അരീനയിൽ ആഴ്സണലിന്‍റെ കണ്ണീർ; ബയേൺ ചാമ്പ്യൻസ് ലീഗ് സെമിയിൽ
text_fieldsയുവേഫ ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ക്ലബ് ആഴ്സണൽ സെമി കാണാതെ പുറത്ത്. രണ്ടാംപാദ ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതോടെയാണ് മൈക്കൽ അർട്ടേറ്റയുടെയും സംഘത്തിന്‍റെയും സെമി പ്രതീക്ഷകൾ ഇല്ലാതായത്. ഇരുപാദങ്ങളിലുമായി സ്കോർ: 3-2.
ഗണ്ണേഴ്സിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ 2-2 എന്ന സ്‌കോറിലായിരുന്നു കളി അവസാനിച്ചത്. 63ാം മിനിറ്റിൽ ജോഷ്വ കിമ്മിച്ച് ഹെഡ്ഡറിലൂടെയാണ് വിജയഗോൾ നേടിയത്. സെമിയിൽ ബയേൺ റയൽ മഡ്രിഡിനെ നേരിടും. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ സമനില വഴങ്ങിയെങ്കിലും ബുണ്ടസ് ലീഗയിൽ നിറംമങ്ങിയ ബയേണിനെ അവരുടെ തട്ടകമായ അലിയൻസ് അരീനയിൽ മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് ആഴ്സണൽ കളത്തിലിറങ്ങിയത്.
പരിക്കേറ്റ സൂപ്പർതാരങ്ങളായ സെർജി നബ്രി, കിങ്സ്ലി കോമാൻ എന്നിവർ ബയേൺ നിരയിൽ ഇല്ലായിരുന്നു. ആദ്യപകുതിയിൽ ഗബ്രിയേൽ മാർട്ടിനെല്ലിക്ക് സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന്‍റെ ഷോട്ട് നേരെ ബയേൺ ഗോളി മാനുവൽ ന്യൂയറിന്‍റെ കൈകളിലേക്കായിരുന്നു. ഗോള്‍ രഹിതമായ ഒന്നാം പകുതിക്കുശേഷമാണ് ബയേൺ വിജയ ഗോൾ നേടുന്നത്. ഗുറേറോ നല്‍കിയ ക്രോസ് മികച്ച ഒരു ഹെഡ്ഡറിലൂടെയാണ് കിമ്മിച്ച് വലയിലാക്കിയത്. തുടര്‍ന്ന് ആഴ്‌സണല്‍ തിരിച്ചടിക്കാന്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ബയേണ്‍ പ്രതിരോധത്തെ മറികടക്കാനായില്ല.
ആഴ്സണലിന് ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനായിട്ടില്ല. കഴിഞ്ഞദിവസം ആസ്റ്റൺ വില്ലയോട് തോറ്റത് ആഴ്സണലിന്‍റെ പ്രീമിയർ ലീഗ് കിരീട പ്രതീക്ഷക്ക് തിരിച്ചടിയായിരുന്നു. ഇതോടെ മാഞ്ചസ്റ്റർ സിറ്റി പോയന്‍റ് ടേബിളിൽ തലപ്പത്തേക്ക് കയറി. ശനിയാഴ്ച വൂൾവ്സിനെതിരെയാണ് ആഴ്സണലിന്‍റെ അടുത്ത മത്സരം.
ബുണ്ടസ് ലീഗയിലെ ബയേണിന്‍റെ 11 വർഷത്തെ കുത്തക തകർത്താണ് ബയേർ ലെവർകുസൻ ചാമ്പ്യൻപട്ടം ഉറപ്പിച്ചത്. അതുകൊണ്ടു തന്നെ സ്വന്തം ആരാധകരെ തൃപ്തിപ്പെടുത്താൻ ബയേണിന് ഈ വിജയം അനിവാര്യമായിരുന്നു. തോമസ് തുഷേലിന്‍റെ സംഘം 2020നുശേഷം ആദ്യമായാണ് ചാമ്പ്യൻസ് ലീഗ് സെമിയിലെത്തുന്നത്. കിരീട നേട്ടത്തോടെ ക്ലബിന്‍റെ പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.