വിവാദ പെനാൽറ്റി ഗോളിൽ സമനില പിടിച്ച് പി.എസ്.ജി; ന്യൂകാസിലിന് നഷ്ടമായത് ‘അർഹിച്ച വിജയം’
text_fieldsയുവേഫ ചാമ്പ്യൻസ് ലീഗിൽ വിവാദ പെനാൽറ്റി ഗോളിന്‍റെ ബലത്തിൽ സമനില കൊണ്ട് രക്ഷപ്പെട്ട് ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി. ന്യൂകാസിൽ യുനൈറ്റഡാണ് പാരിസ് ക്ലബിനെ അവരുടെ തട്ടകത്തിൽ സമനിലയിൽ തളച്ചത്.
രണ്ടാം പകുതിയുടെ ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ പി.എസ്.ജിക്ക് അനുകൂലമായി ലഭിച്ച വിവാദ പെനാൽറ്റിയാണ് ഇംഗ്ലീഷ് ക്ലബിന് അർഹിച്ച വിജയം നഷ്ടപ്പെടുത്തിയത്. മത്സരത്തിന്‍റെ 24ാം മിനിറ്റിൽ സ്വീഡിഷ് താരം അലക്സാണ്ടർ ഐസക്കിലൂടെ സന്ദർശകരാണ് മത്സരത്തിൽ ലീഡെടുത്തത്. ന്യൂകാസിൽ താരം മിഗുവൽ അൽമിറോണിന്‍റെ ഷോട്ട് പി.എസ്.ജി ഗോൾ കീപ്പർ തട്ടിയകയറ്റിയെങ്കിലും പന്ത് വന്നുവീണത് ഗോൾമുഖത്തുണ്ടായിരുന്ന ഐസക്കിന്‍റെ മുന്നിലാണ്. താരം അതിവേഗം റീബൗഡ് പന്ത് വലയിലാക്കി.
രണ്ടാം പകുതിയിലും തകർപ്പൻ പ്രകടനവുമായി കളംനിറഞ്ഞ ന്യൂകാസിൽ വിലപ്പെട്ട മൂന്നു പോയന്‍റ് നേടി ഗ്രൂപ്പ് എഫിൽ രണ്ടാം സ്ഥാനത്തെത്തുമെന്ന് ആരാധകർ ഉറപ്പിച്ചു. സമനില ഗോളിനായി പി.എസ്.ജി താരങ്ങൾ നടത്തിയ നീക്കങ്ങളെല്ലാം ന്യൂകാസിൽ തട്ടിയകറ്റി. എന്നാൽ, ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിലാണ് (90+8) പി.എസ്.ജിക്ക് അനുകൂലമായി റഫറി വിവാദ പെനാൽറ്റി വിധിക്കുന്നത്. ബോക്സിനുള്ളിൽനിന്ന് ഉസ്മാൻ ഡെംബലെ നൽകിയ ക്രോസ് ന്യൂകാസിൽ താരം ടിനോ ലിവ്രമെന്റോയുടെ നെഞ്ചിൽ തട്ടി അപ്രതീക്ഷിതമായി കൈമുട്ടിലേക്കാണ് വീണത്.
പിന്നാലെ കളി തുടർന്നെങ്കിലും പി.എസ്.ജി താരങ്ങൾ പെനാൽറ്റിക്കായി റഫറിയുമായി വാദിച്ചു. ഒടുവിൽ വാർ പരിശോധനയിൽ റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത സൂപ്പർതാരം കിലിയൻ എംബാപ്പെ പന്ത് ലക്ഷ്യത്തിലെത്തിച്ചു. പെനാൽറ്റി നൽകിയ റഫറിയുടെ തീരുമാനം വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ജയത്തോടെ പി.എസ്.ജി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തു തന്നെയാണ്. അഞ്ചു മത്സരങ്ങളിൽനിന്ന് ഏഴു പോയന്‍റ്. മൂന്നാമതുള്ള ന്യൂകാസിലിന് അഞ്ചു പോയന്‍റും. 10 പോയന്‍റുമായി ബൊറൂസിയ ഡോർട്ടുമുണ്ടാണ് ഒന്നാമത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഡോർട്ടുമുണ്ടാണ് പി.എസ്.ജിയുടെ എതിരാളികൾ.
ന്യൂകാസിൽ അവസാന മത്സരത്തിൽ എ.സി മിലാനെ തോൽപിക്കുകയും പി.എസ്.ജി പരാജയപ്പെടുകയും ചെയ്താൽ ഇംഗ്ലീഷ് ക്ലബിന് നോക്കൗട്ടിലെത്താനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.