ചാമ്പ്യൻസ് ലീഗ്: തോറ്റിട്ടും ചെമ്പട ഒന്നാമത്; സിറ്റി പ്ലേഓഫിൽ
text_fieldsലണ്ടൻ: 36 ടീമുകൾ ഒരേസമയം 18 വേദികളിൽ മാറ്റുരച്ച ചാമ്പ്യൻസ് ലീഗ് കലാശക്കൊട്ടിൽ നോക്കൗട്ട് സാധ്യതകൾ തെളിഞ്ഞു. 100 ശതമാനം വിജയമെന്ന റെക്കോഡ് നഷ്ടമായ ലിവർപൂൾ ആദ്യമായി ഒരു കളി തോറ്റെങ്കിലും ഗ്രൂപ്പിൽ ഒന്നാമതായി. പി.എസ്.വി ഐന്തോവനെതിരെ അവരുടെ തട്ടകത്തിൽ രണ്ടുവട്ടം മുന്നിൽ കയറിയശേഷമാണ് 3-2ന് തോൽവി സമ്മതിച്ചത്.
മറ്റൊരു മത്സരത്തിൽ ബാഴ്സലോണയെ അറ്റ്ലാന്‍റ 2-2ന് സമനിലയിൽ ഒതുക്കി. ലമീൻ യമാൽ, റൊണാൾഡ് അരോഹോ എന്നിവരാണ് ബാഴ്സക്കായി ഗോൾ നേടിയത്. എഡേഴ്സൺ, മരിയോ പസലിച് എന്നിവർ അറ്റ്ലാന്‍റക്കായി ഗോൾ നേടി. പോയന്‍റ് പട്ടികയിൽ രണ്ടാമതായാണ് ബാഴ്സ ഗ്രൂപ് ഘട്ടം പൂർത്തിയാക്കിയത്. മറ്റ് മത്സരങ്ങളിൽ ബയേൺ മ്യൂണിച്ച് 3-1ന് സ്ലോവൻ ബ്രാറ്റിസ്ലാവയെയും മാഞ്ചസ്റ്റർ സിറ്റി 3-1ന് ക്ലബ് ബ്രൂഗെയെയും തോൽപിച്ചു. റയൽ മഡ്രിഡ് 3-0ന് ബ്രെസ്റ്റിനെയും പി.എസ്.ജി 4-1ന് സ്റ്റുട്ട്ഗാർട്ടിനെയും ആഴ്സണൽ 2-1ന് ജിറോണയെയും ഇന്‍റർമിലാൻ 3-0ന് മൊണാക്കോയെയും വീഴ്ത്തി. യുവന്‍റസ് ബെനഫിക്കയോട് 2-0ന് തോൽവി വഴങ്ങി. എ.സി മിലാനെ ഡിനാമോ സാഗ്രെബ് 2-1ന് തോൽപിച്ചു.
ലിവർപൂൾ, ബാഴ്സ, ഗണ്ണേഴ്സ്, ഇന്റർ, അറ്റ്ലറ്റികോ മഡ്രിഡ്, ബയേർ ലെവർകൂസൻ, ലിലെ, ആസ്റ്റൺ വില്ല എന്നിവ ആദ്യ എട്ടുസ്ഥാനങ്ങൾ പിടിച്ച് നേരിട്ട് പ്രീക്വാർട്ടർ ഉറപ്പാക്കിയപ്പോൾ അറ്റ്ലാന്റ, ഡോർട്മുണ്ട്, റയൽ മഡ്രിഡ്, ബയേൺ, എ.സി മിലാൻ, പി.എസ്.ജി, സിറ്റി, യുവന്റസ് തുടങ്ങിയവ പ്ലേഓഫിലുമെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.