അടിച്ചും അടിപ്പിച്ചും സലാഹ്; ബൊലോഗ്‌നയെ വീഴ്ത്തി ചെമ്പട
text_fieldsലണ്ടൻ: സ്വന്തം തട്ടകമായ ആൻഫീൽഡിൽ ആദ്യ ചാമ്പ്യൻസ് ലീഗ് പോരാട്ടം അവിസ്മരണീയമാക്കി ലിവർപൂൾ പരിശീലകൻ ആർനെ സ്ലോട്ട്. ഇറ്റാലിയൻ ക്ലബ് ബൊലോഗ്‌ന എഫ്.സിയെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചെമ്പട വീഴ്ത്തിയത്. സ്ലോട്ടിനു കീഴിൽ ഒമ്പത് മത്സരങ്ങളിൽ ലിവർപൂളിന്റെ എട്ടാം ജയമാണിത്.
ക്ലബിന്‍റെ ചരിത്രത്തിൽ പരിശീലകനായി ചുമതലയേറ്റെടുത്തശേഷം ആദ്യത്തെ ഒമ്പതു മത്സരങ്ങളിൽ എട്ടെണ്ണവും ജയിക്കുന്ന ആദ്യ പരിശീലകനെന്ന അപൂർവ നേട്ടം ആർനെ സ്ലോട്ട് സ്വന്തമാക്കി. സൂപ്പർതാരം മുഹമ്മദ് സലാഹ് ഒരു ഗോൾ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്തു. അലക്സിസ് മക് അലിസ്റ്ററും ടീമിനായി വലകലുക്കി. വാശിയേറിയ പോരാട്ടത്തിൽ പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ഒപ്പത്തിനൊപ്പമായിരുന്നു ഇരു ടീമുകളും. 11ാം മിനിറ്റിൽ മക് അലിസ്റ്ററാണ് ചെമ്പടയെ മുന്നിലെത്തിച്ചത്. ഗോളിന് വഴിയൊരുക്കിയത് സലാഹും.
ഡാർവിൻ നൂനെസിന്‍റെ പാസ് സ്വീകരിച്ച സലാഹ് ബോക്‌സിനുള്ളിലേക്ക് നൽകിയ ക്രോസാണ് മക് അലിസ്റ്റൽ ലക്ഷ്യത്തിലെത്തിച്ചത്. 75ാം മിനിറ്റിൽ സലാഹ് ലീഡ് വർധിപ്പിച്ചു. ഡൊമിനിക് സോബോസ്‌ലായിയുടെ പാസിൽനിന്നാണ് താരം വലകുലുക്കിയത്. സലാഹിന്‍റെ 49ാം ചാമ്പ്യൻസ് ലീഗ് ഗോളാണിത്. ആൻഫീൽഡിൽ തുടർച്ചയായ അഞ്ചു ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും ഗോൾ നേടുന്ന ആദ്യ ലിവർപൂൾ താരമെന്ന റെക്കോഡ് സലാഹ് സ്വന്തമാക്കി.
ചാമ്പ്യൻസ് ലീഗ് ഒപ്പണിങ് മത്സരത്തിൽ ഇറ്റാലിയൻ വമ്പന്മാരായ എ.സി മിലാനെ പരാജയപ്പെടുത്തിയിരുന്നു. മറ്റൊരു മത്സരത്തിൽ യുവന്‍റസ് 3-2ന് ആർ.ബി ലെപ്ഷിസിനെ പരാജയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.