റയലിന് ലില്ലെ ഷോക്ക്! ചാമ്പ്യന്മാരുടെ അപരാജിത കുതിപ്പ് തടഞ്ഞ് ഫ്രഞ്ച് ക്ലബ്
text_fieldsപാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ചാമ്പ്യന്മാരെ ഞെട്ടിച്ച് ഫ്രഞ്ച് ക്ലബ്. സ്പാനിഷ് കരുത്തരായ റയൽ മഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്വന്തം തട്ടകത്തിൽ ലില്ലെ പരാജയപ്പെടുത്തിയത്. 2023 മേയ് മാസത്തിനുശേഷം ആദ്യമായാണ് ചാമ്പ്യൻസ് ലീഗിൽ റയൽ തോൽവിയറിയുന്നത്.
എല്ലാ ചാമ്പ്യൻഷിപ്പുകളിലുമായി കാർലോ ആഞ്ചലോട്ടിയുടെയും സംഘത്തിന്‍റെയും 36 മത്സരങ്ങളുടെ അപരാജിത കുതിപ്പിനു കൂടിയാണ് അവസാനമായത്. ജനുവരിയിൽ കോപ്പ ഡെൽ റേയിൽ ചിരവൈരികളായ അത്ലറ്റികോ മഡ്രിഡിനോടാണ് അവസാനമായി ടീം തോറ്റത്. ലില്ലെക്കായി സ്ട്രൈക്കർ ജൊനാഥൻ ഡേവിഡ് പെനാൽറ്റിയിലൂടെയാണ് ലക്ഷ്യം കണ്ടത്. മത്സരത്തിലുടനീളം പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ആധിപത്യം പുലർത്തിയ റയലിന് അവസരങ്ങൾ ഗോളാക്കി മാറ്റാനായില്ല. വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും എംബാപ്പെയും ലക്ഷ്യം കാണുന്നതിൽ പരാജയപ്പെട്ടു. 2022 ഒക്‌ടോബറിനുശേഷം ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ റയലിന്‍റെ ആദ്യ തോൽവിയാണിത്.
ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ (45+2) ലില്ലെ താരം എഡോൺ സെഗ്രോവയുടെ ബോക്സിനു തൊട്ടുവെളിയിൽനിന്നുള്ള ഫ്രീകിക്ക് റയൽ മിഡ്ഫീൽഡർ എഡ്വാർഡോ കാമവിംഗ കൈകൊണ്ട് തട്ടിയതിനാണ് റഫറി വാർ പരിശോധനയിലൂടെ പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത ജൊനാഥൻ പന്ത് അനായാസം ലക്ഷ്യത്തിലെത്തിച്ചു. ആദ്യ മത്സരത്തിൽ സ്പോർട്ടിങ്ങിനോട് 2-0ത്തിന് പരാജയപ്പെട്ട ലില്ലെക്ക് റയലിനെതിരായ വിജയം വലിയ ആത്മവിശ്വാസമാകും. സൂപ്പർതാരം കിലിയൻ എംബാപ്പെ പകരക്കാരനായി കളത്തിലിറങ്ങിയിട്ടും റയലിന് സമനില ഗോൾ കണ്ടെത്താനായില്ല. ആദ്യ മത്സരത്തിൽ റയൽ ജർമൻ ക്ലബ് സ്റ്റുഗാർട്ടിനെ 3-1ന് പരജായപ്പെടുത്തിയിരുന്നു.
റയലിനായി ബ്രസീലിന്‍റെ യുവതാരം എൻഡ്രിക്ക് പ്ലെയിങ് ഇലവനിൽ കളിക്കാനിറങ്ങി. ചാമ്പ്യൻസ് ലീഗിൽ റയലിനായി സ്റ്റാർട്ടിങ് ലൈനപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി എൻഡ്രിക്. 18 വയസ്സും 73 ദിവസവും. എന്നാൽ, താരത്തിന് കാര്യമായ ചലനമുണ്ടാക്കാനായില്ല. ഇംഗ്ലണ്ട് മിഡ്ഫീൽഡർ ജൂഡ് ബെല്ലിങ്ഹാമും പരാജയപ്പെട്ടു. മത്സരത്തിന്‍റെ അവസാന മിനിറ്റിൽ അന്‍റോണിയോ റൂഡിഗറിന്‍റെ ഗോളെന്നുറപ്പിച്ച ഹെഡ്ഡർ ലില്ലെ ഗോൾ കീപ്പർ ലൂകാസ് ഷെവലിയർ തട്ടിയകയറ്റി. സമനില ഗോളിനായി റയൽ കിണഞ്ഞു ശ്രമിച്ചെങ്കിലും ലില്ലെ പ്രതിരോധം മറികടക്കാനായില്ല.
നേരത്തെ, ലില്ലെ താരം ഡേവിഡിന്‍റെ ഗോളിലേക്കുള്ള ശ്രമങ്ങൾ റയൽ ഗോളി ആൻഡ്രി ലുനിൻ രക്ഷപ്പെടുത്തിയിരുന്നു. റയലിന് അടുത്ത മത്സരത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടാണ് എതിരാളികൾ. ലില്ലെ സ്പാനിഷ് ക്ലബ് അത്ലറ്റികോ മഡ്രിഡുമായി ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.