടപടി. പ്രീമിയർ ലീഗിൽ ഇക്കുറി 12ാം സ്ഥാനത്തായിരുന്നു ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.